കേരള സ്റ്റോറി2 സിനിമയുമായി ബന്ധപ്പെട്ട ആശങ്ക ഹൈക്കോടതിയും മനസിലാക്കിയാണ് സിനിമയുടെ റിലീസ് താൽക്കാലികമായി തടഞ്ഞ ഉത്തരവുണ്ടായത്. കേരളം മതസൗഹാർദ്ദത്തിൽ കഴിയുന്ന സംസ്ഥാനമാണെന്നും, എന്നാൽ ഈ സിനിമ അത്തരമൊരു പ്രതിച്ഛായയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കോടതി പറഞ്ഞു. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് കോടതി നിർദ്ദേശിച്ചു. കാമാഖ്യാ നാരായൺ സിംഗ് സംവിധാനം ചെയ്ത് വിപുൽ അമൃത് ലാൽ നിർമ്മിക്കുന്ന കേരള സ്റ്റോറി 2 ആദ്യഭാഗത്തിന് സമാനമായ വിവാദങ്ങളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന് ഒരു ഏ സർട്ടിഫിക്കറ്റ് പോലും നൽകിയില്ല എന്നും പകരം U/A ആണ് നൽകിയത് എന്നും സെൻസർ ബോർഡിനോടുള്ള പരാമർശമായി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമകളുടെ തലക്കെട്ടിൽ സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയോ പേര് ഉപയോഗിക്കുന്നത് പുതിയ കാര്യമല്ലെന്ന് മറുവാദമായി സെൻസർ ബോർഡ് ഉയർത്തിക്കാട്ടി. എന്നാൽ ജനങ്ങളുടെ ആശങ്കയും സിനിമയുടെ പ്രമേയത്തെ സംബന്ധിച്ചുള്ള വ്യത്യസ്തമായ അഭിപ്രായങ്ങളും കണ്ടില്ലെന്ന് നടിക്കാൻ ആകില്ലെന്ന് കേരളത്തിൽ എല്ലായിടങ്ങളിലും നിലവിൽ പ്രചരിപ്പിക്കപ്പെട്ട ടീസറിൽ കാണുന്നതുപോലെയുള്ള ദൃശ്യങ്ങൾ തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും ട്രൂ സ്റ്റോറി എന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചത് എന്നെല്ലാം പറയുന്നത് ടീസറിൽ വ്യക്തമാണ്. എന്താണ് ഇത് സൂചിപ്പിക്കുന്നത് എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കേണ്ടതുണ്ട്.
കേരളത്തിന്റെ മതേതര മനസിനെ മുറിവേൽപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു ചലച്ചിത്ര ആവിഷ്കാരം ഒരുങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്. കേരളത്തിന്റെ മണ്ണിൽ വർഗീയ വിഷവും വിത്തുകളും വിതയ്ക്കാനും കൊയ്യാനും ശ്രമിക്കുന്ന സംഘപരിവാർ സ്പോൺസേർഡ് ഏജൻസികളുടെ നിർമ്മാണമാണ് കേരള സ്റ്റോറിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ. പ്രേക്ഷക സമൂഹത്തിന് മുന്നിൽ കേരള വിരുദ്ധത പച്ചയായി പ്രചരിപ്പിക്കാനും അവരുടെ മനസുകളിലേക്ക് കുത്തിനിറയ്ക്കാനുമുള്ള തീവ്രമായ വിദ്വേഷത്തിന്റെ കൂടി ഭാഗമായിട്ടാണ് ഇത്തരം നീക്കങ്ങളെ കാണേണ്ടത്. അതീവ ഗൗരവത്തോടെ തന്നെ ജനങ്ങളും അധികാരികളും ഈ സംഭവത്തെ കാണേണ്ടതുണ്ട്.
കേരളത്തിൻറെ ഹൃദയമിടിപ്പും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനവുമായി മാറിയിട്ടുള്ള ആഘോഷങ്ങളെയും മലയാളനാട് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചു പോരുന്ന നാടിന്റെ നന്മയ്ക്ക് വഴിവിളക്കുകൾ ആയി മാറിയിട്ടുള്ള പാരമ്പര്യ രീതികളെയും ജാതിയുടെയും മതത്തിന്റെയും പേരിൽ നടത്തുന്ന തിന്മയുടെ പ്രചരണ ഉപകരണങ്ങളായി അവതരിപ്പിക്കാനാണ് കേരള സ്റ്റോറി കൊണ്ട് പ്രധാനമായും അതിൻറെ അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത് എന്ന് ഒന്നാം ഭാഗത്തിലൂടെ തന്നെ എല്ലാവർക്കും മനസിലായിട്ടുള്ള കാര്യമാണ്. മലയാളികളുടെ മനസിലും പ്രവർത്തിയിലും നിറഞ്ഞുനിൽക്കുന്ന സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദരത്വത്തിന്റെയും ചരടുകൾ അറുത്തുമാറ്റാൻ സിനിമയെ ആയുധമാക്കി മൂർച്ച കൂട്ടുകയാണ് രണ്ടാം ഭാഗത്തിലൂടെ.
ആത്മാവിഷ്കാരത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ചരിത്രമുറങ്ങുന്ന ഇന്ത്യയിലും കേരളത്തിലും അതിനെ മറ പിടിച്ചുകൊണ്ട് നാടിനെ വെട്ടി മുറിക്കാൻ നടത്തുന്ന രാജ്യദ്രോഹം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ശ്രമങ്ങളെ ഏതു രീതിയിലാണെങ്കിലും പൗര സമൂഹം ഒറ്റക്കെട്ടായി എതിർത്ത് നിന്ന് തോൽപ്പിക്കേണ്ടത് നമ്മുടെ ദൗത്യവും കടമയുമാണ്. സംസ്ഥാന ചലച്ചിത്രോത്സവത്തിൽ പാലസ്തീൻ 36 ഉൾപ്പെടെയുള്ള 5 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചവർ കേരള സ്റ്റോറിക്ക് ഗുഡ് സർട്ടിഫിക്കറ്റും പ്രദർശനാനുമതിയും നൽകിയതിലെ താല്പര്യ എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ഏതു മനുഷ്യർക്കും മനസിലാകും. സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും വളർത്താൻ ശ്രമിക്കുന്ന ദി കേരള സ്റ്റോറി പോലെയുള്ള ചലച്ചിത്രങ്ങൾക്ക് ഒരാവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പിന്തുണ നൽകാൻ പാടില്ല. അങ്ങനെ നൽകുകയാണെങ്കിൽ അത് ഓരോ പൗരന്മാരുടെയും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും.
ക്രമസമാധാന പാലനത്തിൽ മാതൃകയായി സുസ്ഥിര വികസന സൂചികയിൽ പോയ വർഷങ്ങളെ അപേക്ഷിച്ച് മുൻപന്തിയിൽ എത്തിനിൽക്കുന്ന മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും പര്യായമായ കേരള മണ്ണിനെ വിദ്വേഷഭൂമിയായി പരിവർത്തനം ചെയ്യാൻ ഉദ്ദേശിക്കുന്ന എല്ലാ നീക്കങ്ങളെയും നാടോന്നിച്ച് തള്ളിക്കളയണം. ഇതിലൂടെയൊന്നും കേരളത്തിന്റെ ഒരുമയെ തകർക്കാൻ ആവില്ലെന്ന് നമുക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. ഇനി വരുന്ന തലമുറകളും സാഹോദര്യത്തോടെ നന്മകളാൽ സമൃദ്ധമായ കാലത്ത് എന്നാൽ ഇവിടെ ജീവിക്കും എന്ന് തെളിയിക്കണം’.കേരളം നമ്മുടെ ഹൃദയമാണ്. അതിനു നേരെ ഉയരുന്ന ഓരോ കൈകളും നമുക്ക് നേരെയാണ്. ഒന്നായി ഒരുമിച്ച് നിന്ന് മതേതര കേരളമെന്ന നാമം കാത്തു സൂക്ഷിക്കാം.
