Home Editorialആ ചോദ്യം തറച്ചത് ദേശത്തിന്റെ ഹൃദയത്തിൽ

ആ ചോദ്യം തറച്ചത് ദേശത്തിന്റെ ഹൃദയത്തിൽ

by news_desk1
0 comments

ഇന്ത്യയെ വിറ്റു നിങ്ങൾക്ക് നാണം തോന്നുന്നില്ലേ പാർലമെന്റിൽ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉന്നയിച്ച ചോദ്യമാണിത്. അത്രയേറെ മൂർച്ചയും തീർച്ചയും ഉണ്ട് ആ വാക്കുകൾക്ക്. വെറുമൊരു പ്രതിപക്ഷ കക്ഷിയുടെ നേതാവ് ഭരണപക്ഷത്തോടായി ഉയർത്തിയ രാഷ്ട്രീയ ചോദ്യം മാത്രമല്ല അത്. ഈ രാജ്യം ഒന്നടങ്കം തങ്ങളെ നയിക്കാൻ ചുമതലപ്പെടുത്തിയവരോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ നിന്നുള്ള ചോദ്യം മാത്രമാണ്. ഇന്ത്യ യുഎസ് വ്യാപാര കരാർ ഒപ്പുവെക്കുന്നു എന്ന സംയുക്ത പ്രസ്താവന പുറത്തുവന്നിട്ട് ഒരാഴ്ചയോടടുക്കുമ്പോഴും കൃത്യവും വ്യക്തവുമായ ഒരു മറുപടി നൽകാൻ രാജ്യത്തിന്റെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധി ലോകസഭയിൽ ഭരണകൂടത്തിനോട് ചോദിച്ച ചോദ്യം ഏറെ പ്രസക്തമാണ്. ആ ചോദ്യത്തിനോടുള്ള അസഹിഷ്ണുത കഴിഞ്ഞ ദിവസങ്ങൾ മുതൽ നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും ഒടുവിലത്തെതാണ് ഇന്നലെ പാർലമെൻറിൽ ഒരു ബി.ജെ.പി എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. വിയോജിപ്പുള്ള ചോദ്യങ്ങളോട് അസഹിഷ്ണുത വരിക സ്വാഭാവികമാണ്.

ആസഹിഷ്ണുതയിലും അൽപമെങ്കിലും ന്യായം ഉണ്ടാകേണ്ടേ, അല്ലെങ്കിൽ സ്വയം നീതീകരണത്തിന് ഉതകുന്ന ഒരു വഴിയെങ്കിലും മറുപടിയായി നൽകണമായിരുന്നു അതുണ്ടാവാത്തത് ലജ്ജാകരമാണ്. അതിനുപകരം പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ അംഗങ്ങളെയും ചോദ്യം ചോദിക്കാൻ അനുവദിക്കാതിരിക്കുകയും നിരന്തരം തടസ്സപ്പെടുത്തുകയും ചെയ്യുന്നതും അതിൽ ഒരു പടി കൂടി കടന്ന് രാഹുൽ ഗാന്ധി രാജവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നും അതിനാൽ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബി.ജെ.പി എം.പി നിഷ്കാന്ത് ദുബൈയുടെ പ്രമേയം ഒളിക്കാൻ ഏറെയുണ്ടെന്ന് തീർച്ചപ്പെടുത്തുന്നത് പോലെയാണ്. ഈ രാജ്യം ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും എന്താണ് ഇന്ത്യ യുഎസ് വ്യാപാര കരാർ, ആ കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണ്, രാജ്യത്തിന് ഏതൊക്കെ മേഖലകളിലാണ് നേട്ടങ്ങൾ ഉണ്ടാകുന്നത്, ഏതൊക്കെ മേഖലകളെയാണ് ഈ പദ്ധതി ബാധിക്കുന്നത്. തുടങ്ങിയ ചോദ്യങ്ങളും ഉപ ചോദ്യങ്ങളും നിരവധിയാണ്.

പലതവണ ചർച്ചകൾ നടത്തി ഏകോപനത്തിൽ എത്തിക്കുകയാണ് ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട് സാധാരണ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട നടപടി. പക്ഷേ അതിനു പകരമായി രാജ്യം ഉറങ്ങിക്കിടക്കുന്ന വേളയിൽ ഇരുളിന്റെ മറവിൽ അമേരിക്കൻ പ്രസിഡണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയ പോസ്റ്റ് കണ്ടാണ് സ്വന്തം ജനത ഞെട്ടിപ്പോയത്. ഇന്നലെ ഈ രാജ്യം പണിമുടക്കിലായിരുന്നു തൊഴിലാളി അവകാശങ്ങൾ ആകെ അട്ടിമറിച്ചുള്ള ലേബർ കോഡിനും കർഷക ദ്രോഹനയങ്ങളിലും പ്രതിഷേധിച്ച് തൊഴിലാളികളും കർഷക തൊഴിലാളികളും പണിമുടക്കിലായിരുന്നു. സമസ്ത തലങ്ങളിലും സമാനകളില്ലാത്ത വിധം സുരക്ഷിത്വമില്ലായ്മയിലൂടെയാണ് തൊഴിലാളികൾ ജീവിക്കുന്നത്. അവകാശങ്ങൾക്ക് വേണ്ടി തെരുവിൽ സമരം ചെയ്യുന്ന തൊഴിലാളികളെ മാരകമായി തല്ലി ചതയ്ക്കുകയാണ്.

മുതലാളിത്തത്തിൻ്റെ വാക്കുകളെ വേദവാക്യമാക്കി കാണുകയാണ് തൊഴിലാളികളെ മൃഗങ്ങളെ പോലെ വേട്ടയാടുകയാണ് മോദി സർക്കാർ. എല്ലാ തരത്തിലും തൊഴിലാളി വിരുദ്ധതയുടെയും വഞ്ചനയുടെയും പര്യായമായി മാറിയ കനത്ത ജനരോഷമാണ് രാജ്യമെമ്പാടും ആഞ്ഞടിച്ചത്. ഊതിയാൽ പറക്കുന്ന അപ്പൂപ്പൻ താടിയായി കേന്ദ്ര സർക്കാർ ചിലപ്പോ ഈ തൊഴിലാളി സമരത്തെ തരംതാഴ്ത്തി കാണുന്നുണ്ടാവും. എന്നാൽ ഇതൊരു സൂചന മാത്രമാണ് നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ എല്ലാത്തരം പ്രതിലോമ ശക്തികളുടെയും അസ്ഥിവാരം വരെ തകർത്തെറിഞ്ഞ പാരമ്പര്യമാണ് രാജ്യത്തിൻറെ സമര പോരാളികൾക്കുള്ളത്.

രാഷ്ട്രീയവും നയപരവുമായ തീരുമാനങ്ങളിൽ ഏതുകാലത്താണെങ്കിലും ഒരു ജനാധിപത്യ സ്വഭാവത്തോട് കൂടിയുള്ള കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്. രാജ്യസഭയിലും ലോകസഭയിലും മൃഗീയ ഭൂരിപക്ഷം ഉണ്ട് എന്നുള്ളത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല. പ്രതിരോധിക്കാനും പ്രതികരിക്കാനും രാജ്യത്ത് ഒരു പ്രതിപക്ഷം ഉണ്ടഅതിന് അപ്പുറം ജനങ്ങൾ ഉണ്ട് അവർക്ക് കരുത്തും ആത്മവിശ്വാസവുമായി ഭരണഘടനയും ജനാധിപത്യ പ്രസ്ഥാനങ്ങളും ഉണ്ട്. അതുകൊണ്ട് സ്വാതന്ത്ര്യത്തിനു മുൻപ് ഈ രാജ്യത്ത് ഭിന്നിപ്പിക്കാൻ ശ്രമിച്ചവർക്ക് സ്വാതന്ത്ര്യാനന്തരവും അതിലുള്ള ആവേശം ആഗ്രഹം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ഇനിയും അതിനു മുതിർന്നാൽ തിരിച്ചടിക്കുന്നത് രാജ്യം ഒന്നടങ്കം ആയിരിക്കും. ഇതിനെയെല്ലാം ശരിവെക്കുന്ന അതിശക്തമായ സൂചനകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ പ്രകടമായി കണ്ടത്. രാഷ്ട്രീയമെന്നോ അരാഷ്ട്രീയമെന്നോ അതിന് നിങ്ങൾ പേരിട്ടു വിളിച്ചോളൂ… പക്ഷേ രാഹുൽ ഗാന്ധിയുടെ ആ വാക്കുകൾക്ക് ഈ രാജ്യം നൽകുന്ന പ്രാധാന്യം അതിന് പിൻപറ്റി വരുന്ന ആളുകളിൽ ഇന്ത്യയിൽ എമ്പാടും ഉയർന്നുവരുന്ന പ്രതിഷേധാഗ്നിയ്ക്കു മുന്നിൽ എരിഞ്ഞടങ്ങേണ്ടിവരും ഏകാധിപത്യ ഭരണകൂടമേ നിങ്ങൾക്ക്…

You may also like