മുണ്ടക്കൈ–ചൂരൽമല ഉരുൾദുരന്തം കേരളത്തിന്റെ ഹൃദയത്തിൽ തീർത്ത മുറിവ് ഇന്നും പുതുതാണ്. ഒരു രാത്രിക്കുള്ളിൽ വീടുകളും സ്വപ്നങ്ങളും ബന്ധങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങളുടെ കണ്ണീർ സംസ്ഥാനമൊട്ടാകെ പങ്കുവെച്ച വേദനയായി മാറിയിരുന്നു. എന്നാൽ അതേ വേദനയിൽ നിന്നാണ് ഉയിർത്തെഴുന്നേൽപ്പിന്റെ ശക്തിയും പിറന്നത്. ദുരന്തബാധിതർക്കായി നിർമ്മിച്ച ആദ്യഘട്ട ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്യപ്പെടുന്നത് അതിന്റെ ദൃശ്യസാക്ഷിയാണ്. ഒരിക്കലും ഒരിടത്തും തോൽക്കില്ലെന്നും മലയാളിയുടെ ആത്മവിശ്വാസത്തെ അളക്കാനോ തകർക്കാനോ ഒരു ശക്തിക്കും കഴിയില്ലെന്നും തെളിയിച്ച് ദുരിതബാധിതരുടെ കണ്ണീരൊപ്പി വയനാട് ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. എല്ലാം നഷ്ടപ്പെട്ട ജനതയ്ക്ക് നാടിൻറെ കരുതലും പിന്തുണയുമാണ് തല ഉയർത്തി നിൽക്കുന്ന വീടുകൾ.
ജാതിയുടെയോ മതത്തിന്റെയും വർഗ്ഗത്തിന്റെയോ വർണ്ണത്തിന്റെയോ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ അവർ ഇനി അവിടെ സ്വസ്ഥമായി ഉറങ്ങും. 2024 ജൂലൈ 30 മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ജീവിതത്തെ പോലും വെറുത്തുപോകുന്ന ഒരു കറുത്ത രാത്രി ഇന്നും അതിന്റെ മരവിപ്പ് മാറാത്ത മനുഷ്യർ അനവധിയുണ്ട്. ആദ്യം ഒരു ചെറിയ ശബ്ദത്തോടെ തുടങ്ങിയ ഉരുൾപൊട്ടൽ പിന്നെ ഓർക്കാനും ഓർമിപ്പിക്കാനും ഇഷ്ടമില്ലാത്ത വിധം ക്രൂരവും പൈശാചികവുമായി ആർത്തലച്ചു വന്ന പേമാരി. അവിടെനിന്ന് തുടങ്ങിയതാണ് മലയാളം. ചേർത്തുപിടിക്കാൻ വേദനിക്കുന്നവർക്ക് ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം തുടങ്ങാൻ ഞാനും നീയും അല്ല നമ്മളുണ്ട് എന്ന വലിയ പാഠം പകർന്നു നൽകിയ തുടങ്ങിയ ചരിത്രയാത്ര. ഇത് വെറും വീടുകളുടെ സമുച്ചയം മാത്രമല്ല; ആത്മവിശ്വാസത്തിന്റെ പുനർനിർമ്മാണമാണ്. സർക്കാർ സംവിധാനങ്ങളും സന്നദ്ധസംഘടനകളും നാട്ടുകാരും കൈകോർത്ത് പ്രവർത്തിച്ച കൂട്ടായ്മയുടെ ഫലമാണ് ഈ പുനരധിവാസ പദ്ധതി.
ദുരന്തത്തെ മറികടക്കാനുള്ള മനോബലം കേരളത്തിനുണ്ടെന്ന് ലോകത്തോട് പറഞ്ഞുകൊടുക്കുന്ന പ്രതീകവുമാണ് ഇത്. ഇന്നലെ കേരളം ആ ചരിത്രത്തിന്റെ ശിലാ ഫലകമാണ് അനാച്ഛാദനം ചെയ്തത്. അവിടെ കൂടിയിരുന്ന മനുഷ്യർക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മറക്കാനാവാത്ത നിമിഷം ഏതാണെന്ന് മരണം വരുന്ന കാലത്തോളം ചോദിച്ചാൽ നെഞ്ചിൽ കൈവെച്ചു പറയാൻ കഴിയും ഞങ്ങൾ ഒന്നായി മാറിയ ആ നിമിഷത്തെക്കുറിച്ച്. ഇത് കേരളത്തിലെ മാത്രം സാധ്യമാകുന്ന മനുഷ്യസ്നേഹത്തിന്റെയും മാനവികതയുടെയും തിരുശേഷിപ്പാണ്. ഇതിനപ്പുറം പറയാനോ പറയിപ്പിക്കാനോ ചെയ്യാനോ ഒന്നും ഈ ലോകത്തിന് അവശേഷിക്കുന്നില്ല. തീർച്ചയായിട്ടും ഇതൊരു പോരാട്ടമായിരുന്നു വരുംതലമുറ വായിച്ചു വളരേണ്ട അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ പറയേണ്ടത് പറഞ്ഞു നടക്കേണ്ടതുമായ ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സത്യമുള്ള കഥ.
ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെയും അതുവരെ കൂട്ടിവെച്ച സമ്പാദ്യങ്ങളും സ്വപ്നങ്ങളും നഷ്ടമായപ്പോൾ തിരിച്ചുവരവിനായി അവകാശമുള്ള പണം ചോദിച്ചതിന് രാഷ്ട്രീയത്തിന്റെ തിമിരം ബാധിച്ച കണ്ണുകൾ കൊണ്ട് അധികാരത്തിന്റെ മുഷ്ടികൾ കൊണ്ട് അപമാനിച്ചതിന് അവഹേളിച്ചത്തിനും കേരളം തോളോട് തോൾ ചേർന്ന് നൽകിയ മധുര പ്രതികാരമാണ്. ഈ നിമിഷത്തിലും ലോകമെമ്പാടുമുള്ള മലയാളികൾ ചോദിക്കുന്നു, എന്തിനുവേണ്ടിയാണ് ഞങ്ങൾക്ക് അവകാശപ്പെട്ട പണം നിഷേധിച്ചത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി അർഹതപ്പെട്ട പലതും ഞങ്ങളിൽനിന്ന് പിടിച്ചെടുത്തപ്പോൾ തോന്നാത്തത്ര വിഷമവും ഹൃദയവേദനയും ആണ് മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്ക് നൽകാൻ പണമില്ലെന്ന് ധിക്കാരപരമായ നിലപാട് കേന്ദ്രം സ്വീകരിച്ചപ്പോൾ തോന്നിയത്. പക്ഷേ അവിടെ ഒന്നിച്ചിറങ്ങാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി വയനാട് ടൗൺഷിപ്പ് എന്ന നിരവധി ജീവിതങ്ങളുടെ അതേ സ്ഥാനമൊരുക്കാൻ ഞങ്ങൾ തുനിഞ്ഞ് ഇറങ്ങിയത് കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. പുനരധിവാസത്തെ സംബന്ധിച്ച് രാഷ്ട്രീയവും അരാഷ്ട്രീയപരവുമായ വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു അവിടെയെല്ലാം കൃത്യവും വ്യക്തവും ആധികാരികവുമായി ജനാധിപത്യപരമായ ചർച്ചയിലൂടെ സർക്കാർ പരിഹാരം കണ്ടു.
പുനരധിവാസത്തിന്റെ ലോക മാതൃക കേരളം കാണിച്ചു നൽകി. വയനാടിന്റെ വീണ്ടെടുപ്പ് മനുഷ്യത്വമുള്ളവരുടെ ഒത്തൊരുമയുടെയും ചങ്കുറപ്പിന്റെയും വിജയചിത്രമാണ്. മുഖ്യമന്ത്രിയുടെ വാക്കുകൾ പോലെ, ഇതാണ് ലോകത്തിന് മാതൃകയായ കേരളത്തിന്റെ റിയൽ സ്റ്റോറി. പുനരധിവാസം എന്നത് താമസസൗകര്യത്തിൽ ഒതുങ്ങുന്നില്ല. ജീവിതോപാധി, വിദ്യാഭ്യാസം, മാനസികാരോഗ്യം-എല്ലാം ഉൾക്കൊള്ളുന്ന സമഗ്ര സമീപനം തുടർന്നും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ദുരന്തനിവാരണത്തിൽ ശാസ്ത്രീയതയും മുൻകരുതലുകളും ശക്തിപ്പെടുത്തേണ്ടതിന്റെ ഓർമ്മപ്പെടുത്തലായും മുണ്ടക്കൈ–ചൂരൽമല ദുരന്തം നിലനിൽക്കുന്നു. അവശിഷ്ടങ്ങളിൽ നിന്നുയർന്ന ഈ ടൗൺഷിപ്പ് കേരളത്തിന്റെ അതിജീവനഗാഥയിലെ പുതിയ അധ്യായമാണ്. നഷ്ടങ്ങളെ മറക്കാനാവില്ല; പക്ഷേ അവയെ മറികടന്ന് മുന്നേറാനുള്ള കരുത്ത് ഈ മണ്ണിനുണ്ട് എന്ന ആത്മവിശ്വാസം ഇന്ന് വീണ്ടും ഉറപ്പിക്കപ്പെടുന്നു.

