സ്വന്തം പ്രാണൻ വിട്ടകലുന്നതുവരെ പ്രകൃതിയുടെ മടിത്തട്ടിൽ കിടന്ന് ഭൂമിയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കണമെന്ന് നിരന്തരം എഴുതുകയും പറയുകയും പോരാടുകയും ചെയ്ത മഹത്തായ ഒരു ജീവിതത്തിന് കഴിഞ്ഞദിവസം തിരശ്ശീല വീണിരിക്കുന്നു. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പത്മഭൂഷൻ മാധവ് ഗാഡ്ഗലിന് രാജ്യത്തിൻറെ അന്ത്യാഞ്ജലി. ഉന്നതമായ പഠനത്തിന്റെയും നിരന്തരമായി അന്തർദേശീയ ദേശീയ പ്രാദേശിക തലങ്ങളിൽ നടത്തിയ യാത്രകളിലൂടെയും സ്വായുക്തമാക്കിയ അറിവിന്റെ നിറകുടമായിരുന്നു മാധവ് ഗാഡ്ഗിൽ. രാജ്യത്തിന് മാത്രമല്ല കേരളത്തിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേത്.
പശ്ചിമഘട്ടം തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കുന്നതുപോലെ യുഗങ്ങളൊന്നും ആവശ്യമില്ല, നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കുതന്നെ മനസ്സിലാകും” മാധവ് ഗാഡ്ഗില് പത്തുവര്ഷം മുമ്പ് പ്രവാചക ശബ്ദം പോലെ മുന്നറിയിപ്പായി നമ്മോട് പറഞ്ഞ മനുഷ്യൻ. പക്ഷേ,അയാളെ നമ്മൾ കല്ലെറിഞ്ഞു,അപമാനിച്ചു അപഹസിച്ചു. ഒടുവിൽ കാലം അയാളാണ് ശരിയെന്ന് മഹാപ്രളയത്തിൻ്റെയും അനുബന്ധ ദുരന്തങ്ങളുടെ കുത്തൊഴുക്ക് തെളിയിച്ചു.
ജീവിതംകൊണ്ടും കർമ്മം കൊണ്ടും വിജയിച്ച മനുഷ്യനാണ് മാധവ് ഗാർഡിൽ. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി മുഖം നോക്കാതെ പ്രതികരിക്കാനും പ്രതിഷേധിക്കാനും ഗാഡലിന് അസാമാന്യമായ കരുത്തും ആത്മവിശ്വാസവും ഉണ്ടായിരുന്നു. ജനങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ട് നടക്കുന്നതും പരിസ്ഥിതിയുടെ കഴുത്തിൽ കത്തിവയ്ക്കുന്നതുമായ ഏതു വൻകിട പദ്ധതി അത് വികസനമല്ല വിഷമാണെന്ന് ഗാഡ്ഗിൽ പറഞ്ഞു. പ്രകൃതി വിഭവങ്ങൾ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ ഉപയോഗിക്കുന്നവർക്ക് മുന്നോക്ക വിഭാഗത്തിനുള്ള അതിന് സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവർക്കാണ് അതിൻറെ ഫലം യഥാർത്ഥത്തിൽ നൽകേണ്ടതെന്ന് ഗാഡ്ഗിൽ നിലപാടെടുത്തിരുന്നു. സകല തലമുറകൾക്കും അനുഭവിക്കാനും അറിയാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാൻ എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്ന് ഗാഡ്ഗിൽ നിരന്തരം ഓർമ്മപ്പിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിൽ രക്തബന്ധത്തേക്കാൾ വലിയ ആത്മബന്ധം ഉണ്ടായിരിക്കണമെന്ന് തെളിയിക്കുന്നതായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്. ഭൂമിയുടെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന പശ്ചിമഘട്ടത്തിന്റെ തകർച്ച പഠിക്കാൻ ദേശീയ ഹരിത ട്രിബൂണലിന്റെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാൻ 2010 ലാണ് പ്രഫസർ മാധവ് ഗാഡ്ഗിൽ ചെയർമാനായി പതിനാലംഗ സമിതി രൂപീകരിക്കുന്നത്.
സത്യത്തിൽ വല്ലാത്തൊരു ആശങ്കയോടെയും ഭയത്തോടെയുമാണ് ഗാഡ്ഗിൽ ആ റിപ്പോർട്ട് സമർപ്പിച്ചതെന്ന് വ്യക്തം. അനധികൃതമായ കടന്നുകയറ്റങ്ങളും വൻകിട നിർമ്മാണങ്ങളും മൂലം നാമാവശേഷമായ പ്രകൃതിയുടെ അന്ത്യശ്വാസം നിസ്സഹായതയുടെ പാരമ്യത്തിൽ നിന്നുകൊണ്ടായിരിക്കും അതിലെ ഓരോ വരികളും ഗാഡ്ഗിൽ എഴുതി ചേർത്തത്. തിരുത്താൻ ഇനിയും സമയമുണ്ട് എന്ന് കരുതാനാവില്ലെങ്കിലും തിരുത്തണം.ഇല്ലെങ്കിൽ കാൽച്ചുവട്ടിലെ അവസാനത്തെ മണ്ണും ഉയിരുകൊടുത്ത് വെട്ടിപ്പിടിച്ചതെല്ലാം കൊണ്ടുപോകും .സങ്കുചിതമായ താല്പര്യങ്ങളുടെ പുറത്തുനിന്ന് ഇതിനെയെല്ലാം എതിർത്തവർ ഒന്നും കാണുകയോ കേൾക്കുകയോ ഉണ്ടായില്ല മഹാപ്രളയത്തിന്റെ കാലത്ത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ അവർക്കെല്ലാം ഓശാന പാടിയ രാഷ്ട്രീയ നേതൃത്വം എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. അതുകൊണ്ട് പ്രകൃതിക്കും നമ്മുടെ ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ പ്രകൃതിയുടെ മണ്ണിന്റെ സ്വാഭാവികത വീണ്ടെടുക്കാം. മാധവ് ഗാഡ്ഗിൽ ഓർമ്മയാകുമ്പോൾ. അദ്ദേഹത്തിന് നൽകാൻ ആകുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയായി അതുമാറും. ഒന്നു മാത്രം ഓർമിപ്പിക്കുന്നു തുടങ്ങാനും അവസാനിപ്പിക്കാനും ഒരു നിമിഷം മാത്രം മതി.

