അടുത്തകാലത്ത് സി.ബി.ഐ തെളിയിച്ച അഞ്ചു കേസുകളെ കുറിച്ച് പറയാമോ…? കേരള ഹൈക്കോടതിയുടെതാണ് ചോദ്യം. ശബരിമല സ്വർണ്ണ കൊള്ള കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ വിശ്വഹിന്ദു പരിഷത്ത്അഖില തന്ത്രി പ്രചാരക് സഭ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം ഉണ്ടായിരിക്കുന്നത്. ഇതാദ്യമായില്ല സി.ബി.ഐ പോലെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ സംബന്ധിച്ച് ഉന്നത നീതിപീഠം സംശയം പ്രകടിപ്പിക്കുന്നത്. നേരത്തെ സുപ്രീംകോടതി സമാനമായ അഭിപ്രായം പറയുകയുണ്ടായി. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും പിണിയാളുകളായി കേന്ദ്ര അന്വേഷണ ഏജൻസികൾ മാറി എന്ന് രൂക്ഷമായ ഭാഷയിലാണ് കോടതി പ്രസ്താവിച്ചത്. നരേന്ദ്രമോദി സർക്കാർ രാജ്യത്ത് ഭരണം ആരംഭിച്ചത് മുതൽ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളോടും മറ്റ് അനിഷ്ടമുള്ളവരോടും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ശത്രുത മനോഭാവത്തോടുകൂടിയാണ് പ്രവർത്തിക്കുന്നത്.
എല്ലാ രീതിയിലും ഉള്ള നിയമപരമായ മതിൽക്കെട്ടുകളെയും വെട്ടി നിരത്തി കൊണ്ടും ഇടിച്ചുവീഴ്ത്തിയും അന്വേഷണ ഏജൻസികൾ രാജ്യത്ത് അപ്രഖ്യാപിതമായ അരക്ഷിതാവസ്ഥ സൃഷ്ടിച്ച സാഹചര്യത്തിലാണ് നീതിപീഠം ഇടപെടൽ നടത്തിയത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ അന്വേഷണ പ്രസ്ഥാനത്തിന് നേരെ ഏത് കേസിലാണ് സി.പി.ഐ മികച്ച രീതിയിൽ നടത്തിയെന്നുള്ള ചോദ്യം ഉന്നയിക്കുന്നതിലേക്ക് കോടതി എത്തിയത്. ജനങ്ങൾക്ക് ഏക ആശ്വാസവും പ്രതീക്ഷയും നീതിപീഠങ്ങളാണ് അതോടൊപ്പം തന്നെ അന്വേഷണ ഏജൻസികൾ. അവരുടെ മേലുള്ള അവസാനത്തെ വിശ്വാസവും ജനങ്ങൾക്ക് നഷ്ടപ്പെട്ടുപോയാൽ രാജ്യം സമ്പൂർണമായ ഭയത്തിൽ അമരും. നിർബന്ധമായ പ്രതിവിധി ഇതിന് ആവശ്യമാണ്. കേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടുകൂടി നടക്കുന്ന അന്വേഷണ ഏജൻസികളുടെ മനുഷ്യ വേട്ടയാണ് സമീപകാല ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ സംഭവം.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വത്തിന്റെ വിരലുകൾ അന്വേഷണ ഏജൻസികൾക്കു മേൽ പതിച്ചത്. അഞ്ചുവർഷത്തെ കാലാവധി മാത്രമാണ് ഇന്ത്യയിലെ ഓരോ ഭരണകൂടങ്ങൾക്കും ജനങ്ങൾ അനുവദിച്ചു നൽകിയിട്ടുള്ളത്. എന്നാൽ നീതി നിർവഹണ സംവിധാനങ്ങൾക്ക് കാലമുള്ള കാലത്തോളം അധികാരമുണ്ട്. ആ സാഹചര്യത്തിൽ രാഷ്ട്രീയനേതൃത്വങ്ങളെക്കാൾ കടപ്പാടും ഉത്തരവാദിത്വം ജനങ്ങളോട് ഉണ്ടായിരിക്കേണ്ടത് അന്വേഷണം ഏജൻസികൾക്കും നീതിപീഠങ്ങൾക്കും. അധികാര സ്ഥാനങ്ങളിലെ ഉന്നത പദവികൾക്കും അനുബന്ധമായ മറ്റു നേട്ടങ്ങൾക്കുമായി അന്തസും അഭിമാനവും അടിയറ വയ്ക്കുമ്പോൾ അന്വേഷണ ഏജൻസികളുടെ തലപ്പത്തിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും, ഈ രാജ്യത്തിന്റെ പതാകയോളം വലിപ്പവും ബഹുമതിയും നിങ്ങൾ ഓരോരുത്തർക്കും ഇന്ത്യയുടെ പൗരന്മാരന്മാർ നൽകിയിട്ടുണ്ടെന്ന്. ആ ഔന്നിത്യത്തിൽ നിന്നുകൊണ്ട് പ്രവർത്തിക്കാൻ തെറ്റുകൾ തിരുത്താൻ തയ്യാറാകണം.

