Home Editorialജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കരുത്

ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കരുത്

by news_desk1
0 comments

‎നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് നാടിൻ്റെ വികസനത്തെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ പത്ത് വർഷം ഭരിച്ച സർക്കാരിൻ്റെ പ്രവർത്തന പോരായ്മകളെക്കുറിച്ച് ചർച്ചചെയ്യാതെ ഡീൽ ആരോപണവും ശബരിമല സ്വർണ്ണ കൊള്ള വിഷയവും എടുത്തിടുന്നത് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ കക്ഷിയുടെ ദുർബലാവസ്ഥയാണെന്ന് തുറന്നു പറയേണ്ടി വരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപിൽ പോലും രാഷ്ട്രീയം പറയാൻ മടിക്കുന്നത് ഗതികേടിന്റെ മറ്റൊരു അവസ്ഥയാണ്. സംസ്ഥാന ചരിത്രത്തിൽ ഇന്നോളം ഒരു പ്രതിപക്ഷ കക്ഷിയും അങ്ങനെ ഒരു അവസ്ഥ നേരിട്ടിട്ടുണ്ടാവില്ല. സീറ്റ് തർക്കവും സ്ഥാനാർത്ഥി തർക്കവും പോരും കോൺഗ്രസിനും യു.ഡി.എഫിനും പുതുമയുള്ള കാര്യമല്ല. അതിലുപരിയായി ആത്മ സംഘർഷങ്ങളും ആഭ്യന്തര കലഹങ്ങളും തുളുമ്പി പരസ്യമായി പോരിലേക്ക് എത്തിയ നിലയിലാണ് ഭരണപക്ഷം ഉള്ളതെന്നിരിക്കെ ആ അവസരത്തെ മുതലെടുക്കാൻ നിൽക്കാതെ നാടിന്റെ വികസനത്തെക്കുറിച്ച് ഒരു പദ്ധതി പോലും പറയാതെ ജനങ്ങളെല്ലാം വിഡ്ഢികളാണെന്ന് പറയുന്ന ഡീൽ ആരോപണം. ആര് ഉന്നയിച്ചാലും അതൊരുതരം രാഷ്ട്രീയ അശ്ലീലതയാണ്. ജനങ്ങളെ അവരുടെ സാമാന്യബോധത്തെ തന്നെ പരിഹസിക്കുകയും പുച്ഛിക്കുന്നതും ആണ്.

‎ഏതോ ഒരു പാർട്ടി പറഞ്ഞാൽ ഇതാ ഈ വോട്ട് മുഴുവൻ മറുകണ്ടത്തിന് ചെയ്യുമെന്ന് കരുതുന്ന മൂഡന്മാരാണോ വോട്ടർമാർ. കക്ഷിരാഷ്ട്രീയവും അഭിപ്രായങ്ങളും ഉള്ള പ്രബുദ്ധതയാണ് കേരളത്തിന്റെ രാഷ്ട്രീയ ജനമനസ്സ്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും തരാതരം പോലെ ഭരണ-പ്രതിപക്ഷത്തെ മാറ്റി മാറ്റി ഇരുത്തുന്നത് ഈ പ്രബുദ്ധതയാണ്. 2016ൽ നിന്ന് 2021 ൽ എത്തുമ്പോൾ ഈ സർക്കാർ തുടരുകയാണ് നല്ലത് എന്ന് കരുതിയതും, 2019ലും 2024ലും നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കേന്ദ്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിലും ഈ പ്രബുദ്ധതയാണ് നാം കണ്ടത്. അല്ലാതെ വോട്ടർമാർ കണ്ണടച്ച് ഇരുട്ടാക്കിയതല്ല. അതാരും മറന്നുപോകരുത്. ആരെ ജയിപ്പിക്കണം എന്നും ആർക്കൊപ്പം നിൽക്കണമെന്നും. അവരുടെ കൂടെ ആരുണ്ടാകുമെന്നും, കേരള ജനതയ്ക്ക് നല്ല ബോധ്യമുണ്ട്. അവരോട് പല്ല് ഇളിച്ച് കാണിച്ച് പുച്ഛിക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ് അപമാനിക്കുകയാണ്. ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് തുറന്നു സമ്മതിക്കുകയാണ് വേണ്ടത്.

അല്ലാതെ തോൽവിക്ക് മുൻകൂർ ജാമ്യം എടുക്കുകയല്ല. ജയത്തെയും തോൽവിയേയും മാതൃകാപരമായ രീതിയിൽ ഉൾക്കൊള്ളുകയും അതിനോട് സഹിഷ്ണുതാപരമായ പ്രതികരിക്കുകയും ചെയ്തിട്ടുള്ള പാരമ്പര്യമാണ് മലയാളത്തിന്റെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇന്നലെകൾ. പക്ഷേ, അവിടെനിന്ന് ഇത്തരത്തിലുള്ള അരാഷ്ട്രീയപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കപ്പെടുമ്പോൾ ആശ്ചര്യമല്ല സഹതാപമാണ് തോന്നുന്നത്. കഴുത കാമം കരഞ്ഞു തീർക്കുന്നു എന്ന് പറയുന്നതുപോലെ തോൽക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് മാനസികമായും സംഘടനാപരമായി ഉള്ള ധർമ്മസങ്കടം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ കലർത്തി കരഞ്ഞ് തീർത്ത് ആശ്വാസത്തിന്റെ നെടുവീർപ്പിടാൻ ശ്രമിക്കുകയാണ് കേരളത്തിൻ്റെ പ്രതിപക്ഷം

. ഡീൽ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം തങ്ങൾ കഴിഞ്ഞ 10 വർഷക്കാലം നിഷ്ക്രിയയിൽ ആയിരുന്നു പ്രതിപക്ഷ പ്രവർത്തനത്തിലൂടെ സർക്കാരിനെ വിചാരണ ചെയ്യാൻ സാധിച്ചില്ലയെന്ന കുറ്റസമ്മതം കൂടി അതിൽനിന്ന് വായിച്ചെടുക്കാൻ ആകുന്നതാണ്. ഇനിയുള്ള ദിവസങ്ങളിലെങ്കിലും സംഘടനാപരമായും രാഷ്ട്രീയപരമായും നല്ല പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ താൽപര്യവും വിശ്വാസവും നേടിയെടുക്കാൻ ശ്രമിക്കുക. വോട്ട് രാഷ്ട്രീയം ചതുരംഗ കളി പോലെയാണ് ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിയാം. അതനുസരിച്ച് ജാഗ്രതയോടെ ആത്മാർഥതയോടെ സത്യസന്ധതമായി പ്രവർത്തിക്കുക. അപ്പോൾ ജനങ്ങളും ജനാധിപത്യവും കൈവിടില്ല.

You may also like