കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയുടെ മരണത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാവണം. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നേരെയും ആദായനികുതി വകുപ്പിന് നേരെയും സമീപകാലത്തായി ഉണ്ടായിട്ടുള്ളതും ഉയർന്നു വന്നിട്ടുള്ളത് മായ വിമർശനങ്ങളിലും ആരോപണങ്ങളിലും ആത്യന്തം ഗുരുതരമായ ഒന്നാണ് റെയ്ഡിന് ഇടയിൽ സി.ജെ റോയ് സ്വന്തം ശരീരത്തിലേക്ക് വെടിയുയർത്ത് മരണത്തിലേക്ക് നീങ്ങിയത്. കടുത്ത മാനസിക സമ്മർദ്ദം ഇ.ഡി ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് റോയിയുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും സൂചിപ്പിക്കുന്നത്.
ലോകത്തെമ്പാടും ബിസിനസ് സംവിധാനങ്ങൾ വ്യാപിച്ചുകിടക്കുന്ന ഒരു മഹാപ്രസ്ഥാനമാണ് കോൺഫിഡൻസ് ഗ്രൂപ്പ്. വ്യവസായിക രംഗത്തിന് പുറമേ സാമൂഹിക സാംസ്കാരിക സേവന രംഗത്തും നിതാന്തമായ പരിശ്രമത്തിന്റെയും മനുഷ്യത്വപരമായ നിലപാടുകളുടെയും നിരന്തരമായ നവീകരണത്തിന്റെയും ഫലമായി സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിക്കാൻ റോയിക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിനും സംസ്ഥാനങ്ങൾക്കും ബിസിനസ് സംരംഭങ്ങളിലൂടെ വലിയ രീതിയിലുള്ള വരുമാനം ഉണ്ടാക്കി നൽകിയ വ്യക്തി കൂടിയാണ് സി.ജെ റോയ്. ഇന്നാൾ വരെ റോയ്ക്കെതിരെ തെറ്റായ പ്രചരണങ്ങളോ വഴിവിട്ട സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള പരാതികളും ഒന്നും തന്നെ ഉണ്ടായിട്ടില്ല.
എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ വിശ്വസിക്കാവുന്ന ബിസിനസ് സംരംഭകരുടെ പട്ടികയിൽ എക്കാലവും ജനപ്രീതിയുടെ കൂടിയ അടിസ്ഥാനത്തിൽ, കോൺഫിഡൻസ് ഗ്രൂപ്പും അതിന്റെ ചെയർമാൻ എന്ന നിലയിൽ സി.ജെ. റോയിയും തലയുയർത്തി തന്നെ നിന്നിട്ടുണ്ട്. എന്നിട്ടും പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അപ്രഖ്യാപിതമായ റെയ്ഡും നിയമപരമായ തടസങ്ങളും പ്രതിസന്ധികളും കോൺഫിഡൻസ് ഗ്രൂപ്പിലേക്ക് എത്തിയത് എന്തുകൊണ്ടാണ് എന്ന ചോദ്യം സ്വാഭാവികമായും എല്ലാവരിലും ഈ പ്രത്യേക സാഹചര്യത്തിൽ കൂടി ശക്തമാകുന്നുണ്ട്. സി.ജെ റോയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് വ്യക്തമാക്കാൻ നിയമ സംവിധാനങ്ങൾക്കും പ്രത്യേകിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഉത്തരവാദിത്തമുണ്ട്.
സമീപകാലത്തായി കേന്ദ്ര അന്വേഷണ ഏജൻസികൾ നിയമപരമായ പരിധികൾക്കപ്പുറത്തുനിന്നുകൊണ്ട് അധികാര സ്ഥാനത്തിരിക്കുന്നവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പരാതികളും വ്യാപകമാണ്. സുപ്രീംകോടതി തന്നെ പല ആവർത്തി കടുത്ത ഭാഷയിൽ ശാസിക്കുകയും കൂടി ഉണ്ടായത് ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. അത്തരത്തിൽ സംശയം നിഴലിൽ നിൽക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും സുപ്രധാനമായ നിയമ അന്വേഷണ വിഭാഗത്തിന്റെ മേൽ ഒരാളുടെ ചോരപ്പാടുകൾ ഇരിക്കുന്നതിനാൽ യുദ്ധകാല അടിസ്ഥാനത്തിൽ റോയുടെ മരണവുമായി ബന്ധപ്പെട്ടിട്ടുള്ള സത്യങ്ങൾ പുറത്തുവരണം. ജനങ്ങൾക്ക് നാട്ടിലെ നീതിന്യായ വ്യവസ്ഥയിലും നിയമനിർമ്മാണ സംവിധാനങ്ങളിലും ഉണ്ടായിട്ടുള്ള വിശ്വാസത്തിന് യാതൊരു ചാഞ്ചാട്ടവും ഉണ്ടാവാൻ പാടുള്ളതല്ല. റോയിയുടെ മരണം സംഭവിച്ചതിനുശേഷം റൈയ്ഡ് തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളുടെ സമീപനം ക്രൂരമാണ്. ഒരു മനുഷ്യന്റെ ജീവനേക്കാൾ വലുതല്ല ഒന്നും. മരണത്തിലെ ദുരൂഹത പുറത്തു വരേണ്ടിയിരിക്കുന്നു.

