തൃശൂർ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിന്റെ മണ്ണിൽ അരങ്ങുതകർക്കുമ്പോൾ, വേദികളിലെ വർണ്ണാഭമായ നാടകങ്ങൾക്കും നൃത്തങ്ങൾക്കും പിന്നിൽ നിശബ്ദനായി ഒരു കലാകാരനുണ്ട്—പൂങ്കുന്നം സ്വദേശി പ്രസാദ്. ഇത്തവണത്തെ കലോത്സവത്തിൽ മത്സരിക്കുന്ന 9 ജില്ലകളിലെ സ്കൂൾ നാടകം, സംഘനൃത്തം തുടങ്ങിയ ഇനങ്ങളുടെ കോസ്റ്റ്യൂമുകളും പ്രോപ്പർട്ടികളും ഒരുക്കുന്നത് പ്രസാദും സംഘവുമാണ്.
വർഷങ്ങളായി തൃശൂർ പൂരം കുടമാറ്റത്തിന് വിസ്മയകരമായ സ്പെഷ്യൽ കുടകൾ ഒരുക്കി പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് പ്രസാദ്. തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തെ അടുത്തറിഞ്ഞ ഈ കലാകാരൻ, ആ അനുഭവസമ്പത്ത് മുഴുവൻ ഇപ്പോൾ കലോത്സവ വേദികൾക്കായി സമർപ്പിക്കുകയാണ്.
സിനിമാ ലോകത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള പ്രസാദ്, ക്യാമറയ്ക്ക് മുന്നിലെ ദൃശ്യഭംഗി സ്റ്റേജിലെ തത്സമയ പ്രകടനങ്ങളിലേക്ക് പകർത്തി വയ്ക്കുന്നു. ഇത്രയധികം ജില്ലകളിലെ പ്രധാന മത്സര ഇനങ്ങൾക്കായി വസ്ത്രങ്ങളും ചമയങ്ങളും ഒരുക്കാൻ അവസരം ലഭിക്കുന്നത് അപൂർവ്വമായ ഒന്നാണ്. പുരാണ നാടകങ്ങൾ മുതൽ ആധുനിക പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘനൃത്തങ്ങൾ വരെ ഓരോന്നിനും അനുയോജ്യമായ രീതിയിൽ ഗവേഷണം നടത്തിയാണ് പ്രസാദ് വേഷങ്ങൾ ഡിസൈൻ ചെയ്യുന്നത്.പലപ്പോഴും വേദികളിൽ വിജയിക്കുന്ന പ്രതിഭകൾ വാർത്തകളിൽ നിറയുമ്പോൾ, അവർക്ക് ആ വേഷപ്പകർച്ച നൽകിയ അണിയറ ശിൽപ്പികൾ ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. എന്നാൽ 9 ജില്ലകളുടെ കലാസ്വപ്നങ്ങൾക്ക് നിറം പകരുന്ന പ്രസാദിന്റെ അധ്വാനം ഈ കലോത്സവത്തിലെ വേറിട്ട ഒരു വാർത്തയാണ്.
