ആകാംക്ഷകൾക്കും കണക്കുകൂട്ടലുകൾക്കും വിരാമമിട്ട്, രാഷ്ട്രീയ കേരളം പതിനാറാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് പൂർത്തിയാക്കി. ഇനി കാത്തിരിപ്പിന്റെ നാൾ-ഫലപ്രഖ്യാപനത്തിന്റെ ദിവസം. ആരു വാഴും, ആരു വീഴും എന്ന ചോദ്യത്തിന് ഉത്തരമറിയാൻ 21 ദിവസങ്ങൾ. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഒരു സാധാരണ രാഷ്ട്രീയ മത്സരം മാത്രമായിരുന്നില്ല. 2021നെ അപേക്ഷിച്ച് സംസ്ഥാനത്തുടനീളം പോളിംഗിൽ ഉണ്ടായ ശ്രദ്ധേയമായ വർദ്ധന, ജനാധിപത്യ ബോധത്തിന്റെ പുതുയുഗം തന്നെ സൂചിപ്പിക്കുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലുണ്ടായ വോട്ടിംഗ് ഇടിവ് ആശങ്ക ഉയർത്തിയ സാഹചര്യത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പ് ആ ആശങ്കകൾക്ക് ശക്തമായ മറുപടിയായി മാറി. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുചേർന്ന ഓരോ വോട്ടർക്കും-പ്രബുദ്ധരായ ആ ‘സമ്മതിദായകർക്ക്’-ഈ നാടിന്റെ അഭിവാദ്യങ്ങൾ അർഹമാണ്. കാരണം, അവരുടെ കൈമുദ്രയാണ് ഭരണത്തിന്റെ ദിശ നിർണ്ണയിക്കുന്നത്. വോട്ടുപെട്ടികളിൽ പതിഞ്ഞത് വെറും അടയാളമല്ല; ജീവിതത്തിന്റെ അനുഭവങ്ങളും പ്രതീക്ഷകളും വിശ്വാസങ്ങളും കൂടിയാണ്. ജീവിതത്തിന്റെ സന്തോഷവും സങ്കടവും ഒപ്പം കൊണ്ടു പോളിംഗ് ബൂത്തിലേക്ക് എത്തിയ ജനങ്ങൾ, ഭാവി കേരളത്തിന്റെ കരുത്തും ആത്മവിശ്വാസവുമാണ്. വികസനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള അവരുടെ ആഗ്രഹം വ്യക്തമായി ഈ ജനപങ്കാളിത്തത്തിൽ പ്രകടമാണ്.
എന്നാൽ, ഈ മനോഹരമായ ജനാധിപത്യ നിമിഷങ്ങൾക്ക് മങ്ങൽ പകരുന്ന ചില സംഭവങ്ങളും ഉണ്ടായി. അരാഷ്ട്രീയ പ്രവണതകളും അതിക്രമങ്ങളും പണവും പാരിതോഷികങ്ങളും ഉപയോഗിച്ച് വോട്ടിനെ സ്വാധീനിക്കാൻ നടത്തിയ ശ്രമങ്ങളും, കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല. ഇതുവരെ പരിചിതമല്ലാത്ത ചില ശൈലികൾ വോട്ടിംഗ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യാൻ ഇടയാക്കി. ജനാധിപത്യത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന ഇത്തരം പ്രവണതകൾക്ക് നമ്മുടെ നാട് വേദിയായത് ദൗർഭാഗ്യകരമാണ്. എന്നാൽ അതേ സമയം, ഇത്തരം നിഷിദ്ധ ശ്രമങ്ങളെ തിരിച്ചറിഞ്ഞും നിരാകരിച്ചും മുന്നോട്ട് പോകാനുള്ള ജാഗ്രത സമൂഹം കൈവരിക്കേണ്ടത് അനിവാര്യമാണ്.
ജയവും പരാജയവും രാഷ്ട്രീയത്തിന്റെ സ്വാഭാവിക ഘടകങ്ങളാണ്. പക്ഷേ, ഒരു തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിജയം, ജനങ്ങളും ഭരണഘടനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിലാണ്. ഭരണകൂടങ്ങൾ മാറാം, പക്ഷേ ജനാധിപത്യത്തിന്റെ ആത്മാവ് മാറാൻ പാടില്ല. ഇന്ന്, ഒരു തെരഞ്ഞെടുപ്പ് കൂടി പൂർത്തിയാകുമ്പോൾ, ആശ്വാസം പകരുന്ന സത്യം ഒന്ന് മാത്രം; ഈ നാട് ഇപ്പോഴും ഭരണഘടനയ്ക്കൊപ്പം നിൽക്കുന്നു. ജനവും ജനാധിപത്യവും ഒരുമിച്ച് മുന്നോട്ട് പോകുന്നു.

