Home Editorialയുദ്ധം അടുക്കളയിൽ

യുദ്ധം അടുക്കളയിൽ

by news_desk1
0 comments

പശ്ചിമേഷ്യ അശാന്തമായിട്ട് ആഴ്ചകൾ പിന്നിടുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സ്വാർഥതയുടെയും മേധാവിത്വത്തിന്റെയും പേരിൽ മാത്രം അനാവശ്യമായി സൃഷ്ടിക്കപ്പെട്ടതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം. അധികാരത്തിന്റെ അഹന്തയിൽ സർവ്വതും കാൽകീഴിലാക്കാൻ നടത്തുന്ന ഏകാധിപത്യത്തിൻ്റെ ആൾരൂപമായ ഒരാൾ ഈ ലോകത്തെ തന്നെ സർവ്വനാശത്തിലേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ പോലും തുടരുന്ന കുറ്റകരമായ മൗനവും നിഷ്ക്രിയത്വവുമാണ് യുദ്ധം വരുത്തിവെച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. സംഘർഷങ്ങൾ വ്യാപിക്കുംതോറും പ്രതിസന്ധിയിൽ ആകുന്നത് സാധാരണക്കാരന്റെ അടുക്കളയാണ്. തൊഴിലില്ലായ്മക്കൊപ്പം തന്നെ ഊർജ്ജ പ്രതിസന്ധിയും കൂടാതെ പാചകവാതക വിതരണത്തിന് ഉണ്ടാകുന്ന തടസങ്ങളും പാവപ്പെട്ടവന്റെ ജീവിതത്തെ ദുസഹമാക്കുന്നുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങൾക്കും പ്രകൃതിവാതക ലഭ്യതയിലും നേരിട്ടേക്കാവുന്ന പ്രതിസന്ധികൾ മുന്നിൽകണ്ട് അവശ്യവസ്തു നിയമം 1955 നടപ്പിൽ വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. മാർച്ച് അഞ്ചാം തീയതി പുറത്തുവിട്ട ഉത്തരവിൽ സാങ്കേതികമായ മാറ്റങ്ങൾ വരുത്തി കഴിഞ്ഞദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിൽ പോലും ഉണ്ടാവാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ ചെന്ന് എത്തുന്നത്. വീട്ടകങ്ങളെ പോലെ തന്നെ ഹോട്ടൽ മേഖലയും ഗ്യാസ് കിട്ടാതെ വലയുകയാണ്. സ്ഥിതി ഗുരുതരമായ 90 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുപ്രധാനമായ നഗരങ്ങളിൽ അടക്കമുള്ള ഹോട്ടലുകളിൽ ചുരുങ്ങിയ വിഭവങ്ങൾ മാത്രമാക്കി മെനു വെട്ടി ചുരുക്കിയിട്ടുണ്ട്. കരിഞ്ചന്തയിൽ പോലും ഗ്യാസ് കിട്ടാനില്ല എന്നുള്ളത് പ്രശ്നത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നു. മലയാളി ജീവിതത്തിന്റെ സ്വപ്നങ്ങൾക്ക് പൂർണതയേകിയ കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റങ്ങൾക്ക് കരുത്ത് പകർന്ന ഗൾഫ് നാടുകളിൽ യുദ്ധം വിനാശവും ഭയവും തുടങ്ങിയിട്ട് മുതൽ കിലോമീറ്ററുകൾക്കപ്പുറമുള്ള കൊച്ചു സംസ്ഥാനവും ആശങ്കയുടെ നിഴലിലാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി ജീവിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വത്തെ സംബന്ധിച്ചു 1990 – 91 കാലഘട്ടങ്ങളിൽ ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ തൊഴിൽ നഷ്ടം അടക്കമുള്ള അപകടകരമായ സാഹചര്യമുണ്ടായാൽ താളം തെറ്റിപ്പോകുന്ന കുടുംബ ജീവിത സാഹചര്യത്തെക്കുറിച്ചുള്ള വേവലാതികളാണ് മലയാളികളുടെ ഉറക്കം കെടുത്തുന്നത്. ആ വേദനയെ ശരി വെച്ച് കൊണ്ടാണ് ഇന്നലെ ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 60 രൂപയുടെ വർധനവ് ഇടിത്തീ കേരളത്തിലെ കുടുംബങ്ങളിലേക്ക് എത്തിയത്. കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ഇത്തരത്തിലുള്ള വിലക്കയറ്റം കൂടി യുദ്ധത്തിന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തുടരാനിരിക്കെ എങ്ങനെയാണ് ഈ പ്രതിസന്ധിയെ അതിജീവിക്കുക എന്നുള്ള ചോദ്യം ജനങ്ങളുടെ മനസിൽ ഉയരുന്നുണ്ട്.

അവശ്യസാധനങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ ചരക്ക് കൂലി വർദ്ധിക്കും. ആ സാഹചര്യത്തിൽ അരി പയർ വർഗങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലവർധനവും തൽഫലമായി ഉണ്ടാകും. ഗൾഫ് നാടുകളിൽ നിന്നുള്ള വരുമാനം പതിയെ കുറഞ്ഞു തുടങ്ങുന്നു വിപണിയിൽ പണം എത്താത്ത സാഹചര്യവും സംജാതമാകും. യുദ്ധം തുടർന്നാൽ ഉണ്ടാകുന്ന തൊഴിലില്ലായ്മയും നാട്ടിലേക്കുള്ള പ്രവാസികളുടെ വരവും കേരളത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തെ കാര്യമായ തോതിൽ ബാധിക്കും. ഗൗരവതരമായ പ്രശ്നമായി ഇത് അനുദിനം വളർന്നു വന്നുകൊണ്ടിരിക്കുകയാണ്. അവിടെയും ലോകരാഷ്ട്രങ്ങളും കേന്ദ്രസർക്കാരും അവലംബിക്കുന്ന നയമാണ് ഏറെ ദുഃഖകരം. പ്രവാസി സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും തൊഴിൽ നഷ്ടം ഉണ്ടാകുന്ന ഘട്ടത്തിൽ അവരെ പുനരധിവസിപ്പിക്കാനും താൽക്കാലികമായ മാർഗങ്ങൾ നൽകി ചേർത്തുപിടിക്കുന്നതിനും വേണ്ടത്ര ആലോചനകൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായതായി കാണുന്നില്ല. ഓഹരി വിപണിയിലും വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.

ക്രൂഡോയിൽ വില കുതിച്ചുവരുകയാണ് അപ്പോൾ ഉണ്ടാകുന്ന ഇന്ധന വില വർധനവും കേരളത്തിന്റെ പോക്കറ്റിനെ ശൂന്യമാക്കും. അതുകൊണ്ടുതന്നെ അനിയന്ത്രിതമായ തോതിൽ യുദ്ധം വ്യാപിക്കുന്നതിന് തടയിടണം. യുദ്ധമല്ല സമാധാനമാണ് ആവശ്യമെന്ന നിലപാട് സ്വീകരിക്കുന്ന ലോകരാഷ്ട്രങ്ങളെ കൂട്ടിയിണക്കി ഐക്യരാഷ്ട്ര സംഘടന യുദ്ധം അവസാനിപ്പിക്കാനുള്ള അടിയന്തര മാർഗങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതാണ്. ജനങ്ങൾക്ക് ജീവിക്കാനുള്ള അവസരമോ അന്തരീക്ഷമോ ഇല്ലെങ്കിൽ രാജ്യത്തിനും ഭരണകൂടങ്ങൾക്കും പ്രസക്തിയില്ല എന്നും ഭരണാധികാരികൾ മനസിലാക്കേണ്ടതാണ്. പാചകവാതകത്തിൽ ലഭ്യത കുറയുന്ന സാഹചര്യം നേരിടാൻ അടിയന്തരമായ നടപടി സ്വീകരിക്കണം. സംസ്ഥാന സർക്കാരുകളെ ഏകോപിപ്പിച്ച് കേന്ദ്രം കരുതൽ നടപടികൾ കൈക്കൊണ്ട് ജനങ്ങൾക്ക് ആശ്വാസം പകരണം.

You may also like