Home Editorialആത്മാഭിമാനത്തെ അപമാനിക്കരുത്

ആത്മാഭിമാനത്തെ അപമാനിക്കരുത്

by news_desk1
0 comments

ഭരണഘടനയിൽ സ്ത്രീയും പുരുഷനും തുല്യമാണ്. ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങൾക്ക് കീഴിൽ വിവേചനങ്ങൾ ഇല്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ കഴിയുന്നതാണ് ഇന്നാൾ വരെയുള്ള നമ്മുടെ നാടിൻ്റെ സമ്പ്രദായം. എന്നാൽ, സമീപകാലത്തായി സ്ത്രീകൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അതിക്രമങ്ങളെ മുൻനിർത്തിക്കൊണ്ട് അവർക്കെതിരെ നടക്കുന്ന തെറ്റായ ചെയ്തികൾക്കെതിരെ ശക്തമായ നിയമനിർമാണങ്ങൾ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളും നിയമസംവിധാനങ്ങളും കൂടിയാലോചിച്ചു രൂപം നൽകി.

വലിയതോതിൽ തന്നെ സ്ത്രീ സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് കരുത്ത് പകരുന്ന ആത്മവിശ്വാസത്തിന്റെ പ്രതീകങ്ങളായിരുന്നു ആ നിയമങ്ങളെല്ലാം. അവിടെയും നിയമത്തെ തെറ്റായി ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്ത്രീകളുടെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടായി. അത്തരം ഒരു പ്രവർത്തിക്കെതിരെയുള്ള ശക്തവും മാതൃകാപരവുമായ നിലപാടാണ് കഴിഞ്ഞദിവസം കേരള ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും അന്തസും ആത്മാഭിമാനവും ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. അവരുടെ അന്തസ് ഹനിക്കപ്പെടുമ്പോൾ സമൂഹം അയാൾക്കൊപ്പം നിൽക്കണം. വിവാഹേതര ബന്ധത്തിൽ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിൻറെ പേരുമാറ്റാൻ നിർദ്ദേശിക്കണം എന്നുള്ള യുവതിയുടെ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞു കൃഷ്ണന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള വിധി പ്രസ്താവത്തിനൊപ്പം ഇത്തരമൊരു നിലപാട് കൂടി ഉണ്ടായത്.

തൃശൂർ സ്വദേശിയായ യുവതിയും രണ്ടാം ഭർത്താവുമാണ് ആവശ്യമുന്നയിച്ച് ഹർജി നൽകിയത്. പിതാവിന്റെ പേര് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ എട്ടു വയസുകാരിയുടെ പഠനം മുടങ്ങും എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഭാര്യയുടെ വഴിവിട്ട ബന്ധം തിരിച്ചറിഞ്ഞിട്ടും ആറു വർഷത്തോളം ആ യുവതിയെയും കുട്ടികളെയും സംരക്ഷിക്കാൻ തയ്യാറായ യുവാവിന്റെ വിശാലമനസിനെ കോടതി പ്രശംസിക്കുന്നു. അവകാശങ്ങൾക്കും അധികാരങ്ങൾക്കും സുരക്ഷിതത്വത്തിനും വേണ്ടി ഇപ്പോഴും ഒരു ഇഞ്ച് ശബ്ദം പോലും ഉയർത്താൻ കഴിയാതെ വേദനിക്കുന്ന എത്രയോ സ്ത്രീ സഹോദരങ്ങൾ ഈ ലോകത്തുണ്ട്.

അപ്പോഴാണ് ഇത്തരത്തിൽ ഒരാളുടെ വ്യക്തിജീവിതത്തെയും സാമൂഹിക ജീവിതത്തെയും പൂർണ്ണമായും അപമാനിക്കുന്ന വെല്ലുവിളിക്കുന്ന പ്രവണതയുമായി നിയമത്തെ തങ്ങൾക്ക് ഇഷ്ടമുള്ള തരത്തിൽ ഉപയോഗിക്കുന്നവരും ഉണ്ടാക്കുന്നുണ്ടല്ലോ എന്നുള്ളതാണ് ഈ നാട്ടിലെ നിയമ സംവിധാനങ്ങളുടെ പരാജയം. നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന് പറയുമ്പോഴും പലപ്പോഴും പരിപൂർണ്ണമായി അത് പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള കാര്യത്തിൽ ഉറപ്പു പറയാൻ ആർക്കും കഴിയാത്ത സ്ഥിതിയാണുള്ളത്. അതിനാൽ തന്നെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെട്ടാൻ അർഹതയുള്ള പോലെ തന്നെ ശരിയാണ് ചെയ്തതെങ്കിൽ അംഗീകരിക്കപ്പെടാനും സംരക്ഷിക്കപ്പെടാനും അർഹതയുള്ളവരാണ്. നിയമമോ നിയമ സംവിധാനങ്ങളോ ആരുടെയും കുത്തകാവകാശമല്ല.

You may also like