പടിഞ്ഞാറൻ ഏഷ്യയിൽ വീണ്ടും യുദ്ധമേഘങ്ങൾ കട്ടികൂടുന്നു. ദീർഘകാലമായി മറവിൽ നീണ്ടുനിന്നിരുന്ന ഇസ്രയേൽ–ഇറാൻ വൈരം തുറന്ന സംഘർഷത്തിലേക്ക് എത്തിയ സൂചനകൾ ലോക രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നു. പ്രോക്സി യുദ്ധങ്ങൾ, മിസൈൽ ആക്രമണങ്ങൾ, സൈബർ നീക്കങ്ങൾ—ഇവയൊക്കെയായി വർഷങ്ങളായി വളർന്ന സംഘർഷം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കു വഴിമാറുകയാണെങ്കിൽ അതിന്റെ പ്രതിഫലം മേഖലക്കതീതമായി വ്യാപിക്കുമെന്നത് വ്യക്തമാണ്. ലോകം മുഴുവൻ സമാധാനം ആഗ്രഹിക്കുകയും അതിനുവേണ്ടി നിരന്തരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് ഒരു ഭരണാധികാരിയെ എന്ന നിലയിലുള്ള ധാർമികമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് വ്യതിചലിച്ച് ട്രംപ് നടത്തുന്ന ഏകാധിപത്യവാഴ്ചയുടെ ഫലമായാണ് വീണ്ടും മാനവസമൂഹം യുദ്ധമുനയിൽ നിൽക്കുന്നത്.
ഇസ്രായേലിന്റെയും യുഎസിന്റെയും സംയുക്ത ആക്രമണം മനുഷ്യ മനസാക്ഷിക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഇറാനിൽ ശനിയാഴ്ച മുതൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ ആക്രമണങ്ങളും ഇസ്രായേലിനൊപ്പം ചേർന്നുള്ള സംയുക്ത സൈനിക നടപടികളുടെ ഭാഗമായാണെന്ന് യു.എസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. നേരത്തെ ഇസ്രായേലും ഇറാനെതിരെ പ്രതിരോധ ആക്രമണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ടെഹ്റാനിലെ വിവിധ ഇടങ്ങളിൽ സ്ഫോടനങ്ങളുണ്ടായത്. പതിയെ വൈകുന്നേരത്തോടുകൂടി ഗൾഫ് മേഖലകളിലേക്കും ആക്രമണം വ്യാപിക്കുകയുണ്ടായി. അക്രമണത്തിന്റെ തുടക്കം ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയുടെ സമീപമാണ് നടന്നത്. സ്ഫോടനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് ഇറാന സമീപം അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളടക്കം വിന്യസിച്ചിരുന്നു. കഴിഞ്ഞ നാൾ ജനീവയിലെ ആണവ ചർച്ചകളിൽ തീരുമാനമൊന്നും ഉണ്ടാകാതിരുന്നതിനാൽ ട്രംപ് അതൃപ്തിയിലായിരുന്നു. അതെല്ലാമാണ് യുദ്ധത്തിൻ്റെ ആരംഭത്തിന് കാരണമായത്.
ഇത് രണ്ടുരാജ്യങ്ങളുടെ മാത്രം പ്രശ്നമല്ല; ഗാസ, ലെബനൻ, സിറിയ തുടങ്ങിയ പ്രദേശങ്ങളിൽ ഇതിനകം അസ്ഥിരത ഉയർന്നിരിക്കുകയാണ്. ഇറാന്റെ പ്രാദേശിക സ്വാധീനവും ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകളും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ ശക്തിസമവാക്യങ്ങൾക്ക് വഴിയൊരുക്കും. യഥാർഥത്തിൽ അങ്ങേയറ്റം വലിയ പ്രതിസന്ധികളിലേക്കാണ് നാം ഈ യുദ്ധത്തിലൂടെ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിൽ സമീപകാലങ്ങളിലായി വിവിധ രാഷ്ട്രങ്ങൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങൾ പ്രതിഷേധാർഹമാണ്. അതിനെതിരെ കക്ഷിരാഷ്ട്രീയത്തിലും മറ്റൊരു ചിന്തകൾക്കും അതീതമായി പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും, മറുവശത്ത് റഷ്യയും ചൈനയും-എല്ലാവരും ഈ സംഘർഷത്തെ തങ്ങളുടെ തന്ത്രപരമായ കണക്കുകൂട്ടലുകളിൽ ഉൾപ്പെടുത്തുന്ന ഘട്ടത്തിലാണ്. സാമ്രാജ്യത്വവാദത്തിന് ഏതുവിധേനയും ചെറുക്കേണ്ടത് ജനാധിപത്യത്തിന്റെ അനിവാര്യമാണ്. ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം അമേരിക്കൻ സാമ്രാജ്യത്വം ഇസ്രായേലുമായി ചേർന്ന് നടത്തുന്ന യുദ്ധത്തിനെതിരെ പ്രതിരോധം തീർക്കണം. കഴിഞ്ഞ കുറച്ചു നാളുകളായി നേതൃത്വത്തിൽ ആരും കണ്ടിട്ടില്ലാത്ത ആർക്കും കെട്ടുപരിചയം പോലും ഇല്ലാത്ത തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഏറ്റവും ആദ്യം ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങൾക്ക് എതിരെ അധിക തീരുവ ചുമത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെയായിരുന്നു ആ അടിച്ചേൽപ്പിക്കൽ നടന്നത്. പിന്നീട് ഇന്ത്യ പാകിസ്ഥാൻ ആക്രമണത്തിൽ താൻ ഇടപെട്ടാണ് രമ്യതയിൽ എത്തിച്ചു തന്ന അവകാശവാദവുമായി രംഗത്തെത്തി. യാതൊരുവിധ മാനുഷികമോ ഭരണപരമോ ആയ മാന്യത പാലിക്കാതെ വെനസ്വേല രാജ്യം പിടിച്ചടക്കി. ഇന്നലെകളിലെ ഏകാധിപതികളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ട്രംപ് ഇതുവരെയുള്ള പ്രവർത്തനങ്ങൾ എല്ലാം. നോമ്പ് മാസത്തിൽ മനപ്പൂർവ്വം യുദ്ധം ഉണ്ടാക്കി ലോകത്തമ്പാടും വർഗീയ സംഘർഷങ്ങൾക്ക് തിരികൊളുത്താനാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും ശ്രമം. അധികാരം കൈയ്യാളുന്ന നാട്ടിൽ ജനപിന്തുണ നഷ്ടപ്പെട്ടു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന സർവ്വേ പോലും ശരിവെക്കുമ്പോൾ അധികാരത്തിൽ നിന്ന് താഴെ ഇറങ്ങാൻ അടിക്കുന്ന ഒരാളുടെ വിഭ്രാന്തിയാണ്. യുദ്ധം ഒന്നിനും പരിഹാരമോ ഒന്നിന്റെയും അവസാനമോ അല്ല ആഹ്വാനം ചെയ്യുന്നവർ അത് മനസിലാക്കാതെ പെരുമാറുന്നതാണ് കഷ്ടം. രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ പരിഗണിക്കാനും തയ്യാറാക്കാതെ നടത്തുന്ന യുദ്ധങ്ങൾക്കെല്ലാം കനത്ത മറുപടി തന്നെ അമേരിക്കക്കും ഇസ്രായേലിനും പറയേണ്ടിവരും. യുദ്ധം വൻ മനുഷ്യാവകാശ പ്രതിസന്ധിയിലേക്കും ഊർജവിലകളിലെ കുതിപ്പിലേക്കും നയിക്കാനുള്ള സാധ്യതയുണ്ട്. ഹോർമുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാന മേഖലകളിൽ അനിശ്ചിതത്വം ഉയർന്നാൽ ലോക സമ്പദ്‌വ്യവസ്ഥ തന്നെ സമ്മർദ്ദത്തിലാകും.
ഇതിനകം സാമ്പത്തികമായി ക്ഷീണിച്ചിരിക്കുന്ന രാജ്യങ്ങൾക്ക് ഇത് കൂടുതൽ ഭാരമായി തീരും. ഇത്തരമൊരു സാഹചര്യത്തിൽ ആഗോള സമൂഹം നിർണായകമായ ഇടപെടലിനിറങ്ങണം. ശക്തിപ്രദർശനങ്ങളേക്കാൾ സംവാദം മുൻഗണന നൽകേണ്ട സമയമാണിത്. യുദ്ധം ആരെയും വിജയികളാക്കുന്നില്ല; അത് അവശേഷിപ്പിക്കുന്നത് അവശിഷ്ടങ്ങളെയും മനുഷ്യവേദനയെയും മാത്രമാണ്. പടിഞ്ഞാറൻ ഏഷ്യയിൽ തീപിടിച്ചാൽ അതിന്റെ ചൂട് ലോകമെങ്ങും അനുഭവപ്പെടും. അതുകൊണ്ട് തന്നെ ഈ സംഘർഷം തീർക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടത് ചരിത്രത്തിന്റെ ആവശ്യമാണ്. സമാധാനത്തിന്റെ ശബ്ദം ഉയരുന്നില്ലെങ്കിൽ, യുദ്ധത്തിന്റെ ഗർജ്ജനം മനുഷ്യകുലത്തിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്യാൻ ഇടയാക്കും.
