ഇന്ത്യൻ കമ്പനികൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 30 ദിവസത്തേയ്ക്ക് അമേരിക്ക അനുമതി നൽകിയെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് കേന്ദ്ര സർക്കാരിനെ ഉയരുന്നത്. രാജ്യത്തിൻ്റെ വിദേശനയവും സാമ്പത്തിക – സമൂഹിക ഇടപെടലുകളിലും തന്ത്രപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഡൊണാൾഡ് ട്രംപ് ആണോ എന്നും മോദി പ്രധാനമന്ത്രി സ്ഥാനം ട്രംപിന് കൈമാറിയോ എന്നുമുള്ള പരിഹാസ രൂപേണ എതിർപ്പ് ഉയരുന്നത്. ഒരു ഘട്ടത്തിൽ ആരുടെ മുന്നിലും അടിയറവ് വെക്കാത്തതാണ് ഇന്ത്യയുടെ ആത്മാഭിമാനം. അതിനെ പരസ്യമായി വിറ്റിരിക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.
ഇന്ത്യ എണ്ണ വാങ്ങണമോ വേണ്ടയോന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്താണ് അവകാശവും അധികാരവും ഉള്ളത്. കുറേ പേരുടെ രക്തവും ജീവനും കൊണ്ട് പടുത്തുയർത്തിയ കരുത്തിൻ്റെ പ്രതീകമാണ് ഇന്ത്യ. ഏത് ലോക പൊലീസിൻ്റെ മുന്നിൽ തോൽക്കുന്ന ആത്മവീര്യവും പ്രതിസന്ധികളെ ധീരതയോടെ നേരിടാനുള്ള ഇച്ഛാശക്തി സിരകളിൽ അലിഞ്ഞ് ചേർന്ന് മനുഷ്യരും അധിവാസിക്കുന്ന ഇടം. അധികാരം കൈ മുതലായ നാൾ മുതൽ പറഞ്ഞുകേൾക്കുന്നതാണ് ദേശീയതയുടെ വക്താകളാണ് തങ്ങളെന്ന്; സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരുടെ ഷൂ നക്കി മാപ്പ് എഴുതി കൊടുത്ത് രക്ഷപ്പെട്ടുവെന്ന വിമർശനം യഥാർഥ്യമോ മിഥ്യായോവട്ടെ എന്നാൽ അതിനെ അക്ഷരംപ്രതി ശരിവെക്കുന്നതാണ് വർത്തമാനകാലത്തിൻ്റെ മറുരൂപമാണ് ഇപ്പോൾ കേന്ദ്രത്തിൻ്റേതെന്ന് സംശയിച്ചാൽ അതിശയോക്തിയില്ല. അമേരിക്ക ഇരിക്കാൻ പറഞ്ഞാൽ കിടക്കുകയാണ്. തീർത്തും അപമാനകരവും ദുഃഖകരവുമാണ് ഈ രീതി. നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ അധിക തിരുവ ചുമത്തിയത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കൊണ്ടായിരുന്നു. ഈയടുത്ത് അതിൽ ഇളവ് വരുത്തിയതായി അമേരിക്ക തന്നെ ലോകത്തെ അറിയിക്കുകയുണ്ടായി. പിന്നീടാണ് പെട്ടെന്ന് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഇന്ത്യ- യു.എസ് വ്യാപാര കരാർ ഉദയം ചെയ്തത്. ആ തീരുമാനത്തിനു പിന്നിലെ യഥാർഥ്യം ഇന്നും രാജ്യത്തിന് അവ്യക്തമാണ്.
കർഷകർക്കും തൊഴിലാളികൾക്കും കേന്ദ്ര സർക്കാർ ഒരുക്കിയ ചതിക്കുഴിയാണെന്ന് തുടർന്നുള്ള വെട്ടിനിരത്തലുകളാൽ ജനതയ്ക്ക് ബോധ്യപ്പെട്ടു. ഭാവിയിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമോയെന്ന് ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യുദ്ധത്തെ തുടർന്ന് ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചിതിനാൽ കടുത്ത പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങാനുള്ള സാധ്യതയുണ്ട്. ആ സാഹചര്യത്തിൽ റഷ്യയുമായി ബന്ധം തുടരുമോയെന്ന കാര്യത്തിൽ നിലപാട് നിർണായകവും ശ്രദ്ധേയവുമാണ് കാരണം രാജ്യത്ത് ആവശ്യമുള്ള എണ്ണയിൽ 88% വും ഇറക്കുമതിയായതിനാലാണ് തീരുമാനത്തിന് വിലയേറുന്നത്. പശ്ചിമേഷ്യ സംഘർഷങ്ങൾ തുടർന്നു കൊണ്ടിരിക്കെ ഇന്ത്യ തുടരുന്ന അലംഭാവമാണ് മറ്റൊരു ഗൗരവതരമായ വിഷയം. ഏഴ് ദിവസങ്ങൾ കഴിഞ്ഞു യുദ്ധം തുടങ്ങിയിട്ട്. ഇന്ന് വരെ ശക്തമായ അഭിപ്രായം പോലും യുദ്ധത്തിനെതിരെ പറയാൻ രാജ്യം മുതിരാത്തത് അപമാനകരമാണ്. ഖമേനിയുടെ മരണത്തിൽ ആറാം ദിവസമാണ് പേരിനൊരു അനുശോചനം രേഖപ്പെടുത്തിയത്. അമേരിക്കൻ വിധേയത്വത്തിൻ്റെ പ്രകടമായ ഭാവമായി ഇതിനെയെല്ലാം കരുതാൻ കഴിയൂ. അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവും അമർഷമുളവാക്കുന്നതുമായ ആക്രമണം അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും അവരെ തള്ളിപ്പറയാത്ത ഇന്ത്യയുടെ മൗനം ആശങ്കജനകമാണ്.
ഫെബ്രുവരി 25 ന് നമ്മുടെ രാജ്യത്ത് നടന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ യുദ്ധക്കപ്പലായ എം.വി ഷാഹിദ മാർച്ച് 4 ന് ഇന്ത്യൻ സമുദ്രമേഖലയിൽ വച്ച് അമേരിക്കൻ ആക്രമണത്തിന് വിധേയമാക്കുകയും സൈനിക ഉൾപ്പെടെ 87 പേർ മരണപ്പെട്ടിട്ടും പ്രതിഷേധം രേഖപ്പെടുത്താതെ ഇറാനിയൻ കപ്പൽ രാജ്യത്തിൻറെ അതിഥി അല്ല എന്ന നിലപാടെടുത്ത് വേട്ടക്കാരനൊപ്പം നിന്ന് ഇന്ത്യ. ലോക മനസ്സാക്ഷിക്ക് മുന്നിൽ അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ സമുദ്ര മേഖലയ്ക്ക് സമീപം നടന്ന ഈ സംഭവം അന്താരാഷ്ട്ര മര്യാദകളുടെയും നേതൃ ഇടപെടലുകളിലും ഉണ്ടായ ഗുരുതരമായ ലംഘനമാണ്. ലോക വ്യാപാരത്തിന്റെ പ്രധാന പാതകളിൽ ഒന്നായ ഈ മേഖലയെ സംഘർഷത്തിന്റെ വേദിയാക്കി മാറ്റാനുള്ള ഏതു നീക്കവും ആഗോള സ്ഥിരതയ്ക്കും ദോഷകരമാണ്. സമാധാനവും സഹകരണവും ഉറപ്പാക്കേണ്ട സാഹചര്യത്തിൽ ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും ഗുരുതരമായ ലംഘനങ്ങളായി വിലയിരുത്തപ്പെടേണ്ടതാണ്. ഗൗരവമുള്ള വിഷയത്തിൽ പോലും പ്രധാനമന്ത്രിയോ അദ്ദേഹം നയിക്കുന്ന കേന്ദ്ര സർക്കാരോ ഇതുവരെ വ്യക്തവും ശക്തവുമായ പ്രതികരണം മുന്നോട്ടുവച്ചിട്ടില്ലെന്നത് ആശങ്കാജനകമാണ്.
ഇന്ത്യയുടെ വിദേശനയം എപ്പോഴും സമാധാനത്തെയും സഹകരണത്തെയും മുൻനിർത്തിയുള്ളതാണെന്ന് ലോകത്തിന് മുന്നിൽ വ്യക്തമാക്കേണ്ട സമയമാണിത്. അത്തരം സാഹചര്യത്തിൽ നിശബ്ദതയോ അനിശ്ചിതത്വമോ രാജ്യത്തിന്റെ നിലപാടിനെ കുറിച്ച് തെറ്റായ സന്ദേശം നൽകാൻ ഇടയാക്കും. രാജ്യത്തിന്റെ സുരക്ഷയും അന്താരാഷ്ട്ര പ്രതിഷ്ഠയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്. ലോക രാഷ്ട്രീയത്തിൽ ഇന്ത്യയുടെ പങ്ക് വർധിച്ചു വരുന്ന ഈ ഘട്ടത്തിൽ, സമാധാനത്തിന്റെയും നീതിയുടെയും പക്ഷത്ത് ഉറച്ച നിലപാട് പ്രഖ്യാപിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയുടെ നയതന്ത്ര ശക്തി തെളിയിക്കാനാകൂ. പ്രശ്നങ്ങളെ അവഗണിക്കുന്ന സമീപനം പ്രശ്നങ്ങളെ ചെറുതാക്കില്ല; മറിച്ച് അവയുടെ ഗുരുത്വം കൂടുതൽ ഉയർത്തിക്കാണിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നയതന്ത്ര ഇടപെടലും വ്യക്തമായ പ്രതികരണവും ആവശ്യമാണ്. ഇന്ത്യയുടെ സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിൽ സർക്കാർ യാതൊരു മടിയും കാണിക്കരുത്. ലോകം ശ്രദ്ധിക്കുന്ന ഈ ഘട്ടത്തിൽ, നിശ്ശബ്ദതയ്ക്ക് പകരം നയതന്ത്രത്തിന്റെ ഉറച്ച ശബ്ദമാണ് രാജ്യത്തിന് യോജിച്ചത്.

