കഴിഞ്ഞദിവസം സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനും സംസ്ഥാന സർക്കാരും തമ്മിൽ നേർക്കു നേർ നടത്തുന്ന വാക്ക് പോര് അവസാനിപ്പിക്കണം. അതിവേഗ ഗതാഗത പാത വേണ്ടേ? ഉത്തരം സംശയരഹിതമാണ്: വേണം, അനിവാര്യമാണ്. എന്നാൽ ആ അനിവാര്യതയെ കെ-റെയിൽ, ആർ.ആർ.ടി.എസ്, അതിവേഗ റെയിൽ എന്നിങ്ങനെ പേരുകളുടെ ചുരുക്കങ്ങളിലേക്ക് ചുരുക്കുമ്പോഴാണ് യഥാർഥ പ്രശ്നം മങ്ങിപ്പോകുന്നത്. കേരളത്തിന് ആവശ്യമുള്ളത് ഒരു പദ്ധതിയുടെ പേര് അല്ല; സമയവും ദൂരവും ചുരുക്കുന്ന, ജീവിത ഗുണമേന്മ ഉയർത്തുന്ന, ഭാവിയെ ബന്ധിപ്പിക്കുന്ന അതിവേഗ പാത തന്നെയാണ്. കേരളത്തിൻ്റെ യാത്ര സൗകര്യം മെച്ചപ്പെടുത്താൻ നടപ്പിലാക്കുന്ന ഏത് പദ്ധതിയാണെങ്കിലും അതിൽ തുടക്കത്തിൽ തന്നെ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാകുന്നത് ഇനിയെങ്കിലും തിരുത്തപ്പെടേണ്ട പ്രവണതയാണ്. നേരത്തെയും സമാന്യമായ കൊണ്ടുവന്ന പല പദ്ധതികളും ഉദാഹരണമായി കെ. റെയിൽ അടക്കമുള്ള ആവശ്യമായ കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായി ആരംഭിക്കാൻ ശ്രമിച്ചതിലുള്ള പ്രത്യാഘാതങ്ങൾ പ്രതിഷേധങ്ങൾ കൺമുന്നിൽ നിന്ന് ഇന്നും മറഞ്ഞിട്ടില്ല.
പ്രളയാനന്തരം നാടിന് ബോധ്യപ്പെട്ട പൊതുവായ ഒരു കാര്യം വികസനം പരിസ്ഥിതി സൗഹൃദമാക്കണം ഇല്ലെങ്കിൽ തിരിച്ചടി ഭയാനകമായിരിക്കും. നീണ്ടുനീണ്ട നഗരവൽക്കരണം, ജനസാന്ദ്രത, ചുരുങ്ങിയ ഭൂമിശാസ്ത്രം — ഇതെല്ലാം ചേർന്ന കേരളത്തിൽ ഗതാഗതം ഇനി ‘സൗകര്യം’ മാത്രമല്ല, സാമ്പത്തികവും സാമൂഹികവുമായ അത്യാവശ്യകതയാണ്. മണിക്കൂറുകൾ യാത്രയിൽ ചെലവഴിക്കുന്ന തൊഴിലാളിയും വിദ്യാർഥിയും രോഗിയും, വികസനത്തിന്റെ വില നൽകുന്നവരാണ്. അതിവേഗ ഗതാഗതം സമയ ലാഭം മാത്രമല്ല; ഉൽപാദനക്ഷമതയുടെ വർധനവും പ്രദേശങ്ങളിലുടനീളമുള്ള സമവായ വികസനവും ഉറപ്പാക്കും. കാലാവസ്ഥയും പ്രകൃതിയുടെ മാറ്റങ്ങളും പ്രവചിക്കാൻ കഴിയാത്തവിധമായിരിക്കുന്നു. സാമുഹ്യഘാത പഠനം നടത്താതെ കേരളത്തിൽ ചെറിയതും വലുതുമായ ഏത് പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതും ദുരവ്യാപകമായ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.
നാളെ കേന്ദ്ര ബജറ്റ് നടക്കാനിരിക്കെ അതിവേഗ റെയിൽ പദ്ധതിയോടുള്ള കേന്ദ്ര സമീപനം അറിയാൻ കഴിയും മുൻ കൂട്ടിയുള്ള ആർക്കാണ് ഉത്തരവാദിത്വം നടത്താണോ വേണ്ടയോയെന്നുതിലുള്ള അവകാശ വാദ തർക്കങ്ങൾ ഒരിക്കലും നല്ലതല്ല. കൂടാതെ കൊച്ചി മെട്രോ പോലെ സംസ്ഥാനത്തിൻ്റെ മുഖച്ഛായ തന്നെ പുതുക്കിയെടുത്ത പദ്ധതിയുടെ ഇ ശ്രീധരൻ്റെ വാക്കുകൾക്ക് അവജ്ഞയോടെ തള്ളുന്നതും ശരിയായ രീതിയല്ല. നിലവിൽ ഒരു ബി.ജെ.പി നേതാവാണ് ശ്രീധരനെങ്കിലും മെട്രോമാനെന്ന് വിശേഷണം അദ്ദേഹത്തിന് നാട് ചാർത്തി നൽകിയത് ഈ മേഖലയിലെ വൈദഗ്ധ്യവും അറിവും ഒന്നു കൊണ്ട് മാത്രമാണ്.
അതിനാൽ ആ വാക്കുകൾക്ക് ജനങ്ങൾ സദാ കാതോർക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് സൗകര്യപ്രദമായ സംവിധാനത്തിലൂടെ എത്തിച്ചേരാൻ പറ്റുന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും ചിരകാല അഭിലാഷമാണ്. ആ ആഗ്രഹസാഫല്യത്തിലേക്ക് നയിക്കുന്ന പദ്ധതികൾ ജന്മം കൊള്ളുന്നത് ശുഭ പ്രതീക്ഷയോടെയാണ് സമുഹം നോക്കി കാണുന്നത്. പക്ഷേ അത് മണ്ണിനും മനുഷ്യനും ഒരുപോലെ ദഹിക്കുന്നതാവാണം. ചർച്ചയുടെ കേന്ദ്രബിന്ദു ‘ആര് കൊണ്ടുവരുന്നു’ എന്നതിലോ ‘ഏത് പേരിലാണ്’ എന്നതിലോ ഒതുങ്ങരുത്. സംസ്ഥാനത്തിനാവശ്യമുള്ളത് എന്ത്, എങ്ങനെ, എത്ര സുസ്ഥിരമായി എന്നതാണ് യഥാർത്ഥ ചോദ്യങ്ങൾ. സാമ്പത്തിക ഭാരം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സമ്മതം- ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള സുതാര്യമായ ആസൂത്രണം മാത്രമേ വിജയത്തിലേക്കുള്ള വഴി തുറക്കൂ. പദ്ധതികൾ മാറാം, സർക്കാരുകൾ മാറാം, പേരുകൾ മാറാം.
പക്ഷേ, കാലം കാത്തുനിൽക്കില്ല. ഭരണപക്ഷത്തിന്റെ പദ്ധതികളെ, അല്ലെങ്കിൽ രാഷ്ട്രീയ എതിരാളികളായതു കൊണ്ട് മാത്രം വികസന ആശയത്തെ എതിർക്കുകയെന്നതല്ല. കേരളം തീരുമാനിക്കേണ്ടത് ഭാവിയിലേക്കുള്ള യാത്രക്ക് തയ്യാറാകണമോയെന്നതാണ്.
