Home Editorialസിയയെ ചേർത്ത് പിടിച്ച ഉത്തരവ് പുതുയുഗത്തിനുള്ള സന്ദേശമാണ്

സിയയെ ചേർത്ത് പിടിച്ച ഉത്തരവ് പുതുയുഗത്തിനുള്ള സന്ദേശമാണ്

by news_desk1
0 comments

അഞ്ചു ദിനരാത്രങ്ങൾ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ കേരളത്തിന്റെ കലാകൗമാരം നിറഞ്ഞോടി. സ്വർണ്ണ കപ്പിൽ ആര് മുത്തമിടും എന്നറിയാനുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് ഇനി ഏതാനും മണിക്കൂറുകളുടെ മാത്രം ആയുസ്സ് അവശേഷിക്കുന്നുള്ളൂ. ഇന്ന് 64-ആമത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് തേക്കിൻകാട് മൈതാനത്ത് തിരശ്ശീല വീഴും.
കലയും കലാകാരന്മാരും സിരകളിൽ ഒഴുകുന്ന രക്തം പോലെ ശുദ്ധമായി നിൽക്കുന്ന തൃശൂരിന്റെ മണ്ണിൽ കൗമാര കലാമേള അവസാനിക്കുമ്പോൾ ഇന്നോളം ഉള്ള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ഒരു നാഴിക കല്ല് കൂടി തീർത്തതാണ് പരിസമാപ്തിയാകുന്നത്. വേർതിരിവുകൾ ഇല്ലാതെ വൈരാഗ്യങ്ങൾ ഇല്ലാതെ മനുഷ്യമനസ്സിനെ ഒന്നായി നിർത്തുന്ന  സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാലമാണ് കല.

ആ പാരമ്പര്യത്തെ വിശേഷണത്തെ ശക്തമാക്കുന്ന ധീരവും മാതൃകാപരവുമായ നടപടിയാണ് കേരള സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഭാഗത്തുനിന്ന് കലോത്സവ വേദിയിൽ ഇന്നലെ ഉണ്ടായത്. കാസർകോട് വി.കെ.പി.കെ.എച്ച്.എം.എം ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ  സിയാ ഫാത്തിമ വാസ്കുലൈറ്റിസ് എന്നാ അപൂർവ്വമായ രോഗം ബാധിച്ച് സംസ്ഥാനത്തിൽ   അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിലേക്ക്  എത്താൻ കഴിയാത്ത വിധം കാസർകോട് പടന്നയിലെ വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു. യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയാണെന്നുള്ള ഡോക്ടറുടെ നിർദ്ദേശ മടക്കമുള്ള   തൻറെ ആരോഗ്യപരമായ ബുദ്ധിമുട്ട് കാണിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷകർ നൽകിയിരുന്നു ഒപ്പം സിയായ്ക്ക്പിന്തുണ നൽകിക്കൊണ്ട് സ്കൂൾ അധികൃതരും സർക്കാരിനെ ബന്ധപ്പെട്ടിരുന്നു.

രോഗത്തിന്റെ വേദനകൾക്കിടയിലും  കലയോടുള്ള സിയാ ഫാത്തിമയുടെ അഭിനിവേശത്തെ അങ്ങേയറ്റമുള്ള താല്പര്യത്തെ വിശാല മനസോടെ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും  നോക്കി കണ്ടപ്പോൾ നിയമത്തിന്റെ കുരുക്ക് മനുഷ്യത്വത്തിന്റെ താക്കോലുകൊണ്ട്  അഴിക്കപ്പെട്ടു .സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെ മത്സരാർത്ഥത്തിൽ മത്സരത്തിൽ പങ്കെടുത്തു.അറബിക് പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക തീരുമാന ഉത്തരവ് പ്രകാരം ഫാത്തിമ കാസർഗോഡ് പടന്നയിലെ വീട്ടിൽനിന്ന് ആവശ്യമായ നിയമപരവും സാങ്കേതികപരവുമായ പിന്തുണയുടെയും മുന്നൊരുക്കങ്ങളുടെയും അടിസ്ഥാനത്തിൽ ഓൺലൈനായി പങ്കെടുത്തു കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈനായി തന്നെ വിധികർത്താക്കൾ മത്സരം വിലയിരുത്തി. സിയാ ഫാത്തിമയ്ക്ക് എ ഗ്രേഡ് നൽകി. സിയാ കരസ്ഥമാക്കിയ എ ഗ്രേഡിന് സ്വർണ്ണ കപ്പിനേക്കാൾ തിളക്കമുണ്ട്. അത്യപൂർവ്വമായ ചരിത്രം കൂടി എഴുതി ചേർത്താണ് സിയ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുന്നത്.

വേദനയുടെയും പ്രതിസന്ധിയുടെയും  മുന്നിൽ തളരാത്ത ആത്മവിശ്വാസത്തോടെ അവസരത്തിനായി തികഞ്ഞ ആഗ്രഹത്തോടെ നിരന്തരമായി പോരാടി നേടിയ വിജയത്തിന് ലഭിച്ച ഇരട്ടിമധുരമാണ് എ ഗ്രേഡും ചരിത്രത്തിലെ റെക്കോർഡും.  സിയായുടെ സങ്കടത്തിനു മുന്നിൽ നിയമം വഴി മാറി കൊടുക്കാൻ നേതൃത്വം നൽകിയ വിദ്യാഭ്യാസ വകുപ്പിന്റെയും അതിൻറെ മന്ത്രി എന്ന നിലയിൽ വി  ശിവൻകുട്ടിയുടെയും നിലപാടിനെ ഈ ഘട്ടത്തിൽ മുക്തകണ്ഠം പ്രശംസിക്കുന്നു. പൊതുപ്രവർത്തകർ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് വിധേയമാകുന്ന വർത്തമാന കാലഘട്ടത്തിൽ നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും ഉറവ ഇപ്പോഴും വറ്റാതെ കാത്തുസൂക്ഷിക്കുന്നവർ അധികാര ശ്രേണിയിൽ ഉണ്ടെന്നുള്ളത് ജനങ്ങൾക്ക് നൽകുന്ന  വിശ്വാസവും പ്രതീക്ഷയും സമാനതകളില്ലാത്തതാണ്. സിയക്കായി  സർക്കാർ തുറന്ന വഴിയിലൂടെ ഇനിയും ഒരുപാട് കലാകാരന്മാരും കലാകാരികളും നടന്നു വരും അവിടെ കലയുടെയും മാനവികതയുടെയും പുതിയ യുഗം പിറക്കും. വർത്തമാനകാല പ്രതിബന്ധങ്ങളെ ആത്മധൈര്യത്തോടെ നിന്ന് പൊരുതാൻ ഈ നാട് വീണ്ടും വീണ്ടും ഇത്തരം  ഹൃദയപൂർവ്വമായ  തീരുമാനങ്ങളിലൂടെ കരുതാർജിക്കുന്നത് കാണുന്നത് തന്നെ  വലിയ സന്തോഷവും അഭിമാനവുമാണ് പകരുന്നത്. ഒന്നും ഒന്നിനും തടസ്സമാവില്ല.

അതിവിടെ തെളിയിക്കപ്പെട്ടിരിക്കുന്നു.പോരാടാൻ മനസ്സുള്ളവർക്കൊപ്പം  ഈ നാട് മുഴുവനായിട്ടുണ്ട്. വരും തലമുറയ്ക്കും ഭരണാധികാരികൾക്കും പ്രചോദനകരവും മാതൃകാപരവുമായ നടപടികൾ കലോത്സവ ചരിത്രത്തിൽ എഴുതി ചേർത്ത സംസ്ഥാന സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ഒരിക്കൽ കൂടി അഭിവാദ്യം ചെയ്യുന്നു. സിയയുടെ ആഗ്രഹ പൂർത്തീകരണത്തിലൂടെ കലയുടെ ഉത്സവം നന്മയുടെ വസന്തോത്സവമായി മാറി. കലയും മനുഷ്വത്വവും രണ്ടല്ല ഒന്നാണെന്ന് തെളിയിക്കപ്പെട്ട നിമിഷങ്ങളെ അതിനായി ഉയർന്ന കൈകളെ ചേർത്ത് പിടിക്കുന്നു.
സിയയ്ക്ക് അഭിനന്ദനങ്ങൾ…

You may also like