Home Editorialഅഭിമാനത്തിലാണ് നിങ്ങൾ കത്രികവെച്ചത്

അഭിമാനത്തിലാണ് നിങ്ങൾ കത്രികവെച്ചത്

by news_desk1
0 comments

ആലപ്പുഴയിലെ പുന്നപ്രയിൽ ഉഷയ്ക്ക് നേരിടേണ്ടിവന്ന അനുഭവത്തിന്റെ വാർത്ത കേട്ട് കേരളത്തിന് ഇന്നും ഞെട്ടൽ മാറിയിട്ടില്ല. മെഡിക്കൽ കോളേജിൽ ചികിത്സയുടെ ഭാഗമായി നടത്തിയ സർജറിക്കിടയിൽ മൂർച്ചയേറിയ കത്രിക വയറിനുള്ളിൽ കുടുങ്ങി അഞ്ചുവർഷമായി ജീവിതത്തോടും മരണത്തോടും യുദ്ധസമാനമായ സാഹചര്യത്തിൽ നിന്ന് വേദന കടിച്ചമർത്തി ജീവിക്കുകയായിരുന്നു ഉഷ. കേരളത്തിലാണ് സാക്ഷരതയുടെയും സാമൂഹിക നീതിയുടെയും പര്യായമായ മലയാള മണ്ണിലാണ് കൊടുംക്രൂരതയുടെ നടുക്കുന്ന വാർത്ത കേട്ട് നിസ്സഹായമായി നിൽക്കേണ്ടി വരുന്ന പരിതസ്ഥിതി ഉണ്ടായിരിക്കുന്നത്. നമ്പർവൺ ആരോഗ്യ കേരളം എന്ന അഭിമാനംകൊണ്ട കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ തോന്നിവാസത്തിന്റെയും കഴിവുകേടിന്റെയും ഇരകളാകേണ്ടി വരുന്നവർ പാവപ്പെട്ട ജനങ്ങളാണ്. ദിവസവും തൊഴിലെടുത്ത് അത്യധ്വാനം ചെയ്തു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരുടെ ജീവനും ജീവിതവും വെച്ച് പന്താടാൻ ഇറങ്ങിപ്പുറപ്പെട്ട ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നെറികെട്ട കൊലയാളികളായി മാറിയ ആരോഗ്യപ്രവർത്തകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു നടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പും സർക്കാരും തയ്യാറായില്ലെങ്കിൽ ഇനി ഈ നാട് ചിലപ്പോൾ സംയമനത്തിന്റെയും ചർച്ചയുടെയും ഭാഷ വിട്ട് നേരിട്ട് പ്രതികരിക്കേണ്ട സ്ഥിതി ഉണ്ടാകും.

ഇന്നലെയാണ് ആരോഗ്യപ്രവർത്തകരെ കേൾക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. അഞ്ചുദിവസം പൂർത്തിയാക്കുന്ന സർക്കാർ ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം അതേ വികാരത്തോടുകൂടി തന്നെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. രക്ഷിക്കാൻ ബാധ്യതപ്പെട്ടവർ ശിക്ഷിക്കുകയാണ് ഇവിടെ. ആരോഗ്യപ്രവർത്തകർ അത് ഡോക്ടർമാരോട് നഴ്സുമാരോ ആയിക്കൊള്ളട്ടെ ഉത്തരവാദിത്വം മറന്നു തുടങ്ങിയിരിക്കുന്നു. അവരെ അത് ബോധ്യപ്പെടുത്താൻ അതിൻറെ ഗൗരവത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതെ പോയത് തന്നെയാണ് ഉഷയെ പോലെയുള്ള ഒരുപാട് പേരുടെ ജീവിതങ്ങൾക്ക് മുകളിൽ മരണം തൂങ്ങി നിൽക്കുന്നതിന് കാരണമായത്. സർക്കാർ എല്ലാ കാലവും ഇത്തരം സംഘടിത സമൂഹത്തിൻറെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടു കൊണ്ട് കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്ന റിപ്പോർട്ടുകൾ സൃഷ്ടിച്ച നടപടികളില്ലാതെ തലോടലുകൾ മാത്രമാക്കിയതോടെയാണ് നമ്മുടെ സംവിധാനം അതിന്റെ ഭാഗമായി തൊഴിലെടുക്കുന്ന വ്യക്തികൾ അവരുടെ പ്രസ്ഥാനങ്ങൾ ഇത്രയേറെ നിരുത്തരവാദപരമായി നെറികെട്ട രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. അവകാശത്തിന് വേണ്ടി സമരം നടത്തുന്നവർ ഉത്തരവാദിത്വം മറക്കുകയാണെങ്കിൽ അവർക്ക് തക്കതായ മറുപടി നൽകണം.

പ്രകൃതിക്കും ഈശ്വരനും ശേഷം ഈ നാടും മണ്ണും മനുഷ്യനും ജീവനോളം വിശ്വസിക്കുന്നുണ്ടെങ്കിൽ അത് ആരോഗ്യപ്രവർത്തകരെയാണ്; ആ വിശ്വാസത്തിന്റെ കടക്കലാണ് കത്രിക തീർത്ത ഭീതി തുന്നി പിടിപ്പിച്ചിരിക്കുന്നത്. ഈ ക്രൂരതയ്ക്ക് ഒരു കോടതിയിലും മാപ്പു നൽകാനാവില്ല. നഷ്ടപരിഹാരത്തിന്റെ ചതുരക്കള്ളിയിൽ ഒതുക്കി നിർത്താനും ആവില്ല തെറ്റിന്റെ വലുപ്പത്തെ. സ്വകാര്യ കുത്തക ലോബി നാടിന്റെ ആരോഗ്യരംഗം കയ്യടക്കുന്നതിൽ സർക്കാരിന് ആരോഗ്യ പ്രവർത്തകർക്ക് ഇനി പ്രതികരിക്കാൻ ധാർമികമായ ഉത്തരവാദിത്വം ഇല്ലാതാവുകയാണ്. സർക്കാർ ആശുപത്രികളിൽ കയറിയിറങ്ങുന്നവർ പിന്നീട് മോർച്ചറിയിലേക്ക് ചെന്നു വീഴുന്ന അപകടകരമായ അവസ്ഥയിലാണ് കേരളത്തിന്റെ ആരോഗ്യരംഗം. ആരോഗ്യരംഗം വെന്റിലേറ്ററിൽ ആണെന്നാണ് കരുതിയത് പക്ഷേ മോർച്ചറിയിൽ ആണെന്ന് ഇതോടെ മനസ്സിലായി.

ഒന്നും രണ്ടുമല്ല ആരോഗ്യവകുപ്പിന്റെ കുറ്റകരമായ നാസയുടെ ഇരകൾ കോഴിക്കോട്ടെ ഹർഷിനയിൽ തുടങ്ങി എണ്ണിയാലും പറഞ്ഞാലും തീരാത്ത ഇനിയും പുറത്തുവരാൻ ആവാത്ത വിധം വേദനയും പ്രയാസങ്ങളും അടക്കിപ്പിടിച്ച് ഉരുകി ഉരുകി ജീവിക്കുന്നവർ എത്രയോപേർ. ജീവിക്കാനുള്ള അവരുടെ അവകാശത്തിനു മേൽ നിസ്സഹകരണത്തിന്റെയും നിരുത്തരവാദത്തിന്റെയും കത്രിക പൂട്ടിടുന്നവർക്ക് ഇനിയും മാപ്പ് നൽകാനാവില്ല. വാഗ്ദാനങ്ങളോ തെറ്റി തിരുത്തൽ പ്രസ്താവനകൾ കൊണ്ട് ഉഷയെ പോലെയുള്ളവരുടെ ദയനീയവും ദുരിത പൂർണവുമായ പ്രശ്നങ്ങളെ ന്യായീകരിക്കാൻ ഒരാളോ ഒരാൾക്കൂട്ടമോ ഇറങ്ങി വരേണ്ടതില്ല. ഇതിനെ ഇനിയും ഒറ്റപ്പെട്ട സംഭവവുമായി ന്യായീകരിക്കാൻ ആണ് ഔദ്യോഗിക സംവിധാനങ്ങളും ന്യായീകരണ കൂട്ടങ്ങളും തയ്യാറാക്കുന്നതെങ്കിൽ അതി രൂക്ഷമായ ഭാഷയിൽ തന്നെ നാട് ഒന്നടങ്കം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യും.

You may also like