പലരും കടന്നു പോകുമ്പോൾ ആലങ്കാരികമായി നമ്മൾ പറയാറുണ്ട് തീരാനഷ്ടം എന്ന് അക്ഷരാർഥത്തിൽ ആ വാക്ക് ഇവിടെ അന്വർഥമാക്കുകയാണ്. ആലിൻ എബ്രഹാമിന്റെ വേർപാട് അക്ഷരാർത്ഥത്തിൽ ലോകമെമ്പാടുമുള്ള മാനവ സമൂഹത്തിൻറെ മനസിൽ സൃഷ്ടിച്ച സമ്മിശ്ര വികാരങ്ങൾ വേദനയുടെയും വിസ്മയത്തിന്റേതുമാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാഹനാപകടത്തിൽ ആലിന് ഗുരുതരമായ പരിക്കുകൾ പറ്റി ചികിത്സയിൽ ആയത്. ഭൂമി എന്ന വാടക വീട്ടിലേക്ക് ആലിൻ എത്തിച്ചേർന്നിട്ടു പത്തു മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ജീവിതത്തിന്റെയും പ്രകൃതിയുടെയും നന്മതിന്മകളും സ്നേഹ നിരാസങ്ങളും അറിയാനും അറിയിക്കാനും പോലും ആവാത്ത വിധം നിർമ്മലമായ കുഞ്ഞിതൾ അതായിരുന്നു ആലിൻ എബ്രഹാം എന്നാ പിഞ്ചോമന. പക്ഷേ അവളിന്ന് ഒരുപാട് ജീവിതങ്ങൾക്ക് ഉള്ളിൽ വിരിഞ്ഞ സ്നേഹത്തിന്റെ നറുപുഷ്പമാണ്. നന്മയുടെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നറുമണം ഈ കെട്ടകാലത്ത് പരത്തിയ വിശുദ്ധമായ ജന്മം. കണ്ട് കൊതി തീരും മുന്നേ നഷ്ടപ്പെട്ടുപോയ മകളുടെ അവയവങ്ങൾ ദാനം ചെയ്യാനായി പകരം വയ്ക്കാൻ ഇല്ലാത്ത സങ്കടത്തിലും മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ജോണും തീരുമാനിച്ചതോടെയാണ് അവരുടെ മകൾ ഈ ലോകത്തിൻറെ തന്നെ മകളായി മാറിയത്.
കേരളത്തിൻറെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് എന്ന റെക്കോർഡിലേക്കും ആലിൻ എബ്രഹാം എന്ന പേര് എഴുതി ചേർക്കപ്പെട്ടു. ആലിൻ്റെ ഭൂമിയിലെ ജനനത്തെ അർഥപൂർണ്ണമാക്കിയ അരുണിന്റെയും ഷെറിന്റെയും നൊമ്പരത്തിൽ ആശ്വാസമായി ലോകം മുഴുവൻ ഹൃദയത്തോട് ചേർത്തു പിടിക്കുന്നത്. ഈ ഭൂമിയിൽ എത്ര കാലം ജീവിച്ചു എന്നതിനല്ല എങ്ങനെ ജീവിച്ചു അല്ലെങ്കിൽ സ്വന്തം ജീവിതം കൊണ്ട് ആരുടെയെല്ലാം ജീവിതത്തിൽ നല്ലത് ചെയ്യാൻ സാധിച്ചു എന്നുള്ളതിലൂടെയാണ് മനുഷ്യജന്മത്തിന്റെ വലിപ്പം നിർണയിക്കപ്പെടുന്നത്. ആലിൻ എബ്രഹാം ദിവസങ്ങളുടെ മാത്രം അവകാശമേ പ്രിയപ്പെട്ടവളെ നിനക്ക് ഈ ലോകത്ത് ഉണ്ടായിരുന്നുള്ളൂ എങ്കിലും ഭൂമിയും മനുഷ്യരും ഉള്ള കാലത്തോളം ഒരുപാട് പേരുടെ മനസുകളിൽ കാലത്തിന്റെ ചുമരിൽ നീയെന്നും അമരയായി നിലനിൽക്കും.
അവയവദാനം മഹാദാനമാണെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച ആലിൻ എബ്രഹാമിന്റെ മാതൃകയിലൂടെ ഈ ലോകത്ത് മാനവ സ്നേഹത്തിനും പുതിയ ഗാഥകൾ രചിക്കപ്പെട്ടെ… സ്വകാര്യ ലോബിയുടെ അനധികൃതമായ ഇടപെടൽ വഴി നിരവധിയായ അധിക്ഷേപങ്ങളും ആരോപണങ്ങളും നിറഞ്ഞ അവയവദാന മേഖല ശുദ്ധീകരണത്തിനും ഔദ്യോഗിക സംവിധാനത്തിലൂടെ അവയവദാനം സ്വീകരിക്കാനും പൊതുജനങ്ങൾക്ക് വിശ്വാസം വർധിക്കുന്നതിനും ആലിൻ പ്രചോദനമായി മാറി.
