Home Editorialസുപ്രീംകോടതിയിൽ ആളിയ ദീദി തീപ്പൊരി

സുപ്രീംകോടതിയിൽ ആളിയ ദീദി തീപ്പൊരി

by news_desk1
0 comments

രാജ്യത്തിന്റെ ഉന്നത നീതിപീഠം ഇന്നലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വാദ പ്രതിവാദത്തിന് വേദിയായി. ‘മുഖ്യമന്ത്രി കോടതിയിൽ എത്തി വാദിക്കുന്നു. തന്റെ സംസ്ഥാനത്തെ ജനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഒരു സംവിധാനത്തെ കുറിച്ച് ആഞ്ഞടിക്കുന്നു. ക്ഷമയോടെ കേട്ടിരിക്കുന്ന ചീഫ് ജസ്റ്റിസ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാമെന്ന് പറയുന്നു’… കേൾക്കുമ്പോൾ സിനിമയിലെ രംഗമെന്ന് തോന്നിക്കുമെങ്കിലും, അതല്ല, ഇത് യാഥാർഥ്യമാണ്. സുപ്രീം കോടതിയിലെ ഒന്നാം നമ്പർ കോടതിയാണ് ഈ ചരിത്രത്തിന് വേദിയായത്. ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രി സുപ്രീം കോടതിയിൽ എത്തി തന്റെ ആവശ്യം കോടതിക്ക് മുമ്പാകെ വാദിച്ചു. മമതാ ബാനർജിയാണ് ആ മുഖ്യമന്ത്രി. 23 വർഷഷത്തിന് ശേഷമാണ് കറുത്ത ഗൗൺ അണിഞ്ഞ് മമത കോടതിയിലെത്തുന്നത്. ഇന്നെത്തുന്നത് താൻ മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനത്തെ ജനങ്ങളെ പൊതുവിൽ ബാധിക്കുന്ന വിഷയത്തെ നേരിട്ട് കോടതിയെ ധരിപ്പിക്കുകയെന്ന ഉത്തരവാദിത്തത്തോടെയായിരുന്നു. 20 മിനുട്ട് മാത്രം നീണ്ട വാദത്തിൽ വൈകാരികവും വികാരഭരിതവുമായാണ് തന്റെ വാദം മമത ഉന്നയിച്ചത്. ബഹുമാനപൂർവ്വം എന്നാൽ ശക്തവുമായ വാദങ്ങളിൽ ദൃഢനിശ്ചയവും പോരാട്ടവീര്യവും നിറഞ്ഞു നിന്നു. പശ്ചിമബംഗാളിലെ എസ്.ഐ.ആർ നടപടികൾക്കെതിരെ സുപ്രിംകോടതിയിൽ നേരിട്ട് ഹാജരായ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നടപടി ജനാധിപത്യ വിശ്വാസികൾക്ക് നൽകിയ ആത്മവിശ്വാസം വാക്കുകൾക്കതീതമാണ്.

ബംഗാൾ, കേരളം, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏതാനും മാസങ്ങൾക്കം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മമതയുടെ ഈ തീരുമാനം ശ്രദ്ധേയമാക്കുന്നത്. ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശമാണ് വോട്ട്. കേവലം സാങ്കേതിക കാരണങ്ങളുടെ പേരിൽ അത് ഇല്ലാതാക്കുകയെന്നാൽ അവരുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. എസ്.ഐ.ആർ നടപടികൾക്ക് യോജിച്ച സമയമല്ലാ ഇപ്പോൾ ഇന്ത്യയിലും സംസ്ഥാനങ്ങളിലും ഉള്ളതെന്ന് നിലപാട് എടുത്ത് സംസ്ഥാനങ്ങളാണ് കേരളവും, ബംഗാളും, തമിഴ്നാടും. എന്നാൽ വേണ്ടത്ര കൂടിയാലോചനകളോ ആധികാരികമായ വിവരശേഖരണമോ പഠനങ്ങളോ നടത്താതെയാണ് ഏകപക്ഷീയമായി രാജ്യത്ത് എസ്.ഐ.ആർ നടപടികൾ ആരംഭിച്ചത്. പരിഷ്കരണ നടപടികളുടെ ചുമതല വിവിധ സർക്കാർ ഉദ്യോഗസ്ഥരെ ബി.എൽ.ഒ തസ്തിക നൽകി നിയമിച്ചായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.

അനിയന്ത്രിതമായ സമ്മർദ്ദവും വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ജോലിയുടെ അധികഭാരവും വലിയ രീതിയിലുള്ള മാനസിക പ്രയാസങ്ങളിലേക്കും ഉദ്യോഗസ്ഥരെ തള്ളി വിട്ടിരുന്നു. ആദ്യം കേരളത്തിലും രാജ്യത്തിൻറെ പല ഭാഗങ്ങളിലും ബി.എൽ.ഒ മാരായവർ ആത്മഹത്യ ചെയ്യുന്ന നിർഭാഗ്യകരമായ സംഭവങ്ങളും ഉണ്ടായി. അപ്പോഴും കേന്ദ്രസർക്കാരും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനും തുടർന്ന് കടുംപിടുത്തം ജനാധിപത്യത്തെ സംരക്ഷിക്കാനോ ജനങ്ങളെ ദ്രോഹിക്കാനോ എന്ന സംശയം ഉളവാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പിലാക്കിയ ബീഹാറിന്റെ വ്യാപകമായ ക്രമക്കേടുകളും അകാരണമായ വെട്ടിമാറ്റലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്നുമുതൽ കടുത്ത ആശങ്ക പൊതുജനങ്ങളിലും രാഷ്ട്രീയ പ്രവർത്തകരിലും എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഉയർന്നുവന്നു. എന്താണ് എസ്.ഐ.ആർ എന്നതിനെ സംബന്ധിച്ചും അതിനെ എങ്ങനെയാണ് സമീപിക്കേണ്ടതിന് കുറിച്ചോ വ്യക്തമായ വിശദീകരണമോ രേഖകളോ ഇപ്പോഴും ഔദ്യോഗിക കേന്ദ്രങ്ങളിൽ ശരിയായ രീതിയിലല്ല ഉള്ളത്. തീർത്തും നിരാശാജനകമായ ഈ സമീപനത്തിനെതിരെ കൂടിയാണ് പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ പ്രത്യാശയുടെ വെളിച്ചമായി മമ്ത ബാനർജിയെ പോലെയുള്ള നേതാക്കളുടെ ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുന്നത്. രാജ്യത്തെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ച് രേഖകൾ സഹിതം അറിയിച്ച രാഹുൽ ഗാന്ധി പാർലമെന്റിലും പുറത്തും വോട്ടർ പട്ടികയുടെ സുരക്ഷിതത്വം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ്.

രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സമാനതകളില്ലാത്ത പ്രവർത്തനവും ജാഗ്രതയുമാണ് വോട്ടർ പട്ടികയിലെ അഴിമതി പുറത്ത് കൊണ്ടുവരുന്നതിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സാങ്കേതികമായി നിരവധി അവ്യക്തതകൾ എസ്.ഐ.ആറുമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നോ മാപ്പിംഗ് പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് ലഭിക്കാൻ നിലവിൽ സംവിധാനമില്ല. ബി.എൽ.ഒമാർ മുഖാന്തരം നേടിയെടുക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന നിർദ്ദേശം. നോ മാപ്പിംഗ് ലിസ്റ്റ് പൊതുവായി പരസ്യപ്പെടുത്താനുള്ള മുൻ കൈ കമ്മീഷൻ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. സംശയനിവാരണത്തിന് ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും വേണം. ഫോം 6- ഫോം 7 എന്നിവ വഴി സ്വാധീനം ഉപയോഗിച്ചുള്ള വെട്ടി തീരുത്തലുകൾ നടക്കുന്നതായും പരാതികൾ വരുന്ന പശ്ചാത്തലത്തിൽ ഗൗരവ പൂർവ്വം ഇലക്ഷൻ കമ്മീഷനും അനുബന്ധ വൃത്തങ്ങൾ ഉണർന്നു പ്രവർത്തിക്കണം. മമതയുടെ ആവശ്യം കോടതി അംഗീകരിക്കാം, അംഗീകരിക്കാതിരിക്കാം. പക്ഷേ ഒരു രാഷ്ട്രീയ നേതാവിന്, അതും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക്, സുപ്രീം കോടതി മുറിയിലെ വാദത്തിലൂടെ സ്വന്തം രാഷ്ട്രീയം സമർഥമായി എങ്ങനെ ഉപയോഗിക്കണമെന്ന് മമത ലോകത്തിന് കാണിച്ച് നൽകി. മമതാ ബാനർജി സൃഷ്ടിച്ച മാതൃക അത് ഒരടയാളവും ജനാധിപത്യ അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുമ്പോൾ സ്വയം സമരമാവണമെന്ന സന്ദേശവുമാക്കുന്നു…

You may also like