Home Editorialകേരളത്തിന്റെ നാശം ആഗ്രഹിക്കുന്നോ കേന്ദ്രം?

കേരളത്തിന്റെ നാശം ആഗ്രഹിക്കുന്നോ കേന്ദ്രം?

by news_desk1
0 comments

മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് കേരളത്തെ സംബന്ധിച്ച് പൂർണ്ണമായും നിരാശാജനകമാണ്. ഒന്നര മണിക്കൂറോളമെടുത്ത ബജറ്റ് പ്രസംഗത്തിൽ കേരളം എന്നൊരു പേരുപോലും പരാമർശിക്കാതെയാണ് കടന്നുപോയത്. ബജറ്റ് പൂർണമായും വിലയിരുത്തുന്ന ഒരാൾക്ക് കേരളം ഇന്ത്യയിൽ അല്ലേ എന്നൊരു സംശയം ഉണ്ടായാൽ കുറ്റം പറയാനാവില്ല. സംസ്ഥാനത്തെ ആകെ സൂചിപ്പിച്ചത് കടലാമ സംരക്ഷണ പദ്ധതിയുടെ പരിധിയിൽ മാത്രമാണ്. കേരളത്തിന്റെ വർഷങ്ങളായുള്ള പ്രതീക്ഷയാണ് എയിംസ് പ്രധാനമന്ത്രിയുടെ കഴിഞ്ഞ തിരുവനന്തപുരം സന്ദർശനത്തിൽ പ്രഖ്യാപിക്കപ്പെടുമെന്ന് കരുതിയിരുന്നതും അതീവ താല്പര്യത്തോടുകൂടി ആഗ്രഹിച്ചിരുന്നതുമായ അതിവേഗ റെയിൽ പാതയും ബജറ്റിൽ ഉണ്ടായില്ല എന്നുള്ളത് അത്ഭുതമുളവാക്കുന്നു. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം നാഴികയ്ക്ക് 40 വട്ടം മരുന്നു കഴിക്കുന്നതുപോലെയാണ് എയിംസ് കേരളത്തിന് ലഭിക്കും അതിവേഗ റെയിൽപാത കേന്ദ്രം അനുവദിക്കും എന്നുള്ള വീരവാദങ്ങൾ നിരത്തിയിരുന്നത്. അധികാരത്തിന്റെ ബലത്തിൽ ഇരുന്നു ജനങ്ങളെ പരസ്യമായി കബളിപ്പിക്കുകയായിരുന്നു കേന്ദ്രമന്ത്രിമാരും ബി.ജെ.പി സംസ്ഥാന നേതൃത്വവും എന്ന വ്യക്തം.

2014ലെ നരേന്ദ്രമോദി സർക്കാരിൻ്റെ ബജറ്റ് മുതൽ തുടരുന്നതാണ് കേരളത്തോടുള്ള അവഗണന. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുമെന്ന് നിരന്തരം പറയുന്ന കേന്ദ്രസർക്കാർ ബജറ്റിലൂടെ തത്വത്തിൽ ആശയത്തെ അട്ടിമറിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളോടും ഒരേ രീതിയിലുള്ള പെരുമാറ്റം പുലർത്തേണ്ട കേന്ദ്രസർക്കാർ കേരളത്തോട് മാത്രം സവിശേഷമായി പ്രകടിപ്പിക്കുന്ന അവഗണന ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. സംസ്ഥാനത്തെ പരിഗണിക്കാവുന്ന നിരവധി മേഖലകൾ ഉണ്ടായിട്ടും അതിലൊന്നും കേരളത്തെ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണ്. ഏഴ് സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽപാത പദ്ധതിയിൽ പ്രഖ്യാപനം ഉണ്ടായപ്പോളാണ് കേരളത്തിലെ അവകാശപ്പെട്ട പരിഗണന കേന്ദ്രം നൽകാതിരുന്നത്.

രാജ്യത്തെ തന്നെ പാരമ്പര്യ ചികിത്സാ സമ്പ്രദായമായ ആയുർവേദത്തെക്കുറിച്ച് അതിന്റെ വിപുലീകരണത്തിനും നൂതനമായ സാധ്യതകളെ സംബന്ധിച്ചുള്ള പദ്ധതികളെക്കുറിച്ച് പ്രഖ്യാപനങ്ങളും സൂചനകളും ഉണ്ടായെങ്കിലും അവിടെയും ആയുർവേദ സംസ്കാരത്തിന്റെയും ചികിത്സാ കേന്ദ്രങ്ങളുടെയും മൂലസ്ഥാനമായ കേരളത്തെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള കേരളത്തിലാണ്. അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകുന്ന പദ്ധതികൾ ഒന്നും തന്നെ ഉണ്ടാവാതിരുന്നത് സങ്കടകരമാണ്. ഏതു പ്രതിസന്ധിയിലും നാടിനായി അധ്വാനിക്കുന്ന രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയതോതിൽ പിന്തുണ നിൽക്കുന്ന ജനവിഭാഗത്തെ ചേർത്തുപിടിക്കാത്ത കേന്ദ്ര സമീപനം അങ്ങേയറ്റം ക്രൂരതയാണ്. ഇന്ത്യയുടെ വ്യവസായിക രംഗത്ത് കയറ്റുമതി ഇറക്കുമതി മേഖലയിൽ നാഴികക്കല്ലായി മാറിയ വിഴിഞ്ഞത്തെ സാമ്പത്തികമായി പിന്തുടയ്ക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നിർമലാ സീതാരാമൻ ബജറ്റിൽ ഉൾക്കൊള്ളിക്കാതിരുന്നത് കേരളത്തോടുള്ള കേന്ദ്രത്തിലെ അവഗണനയുടെ ഉദാഹരണങ്ങളാണ്.

കേന്ദ്ര ബഡ്ജറ്റ് പൂർത്തിയാകുന്നതോടെ. കേരളം കേന്ദ്രസർക്കാരിൻറെ ബ്ലാക്ക് ലിസ്റ്റിൽ ആണെന്ന് വ്യക്തമായി കഴിഞ്ഞു. അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ മോദി ഗവൺമെന്റിന്റെ ഈ നയം ജനാധിപത്യ വ്യവസ്ഥ യോടൊപ്പം ഭരണഘടന മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ്. എല്ലാവരെയും ഉൾക്കൊണ്ടുപോകുന്ന ജനാധിപത്യ സംസ്കൃതിയുടെ രാഷ്ട്രീയ പ്രവർത്തനരീതിയുടെ എണ്ണമറ്റ ഉദാഹരണങ്ങൾക്ക് കീഴനിന്നാണ് പാർലമെൻറിൽ നിർമ്മലാ സീതാരാമൻ ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്. മറ്റ് പ്രസംഗങ്ങൾ ശ്രദ്ധയോടുകൂടി വായിച്ചത് പോലെ തന്നെ കഴിഞ്ഞ നാളുകളിലെ പാർലമെന്റിലെ എല്ലാ പ്രധാനമന്ത്രിമാരുടെയും രാഷ്ട്രീയ കക്ഷികളുടെയും ജനങ്ങളോടുള്ള ഇടപെടലുകളും പ്രത്യേകിച്ച് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടും അവരുടെ എല്ലാം സമീപനം എന്തായിരുന്നു എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.

എത്ര വലിയ പിആർ ഏജൻസികളുടെ തിരക്കഥയിൽ മായിച്ചു കളയാൻ ശ്രമിച്ചാലും കേന്ദ്രസർക്കാരിന്റെ സങ്കുചിതമായ മനോഭാവം ഇന്ത്യക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. എല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി നിൽക്കേണ്ടി വന്നവരുടെ സങ്കടക്കണ്ണീർ ഇന്നും മുണ്ടക്കൈയിലും ചൂരൽ മലയിലും അവസാനിച്ചിട്ടില്ല. നാല് വോട്ടിനുവേണ്ടി കേരളത്തിലെ ജനങ്ങളെ സമ്മർദ്ദത്തിലാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കിൽ ജനാധിപത്യത്തിന്റെ കറുത്ത പുള്ളിയായി മോദി സർക്കാർ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുമെന്നുറപ്പ്. അതിലുമുപരി, പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്ത ചരിത്രമാണ് കേരളത്തിനുള്ളതെന്ന് കൂടി ഓർക്കുന്നത് നല്ലതാണ്.

You may also like