Home Editorialആരോഗ്യമേഖലയിലെ ദുർവാശി അപകടകരം

ആരോഗ്യമേഖലയിലെ ദുർവാശി അപകടകരം

by news_desk1
0 comments

ആരോഗ്യമേഖലയിൽ നിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങൾക്കൊപ്പം തന്നെ മറ്റൊരു പ്രതിസന്ധിയായി രോഗികളെ വലയ്ക്കുകയാണ് സർക്കാർ ഡോക്ടർമാരുടെ സമരം. ഇന്നേക്ക് 9 ദിവസങ്ങൾ പിന്നിടുകയാണ് സമരം. നാൾക്കുനാൾ സ്ഥിതിഗതികൾ രൂക്ഷമായിട്ടും അനുനയ ചർച്ചകൾക്കോ സർക്കാരോ ബന്ധപ്പെട്ടവരോ തയ്യാറാകാത്തത് അങ്ങേയറ്റം അനിശ്ചിതത്വമാണ് ആശുപത്രികളിൽ സൃഷ്ടിച്ചിരിക്കുന്നത്. വേനൽക്കാലത്തിന്റെയും അനുബന്ധമായ ജീവിതശൈലി രോഗങ്ങളുടെയും പ്രയാസങ്ങൾക്ക് പുറമേ ഹൃദ്രോഹികൾ ഉൾപ്പെടെയുള്ളവർ ഓപ്പറേഷനുള്ള തീയതി തീരുമാനിച്ചിട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ നിന്ന് നട്ടംതിരിയുകയാണ്.

കാര്യക്ഷമമായ ചികിത്സ സുരക്ഷിതമായ മേൽനോട്ടത്തിൽ നൽകാൻ കഴിയാത്തതിന്റെ ഒന്നിലധികം ഉദാഹരണങ്ങൾ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായി പുറത്തു വരുമ്പോഴും സർക്കാർ തുടരുന്ന ഈ കടുംപിടുത്തം നല്ലതല്ല. ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഡോക്ടർമാർ സമരം നടത്തുന്നത്. തീർച്ചയായും അത് അംഗീകരിക്കേണ്ടത് തന്നെയാണ്. എല്ലാവരും ഇതേ അഭിപ്രായത്തിൽ നിലനിൽക്കുമ്പോഴും സർക്കാർ സമരം അവസാനിപ്പിച്ചതിനുശേഷം മാത്രമേ ചർച്ചയ്ക്ക് തയ്യാറാവുന്നു എന്നുള്ള നിലപാട് സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണ്.

ആരോഗ്യമേഖലയെ ഒന്നടങ്കം നിശ്ചലമാക്കുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കാത്തതാണ് ഏറ്റവും ഉചിതം. ‎ആവശ്യമായ ചികിത്സ കിട്ടാതെ ഇനിയും രോഗികൾ മരണപ്പെടുകയോ മറ്റ് ആരോഗ്യകരമായ പ്രയാസങ്ങൾ അനുഭവിക്കുന്ന സാഹചര്യമുണ്ടായാൽ നിലവിൽ പുറത്തുവന്നിരിക്കുന്ന ഒന്നിലധികം വീഴ്ചകൾ അടക്കം വലിയ ക്രമസമാധാന പ്രശ്നത്തിലേക്ക് പോലും പൊതുജനങ്ങളുടെ പ്രതികരണം എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. ‎ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിൽ ഭീകരമായ മഹാവ്യാധികളെയും അണുക്കളെയും ഒറ്റക്കെട്ടായി പ്രതിരോധിച്ചവരാണ് കേരളത്തിന്റെ ആരോഗ്യസേന.

അടുത്തകാലത്തായി അതിൽ ഉണ്ടായിരിക്കുന്ന വിള്ളലും അശ്രദ്ധയും കേരളത്തിൻറെ സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കിയിരിക്കുന്നു. അതിനൊപ്പം തന്നെ ഡോക്ടർമാരുടെ സമരവും നീണ്ടു പോയാൽ ഉണ്ടാകുന്ന ആഘാതം വാക്കുകൾക്കതീതമാണ്. അതിനാൽ ആരോഗ്യ മേഖലയുടെ അടിമുടിയുള്ള ശുചീകരണത്തിനും തെറ്റ് തിരുത്തലുകൾക്കും ഇനി കാലതാമസം ഉണ്ടായിക്കൂടാ. അടിയന്തരമായി ഡോക്ടർമാരുടെ സമരം പിൻവലിച്ചു ആശുപത്രികൾ സജീവമാക്കാനും രോഗികൾക്ക് ആശ്വാസമേകാൻ സർക്കാർ മുൻകൈയെടുക്കണം.

You may also like