Home Editorialപ്രതിഷേധം അക്രമത്തിനുള്ള ലൈസൻസ് അല്ല

പ്രതിഷേധം അക്രമത്തിനുള്ള ലൈസൻസ് അല്ല

by news_desk1
0 comments

‎ആരോഗ്യവകുപ്പ് എന്ന സിസ്റ്റം തകർന്നതിനെതിരെ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യുവിന്‍റെ ഭാഗത്തുനിന്ന് ഇന്നലെ ഉണ്ടായ പ്രതിഷേധം അക്രമത്തിലേക്ക് കടന്നത് അപലപനീയമാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിഷേധങ്ങൾ സ്വാഗതാർഹമാണ് സ്വാഭാവികമാണ് പക്ഷേ അതിര് കടക്കാൻ പാടില്ല. ആശയങ്ങൾ പരാജയപ്പെടുമ്പോൾ അതിന് മറച്ചുപിടിച്ച് വ്യക്തിഹത്യയും ശാരീരികവും മാനസികവുമായ ആക്രമണങ്ങളും നടത്തുന്നത് പ്രതിഷേധാർഹമാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഈ രീതികളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇത്തരം വിഷയങ്ങളിൽ ഒരേ നിലപാട് തന്നെയാണ് സമൂഹത്തിന് ഒന്നാകെയുള്ളത്. ജനാധിപത്യവിരുദ്ധത പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന സമാന രീതിയിലുള്ള സമരങ്ങളെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. സമരത്തിന് കാരണമായ വിഷയം എത്ര തന്നെ ഗുരുതരമാണെങ്കിലും പ്രതിഷേധത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അതിർവരമ്പ് കൃത്യമായി നിർണയിക്കപ്പെട്ടിട്ടുണ്ട്. ആ ബോധ്യവും അറിവും സമരം നയിക്കുന്നവരും പ്രതിഷേധത്തിന് ആളുകളെ അയക്കുന്നവരും പറഞ്ഞു മനസിലാക്കിയും വേണം തയ്യാറെടുക്കാൻ.

അടുത്തകാലത്തായി പൊതുപ്രവർത്തകർക്ക് നേടിയ ചെറുതും വലുതുമായ സമരപരിപാടികളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായി ശാരീരികമായ ആക്രമണങ്ങൾ നടത്തുന്നത് ഒരു പ്രവണതയായി മാറിയിട്ടുണ്ട്. അതിനെ പിൻപറ്റിയാണ് ഇപ്പോൾ ആരോഗ്യമന്ത്രിക്കെതിരെയും കയ്യേറ്റം ഉണ്ടായിരിക്കുന്നത്. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെ ഇതിലും ക്രൂരമായ ആക്രമണം ഉണ്ടായിട്ടുണ്ട്. ജനലക്ഷങ്ങൾക്കിടയിൽ പൊലീസിന്റെ സുരക്ഷാ സംവിധാനങ്ങളെ എല്ലാം പൊട്ടിച്ചെറിഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു നേരെ കല്ലെറിഞ്ഞതും നെറ്റി പൊട്ടി ഉമ്മൻചാണ്ടിക്ക് പരിക്കേറ്റത്. പൊതുപ്രവർത്തനം നടത്തുന്ന മനുഷ്യരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പടർത്തുന്നതാണ് ഇത്തരം സമരങ്ങൾ.

അപരിഷ്കൃതമായ തലമുറയുടെ സംഭാവനകളായ അക്രമസമരങ്ങളുടെ കാലം കഴിഞ്ഞുപോയി എന്ന് പുതിയ തലമുറയുടെ നേതാക്കളെയും പ്രവർത്തകരെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ പഠിപ്പിച്ചു നൽകണം. അഭിപ്രായ ഭിന്നതകളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും രാഷ്ട്രീയത്തിൽ അനിവാര്യമാണ്. അതിനെ സർഗാത്മകമായ രീതിയിൽ കണ്ട് വിലയിരുത്തിയും വിമർശിച്ചുമാണ് മുന്നോട്ടു പോകേണ്ടത്. ആയുധം കൊണ്ടും കയ്യൂക്ക് കൊണ്ടോ ഇവിടെ ഒന്നും ശാശ്വതമായി വിജയിക്കപ്പെട്ടിട്ടില്ല. നാടിന്റെ ആകെയുള്ള സമാധാനന്തരീക്ഷത്തെ ഇല്ലാതാക്കുന്നതിന് മാത്രം വഴിയൊരുക്കുന്ന കയ്യേറ്റ സമര രീതികൾ അവസാനിപ്പിക്കാൻ സർവ്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുൻകൈയെടുക്കണം. ഒരിക്കൽ കൂടി സൂചിപ്പിക്കുകയാണ് പ്രതിഷേധങ്ങൾ ജനാധിപത്യപരമാവണം.

You may also like