Home Editorialദുരാചാരങ്ങളെ കടപുഴക്കിയെറിയണം

ദുരാചാരങ്ങളെ കടപുഴക്കിയെറിയണം

by news_desk1
0 comments

മനുഷ്യരക്തം കൊണ്ട് മാറ്റി എഴുതിയ നവോഥാന ചരിത്രമാണ് കേരളത്തിലുള്ളത്. ഇന്നലെകളിലും ഇന്നും നാളെയും ആ പാരമ്പര്യത്തിന്റെ വഴിത്താരകളിലൂടെ നടന്നു നീങ്ങാനാണ് നാടും നാട്ടുകാരും ആഗ്രഹിക്കുന്നത്. സമീപകാലത്ത് അതിന് വേറൊരു വിപരീതമായിട്ടുള്ള ഒട്ടനവധി സംഭവങ്ങൾ പ്രബുദ്ധ കേരളത്തിൽ ഉണ്ടായപ്പോൾ സർവ്വരും ആശങ്കയോടെ സ്തംഭിച്ചു നിന്നതാണ്. എന്നാൽ ആ ഭയത്തിന് ആശ്വാസം നൽകുന്ന മഹനീയവും മാതൃകാപരവും ആയിട്ടുള്ള നിലപാട് സ്വീകരിച്ചിരിക്കുകയാണ് യാക്കോബായ സഭ.

മാമോദിസ ചടങ്ങിൽ ആൺ പെൺ വേർതിരിവ് ഒഴിവാക്കുകയാണ് സഭ. ഒരാൾ വിശ്വാസിയായി സഭയിൽ അംഗത്വം തേടുന്ന പ്രാഥമിക ചടങ്ങായ കൂദാശയെ ആണ് മാമോദിസ എന്ന് വിശേഷിപ്പിക്കുന്നത്. അതിൽ നിലനിന്നിരുന്ന ലിംഗ വിവേചനമാണ് യാക്കോബായ സഭ സുനഹദോസ് ഒറ്റക്കെട്ടായ തീരുമാനത്തിലൂടെ പിൻവലിക്കുന്നത്. സുനഹദോസിൽ 12 വയസ്സ് മുതൽ കുമ്പസാരം നിർബന്ധമാക്കിയിട്ടുണ്ട്. പെരുന്നാളുകളിൽ അതിന് നിറച്ചുള്ള കരിമരുന്ന് പ്രയോഗം, പ്രദക്ഷിണങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ, തിരുനാളുകളോട് അനുബന്ധിച്ചുള്ള പള്ളികളിൽ നടത്തുന്ന കലാപരിപാടികൾ എന്നിവയും പൂർണമായും ഒഴിവാക്കാൻ സുനഹദോസ് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കുലറായി ശ്രേഷ്ഠ കാത്തോലിക്കാ ബസേലിയോസ് മാർ ജോസഫ് കാത്തോലിക്കാബാവ രേഖാമൂലം കൈമാറുകയും ഉണ്ടായി.

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാര രീതികൾക്കാണ് മാറ്റം ആകുന്നത്. മനുഷ്യത്വപരവും ജനാധിപത്യപരവും അല്ലാത്ത എല്ലാ തരം ദുരാചാരങ്ങളെയും കടപുഴയ്ക്ക് എറിയേണ്ട കാലഘട്ടമാണിത്. ജാതിയുടെയും മതത്തെയും വിവേചനങ്ങൾ ജനങ്ങളുടെ തലമുറകളുടെ പൊതുബോധത്തെ തന്നെ സ്വാധീനിക്കുകയും അത് തെറ്റായ വഴികളിലേക്ക് അവരെ മാറ്റി ചിന്തിക്കുന്നതിന് പ്രേരിപ്പിക്കുന്നതുമുണ്ട്. ദുർമന്ത്രവാദവും അതിന് ചേർന്ന് നടത്തുന്ന മനുഷ്യ ബലിയും സമാധികളും പുതിയകാല കേരളത്തിലെ അപമാനവും അപകടവുമാണ്. ഈ ദുരന്തങ്ങളെ പ്രതിരോധിക്കാനും അതിനെതിരെ പ്രതികരിക്കാനുമുള്ള ആയുധവും ആത്മധൈര്യവും ആണ് യാക്കോബായ സഭയുടെ ധീരമായ ഈ തീരുമാനങ്ങൾ.

നവോത്ഥാന മുന്നേറ്റങ്ങൾ എല്ലാ കാലഘട്ടത്തിലും അനിവാര്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ. വിവിധ സമുദായങ്ങളിൽ ഇന്നും നിലനിൽക്കുന്ന തെറ്റായ കീഴ്വഴക്കങ്ങളെ മാറ്റി എഴുതണം. ആ പോരാട്ടങ്ങൾക്കുള്ള പ്രചോദനമാണ് യാക്കോബായ സഭയുടെ തിരുത്തൽ. ദൈവത്തിനു മുന്നിൽ എല്ലാ മനുഷ്യരും തുല്യരാണ്. അവിടെ വ്യത്യാസങ്ങൾ ഇല്ല വിവേചനങ്ങളില്ല. എന്നാൽ ദൈവത്തെ വിറ്റ് ജീവിക്കുന്നവർക്ക് ആണ് അത്തരം മനോഭാവമുള്ളത്. അവരെ ആദ്യം മാറ്റിനിർത്തിയാൽ ഭൂരിഭാഗം പ്രശ്നങ്ങളും അവസാനിക്കും. ശാന്തിയും സമാധാനവും സാമൂഹിക ഐക്യവും പ്രതിനിധാനം ചെയ്യേണ്ട ആരാധനാലയങ്ങൾ അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും കൂടാരമാകരുത്. അതുകൊണ്ടുതന്നെ തിരുത്തേണ്ടത് തിരുത്തണം മാറ്റേണ്ടത് മാറണം.

You may also like