Home Editorialതാളഭൂമിയിൽ കലാപൂരത്തിന് കൊടിയേറ്റം

താളഭൂമിയിൽ കലാപൂരത്തിന് കൊടിയേറ്റം

by news_desk1
0 comments

64 കേരള സ്കൂൾ കലോത്സവത്തിന് സാംസ്കാരിക തലസ്ഥാനത്ത് ഇന്ന് കൊടിയേറുകയാണ്. 2018 ലാണ് അവസാനമായി സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ നടന്നത്. ഇത്തവണ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുമ്പോൾ തൃശൂർ ജില്ലാ  ഇരട്ടി സന്തോഷത്തിന്റെ നിറവിലാണ്. 2024-ൽ തിരുവനന്തപുരത്ത് നടന്ന  കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി സ്വർണ്ണക്കപ്പ് കരസ്ഥമാക്കിയാണ് മടങ്ങിയത് ആ  ആവേശം  ഒരുക്കങ്ങളിലും വ്യക്തമാണ്. ഇത്തവണയും കലോത്സവത്തിന്റെ കലാകിരീടം മറ്റാർക്കും വിട്ടുകൊടുക്കില്ല എന്നുള്ള ചെറുതല്ലാത്ത വാശിയും തൃശൂരിന്റെ ചുണക്കുട്ടികൾക്ക് ഉണ്ട്.

ഇലഞ്ഞിത്തറമേളവും മഠത്തിൽ വരവും ‘ കുടമാറ്റവും പെയ്തിറങ്ങുന്ന താള വർണ്ണഭൂമിയിലാണ് കലാപൂരത്തിന് കൊടിയേറുന്നത്. പതിനെട്ടാം തീയതി വരെ  25 ഓളം വേദികളിലായി 15000 പ്രതിഭകൾ മാറ്റുരയ്ക്കും.   25 വേദികൾക്കും പൂക്കളുടെ പേരുകളാണ് ഇത്തവണ നൽകിയിരിക്കുന്നത്. കലാകാരന്മാർ തീർക്കുന്ന കലയുടെ മറ്റൊരു പൂന്തോട്ടമായി  വരുംദിവസങ്ങളിൽ തൃശൂർ നഗരം മാറുകയാണ്. ഒരു കലോത്സവങ്ങളും വരുന്ന കാലത്തിന് പുതിയ പ്രതിഭകളെ സമ്മാനിക്കുന്നുണ്ട്.  അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ സ്കൂൾ ജീവിത കാലഘട്ടത്തിൽ ലഭിക്കുന്ന സുവർണ്ണ അവസരമാണ് ഈ വേദികളെല്ലാം. അവിടെയെല്ലാം ജനാധിപത്യപരവും ആരോഗ്യപരവുമായ മത്സരമാണ്   സർവ്വരും കാഴ്ച വെക്കേണ്ടത്.  

ജയപരാജയങ്ങൾ സ്ഥിരമല്ല മാറി പറഞ്ഞു  കേരളത്തിൻറെ മുഴുവൻ ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്ന  വേദിയിൽ മാറ്റുരയ്ക്കാൻ കഴിയുന്നു എന്നുള്ളതാണ്  വലിയ അംഗീകാരം.  ഉത്തരവാദിത്ത കലോത്സവം എന്നാണ്  ഇത്തവണത്തെ കലോത്സവത്തിന്റെ ടാഗ് ലൈൻ. എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വവും ഒത്തൊരുമയുമാണ് കലോത്സവത്തിന്റെ വിജയം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കം എന്ന ഖ്യാതി വർഷങ്ങളായി നിലനിർത്തിക്കൊണ്ടു പോകാൻ സാധിക്കുന്നത് സങ്കുചിതമായ ചിന്തകളില്ലാതെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും ഇതിൻറെ ഭാഗമാകുന്നു എന്നുള്ളതുകൊണ്ട് തന്നെയാണ്.  കലോത്സവ വേദിയിൽ അനാവശ്യമായ  വിവാദങ്ങൾ സൃഷ്ടിക്കാൻ സമീപകാലത്തായി കാര്യമായി ശ്രമങ്ങൾ  നടക്കുന്നുണ്ട്. അതെല്ലാം തികച്ചും പ്രതിഷേധാർഹവുമാണ്. കലയ്ക്കും കലാകാരന്മാർക്കും അങ്ങേയറ്റം ആദരവും അംഗീകാരവും അറിഞ്ഞു നൽകുന്ന .മഹിതമായ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്.

ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾ ഇല്ലാതെ മാനവ സമൂഹം ഒന്നായി പങ്കുചേരുന്നത് കലാസാംസ്കാരിക പ്രവർത്തനങ്ങളിലാണ്. അതിന്റെ ഗുണദോഷങ്ങളെല്ലാം ഈ നാടിൻറെ മുന്നോട്ടുള്ള പ്രയാണത്തെ നിർണയിക്കുന്നവയാണ്. അതുകൊണ്ടുതന്നെ പോയിൻറ്കൾക്ക് വേണ്ടിയോ മറ്റ് നേട്ടങ്ങൾക്ക് വേണ്ടിയോ ഉണ്ടാക്കുന്ന  അപഹാസ്യ നാടകങ്ങൾ അപമാനിക്കുന്നത്  വിദ്യാർഥിയെയോ സ്കൂളിനെയോ ജില്ലയോ മാത്രമായിരിക്കില്ല കേരളത്തെ ഒന്നടങ്കമാണ്. അതുകൊണ്ടുതന്നെ ഓരോ കലാകാരന്മാരും പരസ്പരം സ്നേഹിച്ചും സൗഹൃദം പങ്കിട്ടും അറിഞ്ഞു അനുഭവിച്ചു ആസ്വദിച്ചു കലോത്സവത്തെ  ജനകീയ ഉത്സവമാക്കി മാറ്റട്ടെ.

You may also like