നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഏതാനും മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ചാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയൻ സർക്കാർ തെരഞ്ഞെടുപ്പ് കാലത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെ സമ്പൂർണ്ണമായ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ഭരണത്തുടർച്ച നേടിയതിനു ശേഷം മറ്റൊരു ജനാധിപത്യത്തിന്റെ പോരാട്ട ഭൂമിയിലേക്ക് നീങ്ങുന്നതിനുമുൻപ് സർക്കാരിന്റെ ഭാഗത്തുനിന്ന് ജനങ്ങളോട് പറയാനും ജനങ്ങൾക്കുവേണ്ടി അവതരിപ്പിക്കാനും ഇടതുപക്ഷത്തിന്റെയും പിണറായി സർക്കാരിന്റെയും നയരേഖ തന്നെയാണ് ഇന്നലെ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. ധനമന്ത്രിയെന്ന നിലയിൽ ബാലഗോപാലിൻ്റെ ആറാമത്തെ ബജറ്റാണിത്. മൂന്നാം തുടർഭരണം തങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ തീർച്ചയായും ജനാഭിലാഷത്തിനനുസരിച്ച് നാടിൻ്റെ മുഖച്ഛായ മാറ്റുമെന്ന് പറയാതെ പറയാൻ ഈ ബജറ്റിലൂടെ ശ്രമം നടത്തിയിട്ടുണ്ട്.
എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ബഡ്ജറ്റ് പൂർണമായും നടപ്പിലാക്കാൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാരിനെ ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ മേഖലകളിലും സ്പർശിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായിട്ടുള്ളത് എങ്കിലും ഗൗരവമേറിയ പുതിയ തരത്തിലുള്ള ആശയ പദ്ധതികൾ ഒന്നും തന്നെ ബജറ്റിൽ പ്രകടമല്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഏറെ ആകാംക്ഷ പൂർവ്വം കാത്തിരുന്നതുമായ ക്ഷേമപെൻഷൻ വർധനവ് ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഏത് സർക്കാരിന്റെയും മുഖമുദ്രയാണ് ക്ഷേമപെൻഷനുകളുടെ കൃത്യമായ വിതരണവും അതിൻ്റെ വർധനവും.
ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് യഥാസമയം പരിശ്രമം നടത്തി എന്നും കുടിശ്ശികരഹിതമായി വിതരണം ചെയ്യാൻ കഴിഞ്ഞു എന്ന അവകാശവാദം നിലനിന്നിരുന്നു. സർക്കാരിന് കേന്ദ്രസർക്കാരിന്റെ സാമ്പത്തികമായ അടിയന്തരാവസ്ഥ നേരിടുമ്പോൾ തന്നെ അത് നല്ല രീതിയിൽ വിതരണം ചെയ്യാൻ സാധിച്ചത് പ്രത്യേകം സൂചിപ്പിക്കപ്പെട്ടതാണ്. സ്വപ്നങ്ങൾ ഒരുപാടുണ്ട് എന്ന് അടിവരയിട്ടു കൊണ്ട് തന്നെയാണ് അവസാന ബജറ്റും പൂർത്തിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിച്ചേർന്നപ്പോൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അതിവേഗ റെയിൽപാത ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ റയിലിന്പകരമാണ് അതിവേഗ റെയിൽ പാതയുമായി സർക്കാർ മുന്നോട്ടുപോകാൻ തീരുമാനിക്കുന്നത്.
സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് നാട് കടന്നുപോകുന്നത്. അതിജീവനത്തിന്റെ പാതയിൽ ഒരു നാട് ഇപ്പോഴും പ്രത്യാശയോടു കൂടി കാത്തിരിക്കുന്നുണ്ട്. എപ്പോഴും പ്രതിബന്ധങ്ങൾ നേരിട്ട് വിജയിച്ചു വരാനുള്ള ആത്മവിശ്വാസം കേരളത്തിന്റെ പ്രത്യേകതയാണ്. സാമ്പത്തിക പരാധീനതകൾക്കിടയിലും നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ ദൈനംദിനമായ ആവശ്യങ്ങളിലും മുടക്കമില്ലാതെ നടത്തികൊടുക്കുവാൻ സർക്കാരിനുള്ള ഉത്തരവാദിത്വമുണ്ട്. അതിൽ സർക്കാരിന് വിജയിക്കാനായെങ്കിൽ മാത്രമെ വീണ്ടും ജനാംഗീകാരം ലഭിക്കൂ. കേരളത്തിനു മുന്നിൽ കേന്ദ്രം ചുമത്തുന്ന ഏകാധിപത്യപരമായ നയങ്ങൾക്കെതിരെ സംസ്ഥാന താൽപ്പര്യങ്ങൾ മുൻനിർത്തി എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതണം. അവകാശങ്ങൾ നേടിയെടുക്കണം. കൂടാതെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കുക കൂടിവേണം അല്ലെങ്കിൽ ബജറ്റ് വെറും സാമ്പത്തിക ജാതകമായി മാറും.
