Home Editorialഎയിംസ് നിഷേധംകേരളത്തിന്റെ ചോദ്യത്തിന് മറുപടി വേണം

എയിംസ് നിഷേധംകേരളത്തിന്റെ ചോദ്യത്തിന് മറുപടി വേണം

by news_desk1
0 comments

‎കേരളത്തിന് എയിംസ് നൽകുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നുള്ള കേന്ദ്രസർക്കാരിന്റെ പാർലമെൻറിലെ പ്രസ്താവന അങ്ങേയറ്റം ധിക്കാരപരമാണ്. രാഷ്ട്രീയപരമായ വിവേചനത്തിന്റെ ബാക്കി പത്രമാണ് കേരളത്തിലെ സ്വന്തമായി എയിംസ് ദീർഘകാലത്തെ മലയാളികളുടെ സ്വപ്നത്തിനു മേലുള്ള കേന്ദ്രസർക്കാരിന്റെയും ബി.ജെ.പിയുടെയും തടസവാദങ്ങൾ. അതൊരിക്കലും ഒരു ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ല. സർക്കാർ എല്ലാവരുടേതുമാണ്. ജനങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിയ്ക്കും സുരക്ഷിതത്വത്തിനും കാവൽ നിൽക്കേണ്ടത് സർക്കാരിന്റെ ധാർമിക ഉത്തരവാദിത്തമാണ്. ആരോഗ്യമുള്ള ജനത ഏതൊരു നാടിന്റെയും കരുത്തും ആത്മവിശ്വാസവുമാണ്. പലപ്പോഴായി കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ പുലർത്തുന്ന മനോഭാവം തീർത്തും നിരാശാജനവും പ്രതിഷേധാർഹവുമാണ്.

കേരളത്തിൽ എയിംസ് അനുവദിക്കുമെന്നുള്ളത് ബി.ജെ.പിയുടെ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നാണ്. മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് തന്നെ നൽകാനാകില്ല എന്നുള്ള നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുമ്പോൾ തീർച്ചയായും അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പ്. നേരത്തെ തന്നെ കേരളത്തിൽ എയിംസ് അനുവദിക്കുന്നതിൽ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരും ബി.ജെ.പി എംപിമാരും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും വ്യാപകമായ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പരസ്യമായ വിഴുപ്പലാക്കലിലേക്കും പോർവിളികളിലേക്കും വരെ അത് ചെന്നെത്തിയിരുന്നു. അതിനിടയിലും സംസ്ഥാനത്ത് എയിംസ് ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ അതിനെ ഒക്കെ ആസ്ഥാനത്താക്കി കൊണ്ടാണ് എയിംസ് വരുമോ എന്ന് തന്നെ സംശയം ജനിപ്പിക്കുന്ന തരത്തിൽ പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാഥ മറുപടി നൽകിയിരിക്കുന്നത്. 2016ൽ കോഴിക്കോട് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുള നഗരങ്ങളെയെല്ലാം ഉൾപ്പെടുത്തി എയിംസ് സ്ഥാപിക്കാനുള്ള സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളായി കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നതാണ്.

2025ൽ കോഴിക്കോട് കിനാലൂരിൽ അനുയോജ്യമാണെന്ന തരത്തിലുള്ള പ്രതികരണങ്ങളുണ്ടായിയെങ്കിലും ഗൗരവതരമായ അംഗീകാരം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ‎കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയിൽ മറുപടി നൽകുന്നതിന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വീണ്ടും സാവകാശം തേടിയിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ 22 എയിംസ് അനുവദിച്ചപ്പോൾ കേരളത്തെ മാത്രം ഒഴിവാക്കാൻ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചിരുന്നു. സാമ്പത്തിക വർഷം അവസാനമായതിനാൽ ധനകാര്യ വകുപ്പിൽ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ അഭിഭാഷകൻ മുഖേനെ കോടതിയിൽ അറിയിച്ചത്. മറുപടി നൽകാൻ ഏപ്രിൽ 10 വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 9 നാണ് നിയമസഭ തിരഞ്ഞെടുപ്പ്.

നിർണായകമായ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനും വോട്ടിംഗിൽ മികച്ച ലീഡ് കരസ്ഥമാക്കാനും ആഗ്രഹിക്കുന്ന ബി.ജെ.പി കേരളം ഘടകത്തിനും എയിംസ് പ്രചരണ വേദിയിൽ വെല്ലുവിളിയാണ്. കേരളത്തിൻ്റെ ആരോഗ്യ സംവിധാനം മേർച്ചറിയിലാണെന്ന് പറഞ്ഞു വോട്ട് തോടുന്ന ബി.ജെ.പിയ്ക്ക് നേരെ ഉയരുന്ന മറുചോദ്യമാണ് എയിംസ്. രാഷ്ട്രീയം ഏതു തന്നെയായലും കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ ഗുഢാലോചനയുണ്ടെന്ന് വ്യക്തം. അടുത്ത് ദിവസം തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തുന്ന നരേന്ദ്ര മോദി മലയാളികളോട് ദേശീയതയ്ക്കും മാറ്റത്തിനും വേണ്ടി വോട്ട് ചോദിക്കുമ്പോൾ തിരിച്ച് മലയാളത്തിന് ചോദിക്കാനുണ്ട് എന്താണ് കേരളത്തിൻ്റെ അയോഗ്യത.

You may also like