Home Editorialപൊലീസേ നിങ്ങൾ മനുഷ്യരാണെന്ന് കൂടി മനസിലാക്കണം

പൊലീസേ നിങ്ങൾ മനുഷ്യരാണെന്ന് കൂടി മനസിലാക്കണം

by news_desk1
0 comments

‎ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ്… പക്ഷേ, സമീപകാലാനുഭവങ്ങളിൽ ഏറെയും കുറ്റവാളികളേക്കാൾ കൂടുതൽ നിരപരാധികൾ ക്രൂശിതരാവുന്നതാണ് കാണുന്നത്. അതിൽ ഒടുവിലത്തേതാണ് കള്ളക്കേസിൽ 54 നാൾ ജയിലിൽ കഴിയേണ്ടി വന്ന പ്രവാസി കണ്ണൂർ തലശേരി കതിരൂർ സ്വദേശി വി.കെ.താജുദീന്റേത്. 14 ലക്ഷം സർക്കാരിനോട് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി കേസ് തീർപ്പാക്കിയെങ്കിലും 54 നാൾ ജയിലഴിക്കുള്ളിൽ കുറ്റവാളിയായി കഴിയേണ്ടി വന്നതും, ഇക്കാലമത്രയും അയാളും അയാളുടെ കുടുംബവും അനുഭവിച്ച മാനസീക സംഘർഷത്തിനും പകരമാവില്ല. സമാനമാണ് ഒരു വർഷം മുമ്പ് തൃശൂർ ചാലക്കുടിയിൽ എക്സൈസ് നടത്തിയ വ്യാജലഹരി പിടുത്ത കേസ്. ഷീല സണ്ണിയെന്ന വീട്ടമ്മ ജയിലിൽ കഴിയേണ്ടി വന്നത് 72 നാൾ. എവിടെ നിന്നോ വന്ന ഒരു ഫോൺ കോളിൽ വ്യക്തത പോലും വരുത്താതെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അപമാനകരമായ പ്രവൃത്തി. ഇതോടൊപ്പം തന്നെ പറയുന്നത് മറ്റൊരു അനീതിയായിരുന്നു തിരുവനന്തപുരം പേരൂർക്കടയിൽ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് രണ്ടരപ്പവൻ്റെ സ്വർണ്ണമാല നഷ്ടപ്പെട്ടതിന് ബിന്ദു എന്ന ദളിത് യപ്രതിയ്ക്ക് നേരിടേണ്ടി വന്നത്. കുറ്റം ഏറ്റുപറഞ്ഞില്ലെങ്കിൽ മക്കളെ പ്രതിചേർക്കും സ്റ്റേഷനിൽ കൊണ്ടുവരുമെന്നുള്ള ഭീഷണി കൊണ്ട് മാനസികമായി പീഡിപ്പിക്കുകയും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ബാത്ത്റൂമിൽ നിന്ന് എടുക്കാൻ പറഞ്ഞു അപമാനിച്ചതും ഈ പ്രബുദ്ധ കേരളത്തിൻ്റെ കാവൽ സേനയാണ്.

പൊലീസ് അരാജകത്വത്തിൻ്റെയും നീതികേടിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒരു തിരശീലയിലെന്ന പോലെ മലയാളികൾ ദൈനംദിന കാഴ്ചകളിൽ നിറയുകയാണ്. ‎തൃശൂർ പീച്ചിയിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ജില്ലയിലെ തന്നെ കുന്നംകുളം ചൊവ്വന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് അതിക്രൂരമായി മർദ്ദിച്ചതും കഴിഞ്ഞ വർഷം അവസാനം പുറത്തു വന്ന എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ സ്വന്തം ഭർത്താവിനെ അറസ്റ്റ് ചെയ്ത് അന്വേഷിക്കാൻ വന്ന ഗർഭിണിയായ യുവതിയെ മക്കളുടെ മുന്നിലിട്ട് സി.ഐ അടച്ചതുമെല്ലാം പൊലീസിൻ്റെ കർത്തവ്യബോധത്തിൻ്റെയും കരുതലിൻ്റെയും മനോഹരമായ ഫലകങ്ങൾക്കൊപ്പം വെയ്ക്കാവുന്ന പുതിയ കാലത്തിൻ്റെ ചുവരിലെ മനുഷ്യരക്തപുരണ്ട ബെസ്റ്റ് പെർഫോമൻസ് മെഡലുകളാണ്. പ്രാഥമികമായി സംഭവത്തിൽ നടത്തേണ്ട അന്വേഷണങ്ങൾ ഒന്നും തന്നെ ഈ കേസിൽ ഉണ്ടായിട്ടില്ല. മാല പൊട്ടിച്ച സ്കൂട്ടർ കണ്ടെത്താതെ ഊഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് താജുദീനെ പ്രതിയാക്കിയത്.

മോഷണം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിലെ വ്യക്തിയും പ്രതിചേർക്കപ്പെട്ടയാളും തമ്മിൽ യാതൊരുവിധ സാദ്യശ്യവുമില്ലായെന്നുള്ള കാര്യം ഗൗരവമായി കണ്ടില്ല. കോൾ ഡാറ്റയും ടവർ ലൊക്കേഷനും പരിശോധിക്കണമെന്നാവശ്യം ചെവികൊണ്ടില്ല എന്നിങ്ങനെ താജുദീൻ്റെ കേസിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് കോടതി വിധി പ്രസ്താവിച്ചത്. പൊലീസിൻ്റെ സ്വാർത്ഥതയുടെയും അഹന്തയുടെയും അധികാരഗർവ്വിൻ്റെയും ഇരയാണ് താജുദീൻ. മനുഷ്യവകാശങ്ങൾ സംരക്ഷിക്കേണ്ടവരും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് ഉണ്ടായിരിക്കേണ്ട മാനസിക വളർച്ച സംസ്ഥാന പൊലീസ് സേനയ്ക്ക് കൈമോശം വന്നിട്ട് വർഷങ്ങളായിരിക്കുന്നു. ഇതിന് ഉടൻ തന്നെ പരിഹാരം കാണണം. വഴിപാട് പോലെ പൊലീസിന് ശുചീകരിക്കാൻ ഡി.ജി.പി യുടെ സർക്കുലർ നിരന്തരം വന്നത് കൊണ്ട് കാര്യമില്ല. അത് പൊലീസ് സ്റ്റേഷനിൽ വേസ്റ്റ് പേപ്പറിൻ്റെ എണ്ണം കൂട്ടുന്നതല്ലാതെ ഒരു ലാഭവും ഉണ്ടാക്കുന്നില്ല. സേനയിൽ രാഷ്ട്രീയപരമായ ഇടപെടൽ ഒഴിവാക്കണം. സംഘടനപ്രവർത്തനം അവകാശങ്ങൾക്കു വേണ്ടിയാണ് അധികാരത്തിനാവരുത്. മനുഷത്വവും മാനവികതയുമാവണം കേരള പൊലീസിൻ്റെ പ്രവർത്തന ശൈലി. തെറ്റിനെ തെറ്റായും ശരിയെ ശരിയും അറിയണം, മനസിലാക്കണം. ഇവർ ഗുണ്ടകളോ, പൊലീസോയെന്ന് ഇനിയാരും ചോദിക്കാനിടയാവരുത്.

You may also like