Home Editorialനാട്ടിൽ അരാജകത്വം വളരാൻ ഭരണകൂടം സൗകര്യമൊരുക്കരുത്

നാട്ടിൽ അരാജകത്വം വളരാൻ ഭരണകൂടം സൗകര്യമൊരുക്കരുത്

by news_desk1
0 comments

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ പൊലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന ജനങ്ങൾ ആക്രമിച്ച സംഭവം ദുഃഖകരവും പ്രതിഷേധാർവുമാണ്. നാടിന്റെ ക്രമസമാധാനത്തെയും നീതിന്യായ സംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിക്കുന്ന രീതിയിലാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പെരുമാറ്റം ഉണ്ടായത്. പൊലീസുകാരിൽ ക്രിമിനലുകളും അമ്മയെയും സഹോദരിയേയും തിരിച്ചറിയാൻ കഴിയാത്തവരുമായവർ ഇപ്പോഴുമുണ്ടെന്നത് യാഥാർഥ്യം തന്നെ. പക്ഷേ, അത് സേനാംഗങ്ങളാകെ അങ്ങനെയാണെന്ന് പറയാനാവില്ലല്ലോ?. തുരുമ്പുകളേറെയുണ്ടെങ്കിലും പൊലീസ്, കോടതികൾ ഈ നാട്ടിലെ അശരണരുടെ അത്താണികളാണ്. അതുകൊണ്ട് നിയമസംവിധാനത്തെ തെരുവിൽ കൈകാര്യം ചെയ്യാൻ ഇറങ്ങുന്നത് അംഗീകരിക്കാവുന്നതല്ല. ഇതുവരെയും അത് ശരിയായില്ലെന്നും കർശനനടപടിയുണ്ടാവുമെന്നും ഭരണപക്ഷത്ത് നിന്നും പ്രതികരണം പോലുമില്ലാത്തത് അത്ഭുതപ്പെടുത്തുന്നു. ഇതുണ്ടാക്കുന്ന അപകടകരമായ സാഹചര്യത്തെ അറിയാത്തവരല്ല ആരും. മുമ്പ് നവകേരള സദസ് കാലത്ത് ചെടിച്ചട്ടിയെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല തല്ലിപ്പൊളിച്ചപ്പോൾ, രക്ഷാപ്രവർത്തനമെന്ന് ഓമനപ്പേരിട്ട് ന്യായീകരിച്ചത് നാട് മറന്നിട്ടില്ല. ഭരണകൂടം തന്നെ നാട്ടിൽ അരാജകത്വം വളരാൻ സൗകര്യമൊരുക്കുന്നത് ഭൂഷണമാകില്ല.

ശരി തെറ്റുകൾ പരിശോധിക്കുമ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ വരുന്നത് സ്വാഭാവികമാണ്. എന്നാൽ അതിലെ തെറ്റിനെ അമർച്ച ചെയ്യാൻ ജനങ്ങൾ തന്നെ തെരുവിലിറങ്ങിയാൽ നാട് സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് ചെന്നെത്തുക. കേരളം പോലൊരു സംസ്ഥാനത്തിന് ഒട്ടും അഭികാമ്യമല്ല അത്തരമൊരു സമ്പ്രദായം. നാട്ടിൽ കൃത്യമായ നീതി നിർവഹണ സംവിധാനമുണ്ട് സർക്കാരുണ്ട്. പരാതികൾ പരിഭവങ്ങൾ ശരികേടുകൾ എല്ലാം കൃത്യമായി പരിശോധിക്കപ്പെടുന്ന ഇത്തരം സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി പരസ്യമായി പൊതുസ്ഥലത്ത് വച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായ രീതിയിൽ ആക്രമിച്ച നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാൻ ആവില്ല. നാടിൻറെ കാവലായി നിൽക്കുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ആയി ഈ പ്രവർത്തി മാറി. സമയപരിധി കഴിഞ്ഞ് പുതുവത്സരാഘോഷങ്ങളുമായി ശങ്കുമുഖം കടപ്പുറത്ത് നിന്നിരുന്നവർക്കെതിരെ പൊലീസ് രാത്രി വിഷയവുമായി ബന്ധപ്പെട്ടാണ് ശത്രുത ഉടലെടുക്കുന്നത്.

അന്നുതന്നെ ഭീഷണി സ്വരത്തിൽ പൊലീസുകാരനെ കണ്ടോളാം എന്ന് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്തുവരികയുണ്ടായി. കാത്തിരുന്ന് പ്ലാൻ ചെയ്തു തിരിച്ച് പ്രതികാര ബുദ്ധിയോടുകൂടി മർദ്ദിച്ച ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം കേരളം ഞെട്ടലോടുകൂടി കണ്ടത്. സ്വന്തം സഹോദരിക്ക് മുന്നിൽ വച്ചാണ് പൊലീസുകാരന് ദാരുണമായ മർദ്ദനം ഏൽക്കേണ്ടിവന്നത്. അത്രയും ദുരിത പൂർണ്ണമായ സാഹചര്യത്തെ നേരിട്ട സ്വന്തം സഹപ്രവർത്തകന് നേരെ ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അതിനേക്കാൾ ക്രൂരമായി. പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ നിസാരമായ വകുപ്പ് ചുമത്തിയപ്പോൾ പൊലീസുകാരനെതിരെ എസ്.എഫ്.ഐക്കാർ നൽകിയ പരാതിയിൽ സഹോദരിക്ക് ഉൾപ്പെടെ ജാമ്യം ഇല്ലാ വകുപ്പാണ് ചാർത്തി നൽകിയിരിക്കുന്നത്. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാക്കാനുള്ള അവസരങ്ങൾ ഒരുക്കുന്ന രാഷ്ട്രീയ ഫാസിസത്തിന് പൊലീസിലെ ഒരു വിഭാഗം പരസ്യമായ പിന്തുണ നൽകുന്നുണ്ടോ എന്ന് സ്വാഭാവികമായ സംശയം ഇതോടെ ഉയർന്നുവരികയാണ്.

മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാനും പൊലീസ് ഉദ്യോഗസ്ഥനായ മിഥുനെ ആക്രമിക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് വന്നതെന്നുമുള്ള ശബ്ദിക്കുന്ന തെളിവായി വീഡിയോ ദൃശ്യങ്ങളിലെ ഭാഗങ്ങൾ ഉണ്ടായിട്ടും എന്തടിസ്ഥാനത്തിലാണ് ഇത്തരം വിചിത്രമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല. ഇപ്പോൾതന്നെ സേനയ്ക്കുള്ളിൽ കടുത്ത അമർഷം ഈ വിഷയത്തിൽ ഉയർന്നു വന്നിട്ടുണ്ട്. സർക്കാരിനെ ശക്തമായി പ്രതിഷേധം അറിയിക്കാൻ സംസ്ഥാന പൊലീസ് അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്. അധികാരത്തിന്റെ തണലിൽ സംസ്ഥാനത്ത് ഗുണ്ടായിസം നടത്തിക്കൊണ്ടിരിക്കുന്നവർക്ക് സല്യൂട്ട് അടിക്കുന്ന പൊലീസ് സേനയുടെ ഈ രീതി തെറ്റാണ്. നാട്ടിൽ സമാധാനത്തെ സൃഷ്ടിക്കാനും അക്രമത്തെ തടയേണ്ടവർ അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഇടപെടുന്നതോ പ്രവർത്തിക്കുന്നതോ ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ല.

തിരുവനന്തപുരം സംഭവത്തിന്റെ പേരിൽ ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ തെറ്റായ സന്ദേശമാണ് ജനങ്ങൾക്കിടയിൽ പടരുക. നിയമം ജനങ്ങൾ തന്നെ കയ്യിലെടുക്കാൻ തീരുമാനിച്ചാൽ ഒരുതരത്തിലും പരിഹരിക്കാൻ ആവാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ആണ് സംസ്ഥാനത്ത് ഉണ്ടാവുക. അതുകൊണ്ട് ഉന്നത ഉദ്യോഗസ്ഥർ തന്നെ നേരിട്ട് ഇടപെട്ട് തിരുവനന്തപുരം മാളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ കുറ്റവാളികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം. നാടിന്റെ ക്രമസമാധാനം തകർക്കുന്ന നിലയിൽ ആര് പ്രവർത്തിച്ചാലും അത് അനുവദിച്ച് കൊടുക്കരുത്. ഉചിതവും കർശനവും മാതൃകാപരവുമായ നടപടിക്ക് വൈകരുത്.

You may also like