ലോകം പോലും നിശ്ചലമായ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഐക്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും പര്യായമായി മാറിയ പ്രസ്ഥാനമാണ് കേരളത്തിൻ്റെ ആരോഗ്യ രംഗം. അതിനുമുൻപ് നിപ്പയുടെ വ്യാപന കാലത്തും പക്ഷിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ദുരിതം വിതച്ചു നിന്ന സമയത്തും സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളിലൂടെ അതിനെയെല്ലാം നേരിടാൻ നമുക്ക് കഴിഞ്ഞു. കാലവും കാഴ്ചപ്പാടുകളും മാറിയിട്ടും നേട്ടങ്ങളും കോട്ടങ്ങളും ഒന്നിന് പിറകെ ഒന്ന് എന്ന കണക്കിൽ വന്നിട്ടും പാഠം പഠിക്കാത്ത തിരുത്താൻ തയ്യാറാകാത്ത തിരുത്തേണ്ടവർ തിരുത്തിപ്പിക്കാത്തതുമായ വകുപ്പായി മേഖലയായി കേരളത്തിലെ ആരോഗ്യ സംവിധാനം മാറി എന്നത് ദൗർഭാഗ്യകരമാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഒപി യടക്കം ബഹിഷ്കരിച്ചു കൊണ്ട് സമരം നടത്താൻ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ച് ദിവസമായി. കുടിശികയുള്ള ശമ്പളം എത്രയും പെട്ടെന്ന് തന്നെ ലഭിക്കണമെന്നും, ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നും എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കണം, ഒഴിവുള്ള തസ്തികകളിൽ ഉടൻതന്നെ പുതിയ ഡോക്ടർമാരെ നിയമിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ സമരം നടത്തുന്നത്.
സമരത്തിന്റെ നാലാം ദിവസമായ ഇന്നലെ മുതൽ അടിയന്തരമല്ലാത്ത ഓപ്പറേഷനുകൾ അടക്കം ഒഴിവാക്കാൻ ഡോക്ടർമാർ തീരുമാനിച്ചിരിക്കുകയാണ്. രോഗികൾ ഒന്നടങ്കം വലയുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. സമരപ്രഖ്യാപനം ഉണ്ടായ ഉടൻതന്നെ ചർച്ച നടത്തി വിഷയം പരിഹരിക്കാൻ സർക്കാരിനായില്ല. സമരം ഇത്രയും ദിവസം നീണ്ടുപോയത് ആരോഗ്യ സംവിധാനത്തിന്റെ നേതൃത്വത്തിലിരിക്കുന്നവരുടെ വീഴ്ചയാണ്. ഏറ്റവും പ്രധാനമായ ആരോഗ്യവകുപ്പിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഗുരുതരമായ വീഴ്ചകളും അലംഭാവങ്ങളും ആണ്. ഇതിന്റെ ജീവിക്കുന്ന തെളിവുകൾ സമീപകാലത്തായി കേരളത്തിന് മുന്നിൽ നിരന്നു നിൽക്കുന്നുണ്ട്. ഈ സിസ്റ്റം തന്നെ ഇല്ലാതാക്കിയ ജീവിതങ്ങൾ സിസ്റ്റത്തിന്റെ കഴിവുകേടുകൊണ്ട് സ്വയം രക്തസാക്ഷികളായവർ. സിസ്റ്റത്തിന്റെ കൃത്യവിലോപത്തിന് ഇരകളായി മരണപ്പെട്ടവർ.
അങ്ങനെ അങ്ങനെ എണ്ണിയാൽ തീരാത്ത പറഞ്ഞാൽ അവസാനിക്കാത്ത വിധം കൊലക്കുറ്റങ്ങളുടെ പരമ്പര തന്നെയുണ്ട്. അത്തരമൊരു ഗുരുതരമായ സാഹചര്യവും നിലനിൽക്കുമ്പോൾ ആണ് സർക്കാർ ഡോക്ടർമാരെ സമരപ്പന്തലിലേക്ക് നയിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിൽ ഉണ്ടാകുന്ന ഓരോ പിഴവുകളും കുറവുകളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകും എന്നിരിക്കെ സർക്കാർ തുടരുന്ന നിസ്സംഗത ക്രൂരമാണ്. മഹാ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ് ഈ മനോഭാവം. സമരത്തിൻറെ നാലാം നാൾ പ്രഖ്യാപിച്ച ഡയസനോൺ വെറും പ്രഹസനമാണ്. സമരക്കാരെ നാലുദിവസം തെരുവിലിരുത്തിയത് സർക്കാരിന് സംഭവിച്ച കഴിവുകേടാണ്. അടിയന്തരമായി സർക്കാർ ഡോക്ടർമാരുമായി ചർച്ച നടത്തി സമരം അവസാനിപ്പിക്കണം. ആരോഗ്യ മേഖലയിൽ ഭരണകൂടങ്ങൾ പുലർത്തേണ്ട ജാഗ്രത മനുഷ്യജീവനു നൽകുന്ന വിലയേക്കാൾ തുല്യമാണ്.
