Home Editorialജെയിംസ് മരിച്ചതല്ല, കൊന്നതാണ്

ജെയിംസ് മരിച്ചതല്ല, കൊന്നതാണ്

by news_desk1
0 comments

ഇടുക്കി തൊടുപുഴയിൽ റോഡരികിൽ മാസങ്ങളായി മൂടാതെ കിടന്ന ഓടയിൽ വീണ് ജെയിംസ് ബെന്നി എന്ന 27 കാരൻ മരിക്കാനിടയായ സംഭവം ഇവിടുത്തെ ഒരു സർക്കാർ വകുപ്പ് നടത്തിയ കൊലപാതകമാണ്. ജെയിംസ് വീണതല്ല കൊന്നതാണ്. നമ്മുടെ നാട്ടിലെ നിരത്തുകൾ ജീവനെടുക്കുന്ന കൊലക്കളങ്ങളായി മാറിയിട്ട് കാലങ്ങളായി. ഈ സിസ്റ്റത്തിൻ്റെ തകരാർ ഏറ്റവും കൂടുതലായി പ്രതിഫലിക്കുന്നത് ആരോഗ്യ മേഖലയിലും പൊതുമരാമത്തിലുമാണ്. എണ്ണി പറയാവുന്ന വീഴ്ചകൾ ഉണ്ടായിട്ടും അധികാരികൾ തുടരുന്ന അനാസ്ഥക്ക് പാവം ജനങ്ങളാണ് ഇരകളാകുന്നത്. ഇനിയും തിരുത്തിയില്ലെങ്കിൽ വലിയ വലിയ ദുരന്തങ്ങൾക്ക് ഈ നാട് സാക്ഷ്യം വഹിക്കേണ്ടിവരും. ഒന്നും രണ്ടും പിണറായി സർക്കാരുകൾ കൊട്ടിഘോഷിച്ചത് ആരോഗ്യമേഖലയിലെയും പൊതുമരാമത്ത് മേഖലയിലെയും മാറ്റങ്ങളെയും വികസന മുന്നേറ്റങ്ങളെയും സംബന്ധിച്ചാണ്. ബെന്നിയുടെ മരണത്തിലേക്ക് നയിച്ച മുതിരക്കോടത്ത് റോഡരികിൽ മാസങ്ങളായി തുറന്നു കിടന്ന ഓട അടക്കാതിരുന്നത് പൊതുപരാമത്ത് വകുപ്പ് ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ്. പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നാട്ടുകാർ പരാതി നൽകിയിട്ടും ചെറുവിരൽ പോലും നടത്താൻ പി.ഡബ്ല്യു.ഡി അധികൃതർ തയ്യാറായില്ല. മരണാനന്തരം ശക്തമായ പ്രതിഷേധങ്ങൾ ഉടലെടുത്തപ്പോൾ ആണ് കലുങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കാം എന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരിക്കുന്നത്.

നിരവധി ജനങ്ങൾ കാലങ്ങളായി യാത്ര സൗകര്യിക്കുന്ന തൊടുപുഴ പ്രധാന പാതയുടെ വശത്താണ് യുവാവിന്റെ മരണത്തിന് കാരണമായ കലുങ്കുള്ളത്. സർക്കാർ സംവിധാനങ്ങളുടെ കൊടുകാര്യസ്ഥത കൊണ്ട് ഇല്ലാതായത് ഒരു നാടിന്റെയും കുടുംബത്തിന്റെയും ആകെ പ്രതീക്ഷയാണ്. അടുത്ത ദിവസം വിദേശത്തേക്ക് പോകാനിരിക്കെ, ജീവിതത്തെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങളുള്ള യുവാവിനെയാണ് നിഷ്കരുണം ഇല്ലാതാക്കിയതെന്നത് സങ്കടത്തിന്റെയും നഷ്ടത്തിന്റെയും വേദനയുടെ ആഴം വർധിപ്പിക്കുന്നു. കലുങ്കിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യഥാർഥ സമയത്ത് നടത്തിയില്ല എന്നതിന് പുറമേ അപകടകരമായ സാഹചര്യം വ്യക്തമാക്കുന്ന സൂചന ബോർഡുകളോ മറ്റടയാളങ്ങളും ഒന്നും തന്നെ പരിസരത്ത് ഉണ്ടാകാത്തത് ഒരിക്കലും അംഗീകരിക്കാനാവാത്ത വീഴ്ചയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അശ്രദ്ധക്ക് എതിരെ നിശിതമായ മുഖവിർശനങ്ങളുമായി ഹൈക്കോടതി തന്നെ രംഗത്ത് എത്തിയിട്ടുള്ളതാണ്. അപ്പോഴെല്ലാം അടിയന്തരമായി നടപടി സ്വീകരിക്കാം എന്നുള്ള സ്ഥിരം പല്ലവി അല്ലാതെ ക്രിയാത്മകമായ ഒരു ചുവടുവെയ്പ്പു അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തത് കൊണ്ടാണ് തെരുവകൾ ചോരക്കളമാക്കുന്നത്.

ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും ഒരു നടപടിയെന്ന കണക്കിൽ സംഭവത്തെ ലഘൂകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ആ രീതി മാറിയേ പറ്റൂ ഓരോ ജീവനും വിലപ്പെട്ടതാണ്. കഴിഞ്ഞദിവസം പ്രഭാവതി അമ്മ കോഴിക്കോട് ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനെ നിറഞ്ഞ കയ്യടികളോട് കൂടി അഭിനന്ദിച്ച നാടും ഭരണസംവിധാനങ്ങളും നിമിഷങ്ങൾക്കുള്ളിൽ ആ സ്കൂട്ടർ യാത്രികന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തയ്യാറായത് നമുക്ക് മുന്നിലുണ്ട്. എന്നാൽ, സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നായ നിർമാണത്തിലെ അശാസ്ത്രീയതക്കെതിരെ സർക്കാർ എന്ത് നടപടിയാണ് ബന്ധപ്പെട്ടവർക്ക് എതിരെ സ്വീകരിച്ചിട്ടുള്ളത് എന്നുള്ളതിൽ ഇപ്പോഴും വ്യക്തതയില്ല. ഇനിയെങ്കിലും യുദ്ധകാല അടിസ്ഥാനത്തിൽ കേരളത്തിലെ നിരത്തുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തരമായ പരിശോധന ആവശ്യമാണ്.. ജെയിംസ് ബെന്നിമാർ ആവർത്തിക്കാതിരിക്കാൻ മനുഷ്യ ജീവൻ സംരക്ഷണത്തിനായി സിസ്റ്റം ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ…

You may also like