ജനാധിപത്യ വ്യവസ്ഥതയിൽ അധികാരത്തിലേറിയ സർക്കാരുകളെ ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് സമ്മർദ്ദത്തിൽ ആക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ നടത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ അധികമായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവർണർമാരെ ഒഴിച്ച് നിർത്തിയാൽ എല്ലാ ഗവർണർമാരും മേൽപ്പറഞ്ഞ നയം പിന്തുടരുന്നവരാണ്. അത് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിട്ടുള്ള ഇരകളായിട്ടുള്ള സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. തുടർച്ചയായി സംസ്ഥാനത്തിന്റെ ഗവർണർ പദവിയിൽ എത്തുന്ന വ്യക്തികൾ, ഭരണത്തിൽ ഇരിക്കുന്ന സർക്കാരിനെ ഏതെല്ലാം തരത്തിൽ പ്രതിസന്ധിയിൽ ആക്കാൻ സാധിക്കുമോ എന്നതിൽ ഗവേഷണം നടത്തുന്നവരാണ്. ഇരിക്കുന്ന പദവിയുടെ അന്തസിനും ചെയ്തു തീർക്കേണ്ട ഉത്തരവാദിത്തങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും നേർ വിപരീതമായിട്ടാണ് ഇവരെല്ലാം ഇന്നാൾ വരെ ഗവർണർമാരായി പ്രവർത്തിച്ചിട്ടുള്ളതും ഇപ്പോൾ പ്രവർത്തിക്കുന്നതും.
ചരിത്രത്തിൽ ആദ്യമായി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഗവർണർമാരുടെ അമിതാധികാരം പ്രയോഗങ്ങൾ കൊണ്ട് സംസ്ഥാനങ്ങളിൽ ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ സർക്കാരുകൾക്ക് സുപ്രീംകോടതിയെ തന്നെ സമീപിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായി. ഗവർണർമാരുടെ അധികാരങ്ങളെ സംബന്ധിച്ച് സുപ്രീംകോടതിക്ക് തന്നെ പലഘട്ടങ്ങളിലും കടുത്ത ഭാഷയിൽ നിലപാടുകൾ പരസ്യമാക്കേണ്ടി വന്നു. ഏറ്റവും ഒടുവിലായി പക്ഷേ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിധിപ്രസ്താവത്തിൽ ഗവർണർമാരുടെ അധികാരങ്ങളിൽ കാലപരിധി നിശ്ചയിക്കാൻ ആകില്ലെന്നുള്ള കോടതി പരാമർശം സത്യത്തിൽ കേരള ഗവർണർ രാജേന്ദ്ര അർലോകർക്കും തമിഴ്നാട് ഗവർണർ ആർ.എൻ രവിക്കും തങ്ങളുടെ അധികാര ദുഷ്പ്രയോഗങ്ങൾക്കുള്ള ആയുധമായി മാറി.
ഇന്ത്യൻ ഭരണഘടനയുടെ 176 അനുച്ഛേദപ്രകാരം ഒരു വർഷത്തിന്റെ ആരംഭത്തിൽ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ആദ്യദിവസം അതത് സർക്കാരുകളുടെ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കാൻ ഗവർണർ നിയമസഭയിൽ എത്തണം. മന്ത്രിസഭയും സർക്കാരും എഴുതി തയ്യാറാക്കി അംഗീകരിച്ചിട്ടുള്ള പ്രസംഗത്തിലെ ഓരോ വാക്കുകളും അണുവിട തെറ്റാതെ വായിക്കാനുള്ള ഉത്തരവാദിത്തമാണ് ഗവർണർക്ക് ഉള്ളത്. എന്നാലും ഇന്നലെ പതിനാറാം കേരള നിയമസഭയുടെ അവസാന സമ്മേളനം തുടങ്ങിയ ദിവസം ഗവർണർ രാജേന്ദ്ര ആർലേക്കർ മന്ത്രിസഭ അംഗീകരിച്ച നയ പ്രഖ്യാപന പ്രസംഗത്തിൽ നിന്ന് കേന്ദ്രസർക്കാരിനെതിരെയുള്ള സംസ്ഥാനത്തിന്റെ വിമർശനങ്ങൾ. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിലെ പ്രതിഷേധം എന്നിവ ഉൾക്കൊണ്ടിട്ടുള്ള ഭാഗങ്ങൾ ഒഴിവാക്കുകയും വ്യക്തിപരമായ താല്പര്യത്തിന് അനുസരിച്ച് ചില ഭാഗങ്ങൾ സ്വയം വായിക്കുകയും ചെയ്തു. ഭരണഘടനയുടെ അന്തസത്തയ്ക്കും സഭയുടെ കീഴ്വഴക്കങ്ങൾക്കും എതിരായാണ് സംസ്ഥാനത്തിന്റെ പ്രഥമ പൗരനായ ഗവർണർ പ്രവർത്തിച്ചത്.
കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി ജനാധിപത്യം പുലരേണ്ട നിയമസഭയിൽ സുപ്രധാനമായ നയപ്രഖ്യാപന പ്രസംഗ വേദി ഗവർണർ രാഷ്ട്രീയം പറയാനുള്ള ഇടമാക്കി മാറ്റി. ഗവർണർ ഭരണഘടനയുടെ നാഥനും കാവലാളുമാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ജിഹ്വയല്ലെന്ന ബോധ്യം തിരിച്ചറിവ് ഇനിയും നിങ്ങൾക്കുണ്ടായില്ലെങ്കിൽ മിസ്റ്റർ ഗവർണർ ജനാധിപത്യ സർക്കാരുകളുടെ കരുത്ത് വൈകാതെ തന്നെ തിരിച്ചറിയും. മുൻപ് ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയിലാണ് സർക്കാരുകളോടും സംസ്ഥാനത്തോടും പല ഘട്ടങ്ങളിലും പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളത്. സർവകലാശാലകളിൽ മാന്യമായ ക്യാമ്പസ് രാഷ്ട്രീയത്തിന് പകരം വർഗീയവും തീവ്രവാദപരവുമായ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ അവസരമൊരുക്കുകയും സർക്കാർ പരിപാടികളിൽ ഭാരതാംബയുടെ ചിത്രം വച്ച് ആരാധന നടത്തണമെന്ന് നിർബന്ധം പിടിച്ച് അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച രാജ്യത്തിനു മുന്നിൽ കേരളത്തിന്റെ സൽ പേരിന് കളങ്കം ചാർത്താൻ കൃത്യമായ അജണ്ടയോടെയാണ് ഗവർണർ ആർലേർക്കറും മുൻ ഗവർണർ ആരിഫ് ഖാനും പ്രവർത്തിച്ചത്.
ഇരുവരുടെയും നേർപതിപ്പായാണ് തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ രവി സംസാരിക്കുന്നത്. കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി ഉന്നയിക്കുമ്പോൾ നിയമസഭയിൽ നിന്ന് ഇറങ്ങി പോവുക. സർക്കാരും നിയമസഭയും പാസാക്കിയ ബില്ലുകൾ യാതൊരു കാരണവുമില്ലാതെ തടഞ്ഞു വയ്ക്കുക എന്നിങ്ങനെ തീർത്തും നിരുത്തരവാദപരമായി ഗവർണർ നിലകൊള്ളുന്ന സ്ഥിതി അവിടെയുമുണ്ട്. ഇന്നലെ തമിഴ്നാട് നിയമസഭയിലും നയപ്രഖ്യാപനം വേദിയിൽ പ്രസംഗം അവതരിപ്പിക്കാതെ ദേശീയ ഗാനത്തിനു പോലും കാത്തുനിൽക്കാതെയാണ് ആർ.എൻ രവി മടങ്ങിയത്. ഗവർണർക്കെതിരെ അതിരൂഷമായ വിമർശനങ്ങളാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സഭയിൽ നടത്തിയത്. സർക്കാരിന് പിന്തുണയും നിർദ്ദേശങ്ങളും നൽകി ജനങ്ങളുടെ താൽപര്യങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണ് ഗവർണർമാരിൽ നിന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾക്ക് നേരിടേണ്ടിവരുന്നത്.
ചരിത്രത്തിൽ അപൂർവ്വം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മന്ത്രിസഭ അംഗീകരിച്ച് ഗവർണർ ഒഴിവാക്കിയതും കൂട്ടിച്ചേർത്തു വായിച്ചതും ആയിട്ടുള്ള ഭാഗങ്ങളിലെ യഥാർത്ഥ വസ്തുതകൾ നയപ്രഖ്യാപന പ്രസംഗത്തിന്റെ ശരിയായ ഭാഗം എന്ന നിലയിൽ സഭാ നേതാവ് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പുനരവതരിപ്പിക്കുകയുണ്ടായി. സഭയോടും ജനാധിപത്യത്തോടും ഉള്ള ഗവർണറുടെ വെല്ലുവിളിയിൽ രൂക്ഷമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. തമിഴ്നാട് നിയമസഭാ മറ്റൊരു പ്രഖ്യാപനത്തിനു കൂടി വേദിയായി. ഇനിമുതൽ ഗവർണറുടെ നേതൃത്വത്തിൽ പ്രസംഗം സഭാതലത്തിൽ വേണ്ട എന്ന് നിയമനിർമ്മാണത്തിന് പ്രതിപക്ഷ സർക്കാരുകളുടെ പിന്തുണയോടെ പാർലമെൻറിൽ ഡി.എം.കെ എംപിമാർ നിയമനിർമാണത്തിന് മുൻകൈയെടുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരെ അധികാരത്തിന്റെ വാൾമുന ഉപയോഗിക്കുന്ന വിരുദ്ധ ചേരിക്കെതിരെ തമിഴ്നാട് കേരള മുഖ്യമന്ത്രിമാർ സ്വീകരിക്കുന്ന കരുത്തുറ്റ നിലപാടിന് ജനാധിപത്യ സമൂഹം സമ്പൂർണമായ പിന്തുണ പ്രഖ്യാപിക്കേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്. ജനങ്ങളുടെ വികാരങ്ങളെയും വിചാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന അവരുടെ അഭിലാഷങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന സർക്കാരുകളുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഗവർണർ രാജിനെതിരെ പോരാട്ടം ശക്തമാക്കണം.

