Home Localതേക്കിൻകാട്ടിലെ സ്നേഹത്തണൽ: ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന് വിട

തേക്കിൻകാട്ടിലെ സ്നേഹത്തണൽ: ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന് വിട

by news_desk1
0 comments

തൃശൂർ: തേക്കിൻകാട് മൈതാനിയിൽ നട്ടുവളർത്തിയ ശിവകുണ്ഠലമരം പോലെ സ്നേഹത്തണലായി ജീവിച്ച ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന് ഇന്ന് വിട. അദ്ദേഹത്തിന്റെ ഭൗതീകശരീരം ഇന്ന് പൊതുദർശനത്തിന് വെക്കും. മരണശേഷം കണ്ണുകൾ ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യുകയും, ഭൗതീകശരീരം വിദ്യാർത്ഥികളുടെ പഠനത്തിനായി കൈമാറുകയും ചെയ്യും.

തൃശൂർ പൂരത്തിന്റെ സാക്ഷിയായ തേക്കിൻകാട്ടിലെ തെക്കേചരുവിൽ 2011-ൽ ആലപ്പാട്ടച്ചൻ നട്ട ആഫ്രിക്കൻ വൃക്ഷമായ ‘കൈജീലിയ പിന്നാറ്റ’ ഇന്ന് വളർന്ന് നിൽക്കുന്നത് അദ്ദേഹത്തിന്റെ സ്നേഹസ്മരണയായി. മുമ്പ് നശിച്ചുപോയ അതേ ജനുസ്സിലെ മരത്തിന് പകരം ഏറെ പരിശ്രമിച്ചാണ് ബംഗളൂരുവിൽ നിന്ന് തൈ എത്തിച്ച് നട്ടത്. ഇന്ന് ആ മരം പൂക്കളും കായ്കളും നിറഞ്ഞ് നിൽക്കുമ്പോൾ, അച്ചന്റെ കരുതലിന്റെ സാക്ഷ്യമായി മാറിയിരിക്കുകയാണ്.

ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന കാലത്തും താൻ നട്ട മരം പൂവിട്ടത് കാണാൻ തേക്കിൻകാട്ടിലെത്തിയിരുന്നു. പൂരം വെടിക്കെട്ടിനിടെ മരത്തിന് കേടുപാടുകൾ വരാതിരിക്കാൻ പ്രത്യേക സംരക്ഷണവും ഒരുക്കിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 3ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രി ചാപ്പലിൽ മാർ ബോസ്‌കോ പുത്തൂരിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം വൈകിട്ട് 4 മുതൽ പൊതുദർശനം നടക്കും. തുടർന്ന് വൈകിട്ട് 6ന് ഭൗതികശരീരം ബെന്നറ്റ് റോഡിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1ന് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം, ഭൗതികശരീരം പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്ക ദേവാലയത്തിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 2ന് മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ മൃതസംസ്‌കാര ശുശ്രൂഷ നടക്കും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുശോചന സന്ദേശം നൽകും.

1953 ഒക്ടോബർ 10ന് തൃശൂരിൽ ജനിച്ച ഫാ. ഫ്രാൻസീസ് ആലപ്പാട്ട് 1995 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ചു. അമ്പതിലധികം ഗ്രന്ഥങ്ങൾ രചിക്കുകയും നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ജൂബിലി മിഷൻ നേത്രബാങ്കിലേക്കും, ഭൗതീകശരീരം മെഡിക്കൽ കോളജ് വിദ്യാർത്ഥികളുടെ പഠനത്തിനുമായി ദാനം ചെയ്യുന്നതും അദ്ദേഹത്തിന്റെ ജീവിതദർശനത്തിന്‍റെ അവസാനമുദ്രയാകുന്നു.

You may also like