ബെംഗളൂരു: കുടകിലെ തടിയൻഡമോളിൽ ട്രെക്കിങ്ങിന് പോയി കാണാതായി പിന്നീട് രക്ഷിക്കപ്പെട്ട മലയാളി യുവതി ശരണ്യയുടെ അതിജീവനകഥ വ്യാജമാണെന്നാരോപിച്ച് ബിജെപി രംഗത്ത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കുടക് റൂറൽ യൂണിറ്റ് പൊലീസിൽ പരാതി നൽകി.
നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ ഏപ്രിൽ അഞ്ചിനാണ് ശരണ്യയെ കാട്ടിനകത്ത് നിന്ന് കണ്ടെത്തിയത്. വഴിതെറ്റിപ്പോയതിനെ തുടർന്ന് കാട്ടിൽ കുടുങ്ങിയതായും ഒരു പാറയുടെ മുകളിൽ കഴിയേണ്ടിവന്നതായും ശരണ്യ പറഞ്ഞിരുന്നു. പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അവൾ വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവർത്തകരും അതേ പ്രദേശത്ത് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ഏപ്രിൽ രണ്ടിനാണ് ശരണ്യയെ കാണാതായത്. വനംവകുപ്പിൽ നിന്ന് അനുമതി നേടിയ ശേഷമാണ് സംഘത്തോടൊപ്പം ട്രെക്കിങ്ങിന് പുറപ്പെട്ടത്. തുടർന്ന് യാത്രക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഒൻപത് പേരടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു ശരണ്യയുടെ യാത്ര.
സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. ശരണ്യയെ കണ്ടെത്തുന്നതിനായി വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടന്നിരുന്നു.
സാഹസിക യാത്രകളോട് താൽപ്പര്യമുള്ള ശരണ്യ ട്രെക്കിങ്ങിനായാണ് കുടകിലെത്തിയത്. ഒറ്റയ്ക്ക് ട്രെക്കിങ്ങ് നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അനുമതി ലഭിക്കാത്തതിനാൽ മറ്റു യാത്രക്കാരോടൊപ്പം ചേർന്നാണ് യാത്ര തുടർന്നത്. സംഭവത്തെ ചുറ്റിപ്പറ്റി ഉയർന്ന ആരോപണങ്ങൾ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയതോടെ വിഷയത്തിൽ പുതിയ വിവാദങ്ങൾ ഉയരുകയാണ്.

