പാഞ്ചജന്യം മുഴങ്ങി പടക്കളത്തിൽ പടയാളികൾ അണിനിരക്കുകയാണ്. ജനാധിപത്യത്തിന്റെ മഹായുദ്ധത്തിന് നാൾ കുറിച്ചു. കേരളത്തിൽ ഏപ്രിൽ 9ന് വിധിയെഴുത്ത്, മെയ് നാലിന് വോട്ടെണ്ണൽ. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നിർണായകമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് സംസ്ഥാനം സജ്ജമാകുന്നത്. ജനാധിപത്യത്തിന്റെ ആത്മാവായ ജനവിധിയെ വീണ്ടും തേടിയെത്തുന്ന ഈ പ്രക്രിയ, ഭരണത്തിന്റെ ദിശയും സമൂഹത്തിന്റെ പ്രതീക്ഷകളും നിർണ്ണയിക്കുന്ന സുപ്രധാന അവസരമാണ്. തെരഞ്ഞെടുപ്പ് എന്നത് വെറും അധികാരമാറ്റത്തിന്റെ വഴിയല്ല; ജനങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പ്രതിഫലിക്കുന്ന വേദിയുമാണ്. 140 മണ്ഡലങ്ങൾ അടുത്ത അഞ്ചുവർഷക്കാലം കേരളത്തെ ആര് നയിക്കണമെന്ന് തീരുമാനിക്കും. വിജയത്തിലേക്ക് എത്താനുള്ള അണിയറ നീക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നുണ്ട്.
തെരുവുകൾ ഇനി ആരവങ്ങളുടെയും ആവേശങ്ങളുടെയും പടനിലമായി മാറും. ഓഫ്‌ലൈനിലും ഓൺലൈനിലും ഇനി സമാനതകളില്ലാത്ത പോരാട്ടത്തിന്റെ പ്രതികരണത്തിന്റെ പ്രവർത്തനത്തിന്റെ രാപ്പകലുകളാണ്. വികസനവും ക്ഷേമവും ഭരണത്തിന്റെ സുതാര്യതയും പ്രധാന ചർച്ചാവിഷയങ്ങളാകേണ്ട ഈ ഘട്ടത്തിൽ, രാഷ്ട്രീയ പാർട്ടികൾ ജനങ്ങളോട് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങൾ യാഥാർത്ഥ്യബോധത്തോടെയും ഉത്തരവാദിത്വത്തോടെയും ആയിരിക്കണം. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്നങ്ങളാണ് രാഷ്ട്രീയ സംവാദങ്ങളുടെ കേന്ദ്രബിന്ദുവാകേണ്ടത്. നാടുമുഴുവൻ ജനാധിപത്യത്തിന്റെ വർണ്ണാഭമായ ഉത്സവത്തിന് ആവേശത്തോടെയാണ് തയ്യാറെടുത്തത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജീവൻ മരണ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധം രാപകലില്ലാതെ വോട്ട് ചേർത്ത് തുടങ്ങി ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംഘടനയെ ശക്തിപ്പെടുത്തി ജനങ്ങളെ കണ്ടും കേട്ടും അറിഞ്ഞു സ്ഥാനാർത്ഥികളിലേക്ക് വരെ എത്തിനിൽക്കുന്നു.
അങ്ങേയറ്റം കലുഷിതമായ സാമൂഹിക സാഹചര്യത്തിലാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്തർദേശീയ തലം മുതൽ പ്രാദേശിക തലം വരെ ചെറുതും വലുതുമായ പ്രശ്നങ്ങളും പ്രതിസന്ധികളും നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സ്ഥാനാർത്ഥികൾക്കും പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ നേരിടേണ്ടി വരിക അത്തരം കാര്യങ്ങൾ തന്നെയാണ്. ജനാധിപത്യത്തിൽ വിജയവും പരാജയവും സ്വാഭാവികമാണ്. ഐക്യ കേരളം പിറവിയെടുത്തതിനുശേഷം ചരിത്രത്തിൽ തുടർച്ചയായ രണ്ടാം ഭരണത്തിന്റെ കാലാവധി പൂർത്തിയാക്കിയാണ് പിണറായി വിജയൻ സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ഒന്നിന് പിറകെ ഒന്നായി 10 വർഷത്തെ പ്രതിപക്ഷ പ്രവർത്തനം യു.ഡി.എഫിനെ എത്രത്തോളം ജന സ്വീകാര്യമാക്കി എന്നും തെളിയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വവും നാളെകളിലെ ഐക്യ ജനാധിപത്യ സംവിധാനത്തിന്റെ ഭാവിയെ തന്നെ നിർണയിക്കുന്നതുമാണ് കോൺഗ്രസിന് സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഉണ്ടായ വിജയത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ താമര തരംഗം ആഞ്ഞു വീശുമെന്നും അടുത്ത സംസ്ഥാന ഭരണത്തിന്റെ സുപ്രധാന ശബ്ദമായി ബി.ജെ.പിയും എൻ.ഡി.എയും ഉണ്ടാകുമെന്നും തെളിയിക്കേണ്ടതിനാൽ അവർക്കും ഇതരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയും പ്രധാനപ്പെട്ടതുമാണ്. ജനങ്ങൾ വോട്ടിംഗ് സമ്പ്രദായത്തോടു പുലർത്തുന്ന നിസംഗതയാണ് രാഷ്ട്രീയ പാർട്ടികളും പൊതു സമൂഹവും ഗൗരവത്തോടെ കാണേണ്ട മറ്റൊരു വിഷയം. വോട്ടർമാരുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ യഥാർഥ ശക്തി. ബോധപൂർവ്വമായും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്തുന്ന ഓരോ പൗരനും ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കുന്നു.
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും സമാധാനപരമായും മാന്യമായും തെരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ടുപോകേണ്ടതും അത്രത്തന്നെ പ്രധാനമാണ്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായ ക്രമാതീതമായ ഇടിവ് നല്ല സൂചനയല്ല. അതുകൊണ്ടുതന്നെ 2026 നിയമസഭ തെരഞ്ഞെടുപ്പിൽ ആരു ഭരണത്തിൽ എത്തിയാലും അവർക്ക് ലഭിക്കുന്ന വോട്ട് വലിയ ഘടകം തന്നെയാണ്. ആര് വീണാലും ആര് വാഴുന്നുവെങ്കിലും അത്യന്തികമായി ജനങ്ങളും ജനാധിപത്യവും ആണ് വിജയിക്കേണ്ടത്. വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനങ്ങളോട് അഞ്ചുവർഷവും പ്രതിബദ്ധതയുള്ളവരായി പ്രവർത്തിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണം. അക്കരപ്പച്ച കാണുമ്പോൾ ഇക്കര വിട്ട് അങ്ങോട്ട് ചാടുന്ന രീതി തെറ്റ് തന്നെയാണ്. ഇക്കര പച്ചപിടിപ്പിക്കാനാണ് യഥാർഥ പൊതുപ്രവർത്തകർ ശ്രമിക്കേണ്ടത്. ആശയപരമായ പോരാട്ടങ്ങളും വരുംകാല കേരളത്തിൻ്റെ മുന്നേറ്റങ്ങൾക്ക് മികച്ച സംഭാവനകൾ നൽകാൻ കഴിയുന്നതുമായിട്ടുള്ളവരാൽ കേരളം ഭരിക്കപ്പെടട്ടെ സകല മനുഷ്യർക്കും നന്മയും ക്ഷേമവും ഉണ്ടാകണം. ജനാധിപത്യത്തിന്റെ ഉത്സവമെന്നറിയപ്പെടുന്ന തെരഞ്ഞെടുപ്പ്, സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഒരു അവസരമാണ്. ഈ പ്രക്രിയ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷകളും കൂടുതൽ ശക്തമാക്കുന്ന രീതിയിൽ മുന്നോട്ടുപോകട്ടെയെന്നതാണ് സമൂഹത്തിന്റെ ആഗ്രഹം.

