ന്യൂഡൽഹി രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റ വിമുക്തരാകുമ്പോൾ വീണ്ടും പ്രഹരമേൽക്കുന്നത് അന്വേഷണ ഏജൻസികളുടെ നെറികേടിനാണ്. ഇരുവരെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിപ്രസ്താവം ഉണ്ടായത് വെള്ളിയാഴ്ചയാണ്. ഉത്തരവ് അറിഞ്ഞ വികാരാധിതനായാണ് മാധ്യമങ്ങളോട് അരവിന്ദ് കെജരിവാൾ പ്രതികരിച്ചത്. തെളിവില്ലാത്ത കേസിൽ ഉൾപ്പെടുത്തിയത് എന്തിനെന്ന് കോടതി സി.ബി.ഐയോട് ചോദിച്ചു. സത്യം ജയിച്ചു എന്നും നരേന്ദ്രമോദിയും അമിത് ഷായും ചേർന്ന കെട്ടിച്ചമച്ച കേസാണ് ഇതെന്നും കേജ്രിവാൾ പറഞ്ഞു.
ഇത് ഇപ്പോൾ പറയുന്നതല്ല, അന്ന് ആക്ഷേപമുയർന്നപ്പോൾ തന്നെ വ്യക്തമാക്കുന്നതാണ്. പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിയുടെ നാണക്കേട് മറക്കാൻ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സി.ബി.ഐ ഒരുങ്ങുകയാണ്. അന്നുയർത്തിയ ചോദ്യം വീണ്ടും ഉയരുന്നുണ്ട്. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ എന്തായിരുന്നു കയ്യിലുണ്ടായിരുന്ന തെളിവ്. കുറഞ്ഞ പക്ഷം കോടതിക്ക് അതിന്റെ ചെറിയ വശമെങ്കിലും ബോധ്യപ്പെടേണ്ടേ?. അന്വേഷണ ഏജൻസികൾ ഭരണകൂടങ്ങളുടെ കളിപ്പാവകളും കൂട്ടിലടച്ച തത്തയുമാകരുതെന്ന് ഉന്നത നീതിപീഠം ഇടക്കിടെ പറയുന്നതാണ്. സമീപകാലത്താണ് അന്വേഷണ ഏജൻസികൾ ചട്ടുകങ്ങളായി പ്രവർത്തിച്ചു തുടങ്ങിയതെന്ന് കാണാതിരിക്കാനാവില്ല. ഈ അവസരത്തിൽ ഇന്ത്യയിലെ അന്വേഷണ ഏജൻസികളോട് രാജ്യത്തിന് പറയാനുള്ളത് ഒന്നു മാത്രമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കളിപ്പാവകൾ ആകരുത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ശത്രുക്കളെ എല്ലാം അഴിമതി ആരോപണങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെടുത്തി ജയിലിൽ അടയ്ക്കാൻ തയ്യാറാകുമ്പോൾ ഒന്നോർക്കണം ഇവിടം ഏകാധിപത്യ രാജ്യമല്ല ജനാധിപത്യ രാജ്യമാണെന്ന്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് രാജ്യം ഒന്നടങ്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണ കൊള്ള കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഈയടുത്ത കാലത്ത് സി.ബി.ഐ തെളിയിച്ച 5 കേസുകൾ ഏതാണെന്ന് പറയാമോ എന്ന് കേരള ഹൈക്കോടതി ചോദിച്ചത്. ഭാരതത്തിലെ ഏറ്റവും സത്യസന്ധവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസിയുടെ കാര്യശേഷിയിലും വിശ്വാസ്യതയിലുമാണ് നീധിപീഠം സംശയ പരിഹാസമുയർത്തിയത്. കൂട്ടിലടക്കപ്പെട്ട തത്തകളായി അന്വേഷണ ഏജൻസികൾ രാഷ്ട്രീയപാർട്ടികളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് മാറുമ്പോൾ രാജ്യത്ത് അന്ത്യശ്വാസം വലിക്കുന്നത് സത്യവും നീതിയും ആണ്. രാജ്യത്തിന്റെ കാവൽക്കാർ തന്നെ രാജ്യത്തിന്റെ കൊലയാളികളായി മാറുന്ന അത്യന്ത ഭീകരവും ആശങ്കാജനകമായ സ്ഥിതി വിശേഷമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കാണാനാകുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യപ്പെട്ട രാഷ്ട്രീയ തിരക്കഥയുടെ ഭാഗമായിട്ടാണ് അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയ പ്രതികളാക്കപ്പെടുന്നത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ്.
പക്ഷേ, സമീപകാലത്ത് ഏറെയും കുറ്റവാളികളേക്കാൾ കൂടുതൽ നിരപരാധികൾ ക്രൂശിതരാവുന്നതാണ് കാണുന്നത്. അതിൽ ഉയർന്നവരോ താഴ്ന്നവരോ എന്നോ വെത്യാസമില്ലാതായിരിക്കുന്നുവെന്നത് ഈ കാലത്തിൻ്റെ ഏറ്റവും വലിയ ദുസൂചനയാണ്. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ പാർട്ടികളുടെ പിണിയാണുകളായി മാറുമ്പോൾ അവസാനിക്കുന്നത് ജനങ്ങൾക്ക് നിയമത്തിലുള്ള വിശ്വാസമാണ്. ഭരണകക്ഷിയുടെ ആശ്രിതരും താൽപ്പര കക്ഷികളുമായാൽ രാജ്യത്ത് എന്തും ചെയ്യാനുള്ള അന്വേഷണ ഏജൻസികളുടെ ലൈസൻസി ലഭിക്കുകയാണ്. തെറ്റിനെ തെറ്റായി കാണാനും ശരിയേ ശരിയായി കാണാനും കഴിയുന്നവർ ഇരുന്ന കസേരയിൽ ഇരുന്നുകൊണ്ട് അധികാരത്തിന്റെ തണലിൽ എല്ലാ വൃത്തികേടുകൾക്കും കുടപിടിക്കുന്ന അന്വേഷണ ഏജൻസികൾക്കെതിരെ ജനരോഷം കത്തിത്തുടങ്ങിയിട്ടുണ്ട്. ഇനിയും തിരുത്താൻ തയ്യാറായില്ലെങ്കിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങളും തിരിച്ചടികളുമായിരിക്കും നേരിടേണ്ടി വരിക.
