Home Editorialറിപ്പബ്ലിക് ദിനം, ഉത്തരവാദിത്വത്തിന്റെ ദിനം

റിപ്പബ്ലിക് ദിനം, ഉത്തരവാദിത്വത്തിന്റെ ദിനം

by news_desk1
0 comments

1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായി എല്ലാവർഷവും ഭാരതീയർ ആഘോഷിക്കുന്ന റിപ്പബ്ലിക്ക് സ്മരണ 77ാം വർഷത്തിലേക്ക് കടക്കുകയാണ്. അധികാരം ഭരണാധികാരികളിൽ നിന്ന് പൗരന്മാരിലേക്കു മാറിയ ചരിത്ര നിമിഷം. റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ദിനം മാത്രമല്ല; ഉത്തരവാദിത്വത്തിന്റെ ദിനം കൂടിയാണ്. എന്നാൽ ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ചില ചോദ്യങ്ങൾ കൂടി നാം ആത്മപരിശോധനക്ക് വിധേയമാക്കണം. ഭരണഘടന നൽകുന്ന അവകാശങ്ങളും വർത്തമാന ഭരണ യാഥാർഥ്യവും തമ്മിലുള്ള അകലം കുറയുന്നുണ്ടോ, കൂടുകയാണോ?. ഭരണഘടന പൗരന്മാർക്ക് അവകാശങ്ങൾ നൽകിയതുപോലെ തന്നെ, ഭരണകൂടത്തിനും ഭരണഘടനയോടുള്ള ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുണ്ട്. ആ ഉത്തരവാദിത്വം നിർവഹിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് ഓരോ റിപ്പബ്ലിക് ദിനവും ഇന്ത്യയോട് ഉയർത്തുന്നത്. അധികാരം ഉപയോഗിക്കപ്പെടുന്നിടത്തൊക്കെയും ഭരണഘടനയുടെ ആത്മാവ് നിലനിൽക്കുന്നുണ്ടോ, പൗരന്റെ ശബ്ദം കേൾക്കപ്പെടുന്നുണ്ടോ എന്ന ആത്മപരിശോധന കൂടിയാകണം ഈ ദിനം.

ഗാന്ധിജിയും നെഹ്റുവും പട്ടേലുമടക്കമുള്ള സമുന്നത സ്വാതന്ത്ര്യ സമര സേനാനികളുടെ നേതൃത്വത്തിൽ നടന്ന ഉജ്ജ്വലമായ സമര ചരിത്രത്തിൻ്റെ ഭാഗമായാണ് നമ്മുടെ ഭരണഘടനയും റിപ്പബ്ലിക് ദിനവും അടയാളപ്പെട്ട് കിടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും മതേതരത്വവും വലിയ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്വാതന്ത്ര്യസമര സേനാനികളുടെയും തുടർന്ന് രാജ്യത്തെ അര നൂറ്റാണ്ടിലേറെ കാലം നയിച്ച ഭരണനേതൃത്വങ്ങൾ പിന്തുടർന്ന് പ്രത്യയശാസ്ത്ര സിദ്ധാന്തങ്ങളും മുറുകെപ്പിടിച്ച് പ്രവർത്തിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. ആ പോരാളികൾക്കുള്ള സ്മരണാഞ്ജലികൾ കൂടിയാണ് ഓരോ റിപ്പബ്ലിക് ദിനവും. ദൗർഭാഗ്യവശാൽ അതിൽ നിന്നെല്ലാം നേർ വിപരീതമായിട്ടുള്ള സ്ഥിതിവിശേഷമാണ് ഇപ്പോൾ വർത്തമാനകാല ഇന്ത്യയിൽ നിലനിൽക്കുന്നത്. ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും പേരിൽ നിരന്തരമായ വേട്ടയാടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ജനാധിപത്യം ഇന്ന് തെരഞ്ഞെടുപ്പിലേക്കു മാത്രം ചുരുങ്ങുന്ന കാലമാണിത്. അഭിപ്രായസ്വാതന്ത്ര്യത്തിനും പ്രതിഷേധത്തിനും ഇടം ചുരുങ്ങുന്നു എന്ന ആശങ്ക ശക്തമാകുന്നു. മതനിരപേക്ഷത, സാമൂഹ്യനീതി, സമത്വം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ രാഷ്ട്രീയ സൗകര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയും നാം കാണുന്നു. വൈവിധ്യങ്ങളാൽ സമ്പന്നമായ ഈ നാടിൻറെ കരുത്തും ആത്മവിശ്വാസവുമായി എല്ലാവരും ഒരുപോലെ ആഘോഷിച്ചിരുന്ന ഉത്സവങ്ങളും ദിനാഘോഷങ്ങളുമെല്ലാം രാഷ്ട്രീയ താൽപര്യത്തിന്റെ പുറത്ത് അട്ടിമറിക്കാനുള്ള തീവ്രമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പൗരന്റെ ജന്മാവകാശമായ വോട്ടിംഗ് സംവിധാനത്തെ പോലും അധികാരത്തിന്റെ ബലത്തിൽ അട്ടിമറിക്കാൻ ഭരണകൂടങ്ങൾ നിരന്തരം ശ്രമിക്കുന്ന കാഴ്ചകൾക്കും ഇന്ത്യൻ ജനത നിസ്സഹായതയോടെ സാക്ഷ്യം വഹിക്കുകയാണ്. റിപ്പബ്ലിക് ദിന പരേഡുകളിൽ ശക്തി പ്രദർശിപ്പിക്കപ്പെടുമ്പോൾ, പൊതുസമൂഹത്തിൽ ദുർബലരുടെ ശബ്ദം എത്രമാത്രം കേൾക്കപ്പെടുന്നു എന്നതാണ് യഥാർത്ഥ പരീക്ഷണം. ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് പുസ്തകങ്ങളിലല്ല, ഭരണത്തിലും നയങ്ങളിലും നീതിപീഠങ്ങളിലും പൊതുജീവിതത്തിലും ആണെന്ന് ഓർമിപ്പിക്കേണ്ട ദിനം കൂടിയാണ് ഇത്. ധീരമായ നിലപാടുകൾ കൊണ്ട് ഇന്നലെകളുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഇന്ത്യയുടെ വിദേശത്തിൽ ഗുരുതരമായ വിള്ളലാണ് വീണിരിക്കുന്നത്.

ദുർബലമായ ശബ്ദമായി ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ സമീപകാലത്ത് നടന്ന പല സംഭവങ്ങളിലും ഉള്ള ഭാരതത്തിൻ്റെ നിലപാടുകൾ മാറി. രാജ്യത്തിൻ്റെ ആത്മാവായി വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനയെ സകല രീതിയിലും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉന്നതരായ വ്യക്തികളുടെ നേതൃത്വത്തിൽ തന്നെ നടന്നുകൊണ്ടിരിക്കുന്നത്. ആ പ്രതിസന്ധികളെ നേരിടാൻ ഇന്ത്യക്ക് ആയുധമേയുള്ളൂ ഭരണഘടന തന്നെ. നീതി,സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ ആശയങ്ങൾ നാം മുറുകെ പിടിക്കണം. അത് വർഗീയ തീവ്രവാദ വിഘടന പ്രസ്ഥാനങ്ങൾക്ക് അടിയറവ് വയ്ക്കുകയില്ല എന്നുകൂടി നാം ഈ അവസരത്തിൽ ദൃഢപ്രതിജ്ഞയെടുക്കണം. റിപ്പബ്ലിക് ദിനം ആഘോഷം മാത്രമാകരുത്; അത് ആത്മപരിശോധനയായിരിക്കണം. പൗരൻ ഭരണഘടനയെ സ്മരിക്കുന്നതിലപ്പുറം, ഭരണകൂടം ഭരണഘടനയ്ക്ക് മുന്നിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ദിനമായി റിപ്പബ്ലിക് ദിനം മാറുമ്പോഴേ ഇന്ത്യ യഥാർഥ റിപ്പബ്ലിക്കാകൂ. വന്ദേമാതരത്തിന്റെ 150ാം വാർഷികം കൂടി ആഘോഷിക്കപ്പെടുന്ന വേളയിലാണ് 77ാമത് റിപ്പബ്ലിക് ദിനമെന്നതും ഏറെ പ്രസക്തം.

You may also like