ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ എന്‍ഡിഎയ്ക്ക് വൻ വിജയം നേടാനാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ വിലയിരുത്തൽ. 90 സീറ്റുകൾ വരെ നേടി എന്‍ഡിഎ തുടർഭരണം ഉറപ്പാക്കുമെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം.
സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ശതമാനം ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. 2016 മുതൽ അസമിൽ വോട്ടിംഗ് ശതമാനം ക്രമാനുഗതമായി വർധിച്ചുവരുന്നതായും ഈ തെരഞ്ഞെടുപ്പിൽ അത് ഏറ്റവും ഉയർന്ന നിലയിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില മണ്ഡലങ്ങളിൽ 94 മുതൽ 95 ശതമാനം വരെ പോളിംഗ് രേഖപ്പെടുത്തിയതായി സ്ഥാനാർഥികൾ തന്നെ അറിയിച്ചതായും ഹിമന്ത കൂട്ടിച്ചേർത്തു.
കോൺഗ്രസ് 18 മുതൽ 22 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. എന്നാല്‍ ന്യൂനപക്ഷ മേഖലകളിലെ വോട്ടിംഗ് വർധന കോൺഗ്രസിന് ഗുണകരമാകുമെന്നാണ് അവരുടെ പ്രതീക്ഷ. വിശാല സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.
സംസ്ഥാനത്ത് തൊഴിലവസരങ്ങളുടെ കുറവും വ്യവസായ മേഖലയിലെ മന്ദഗതിയും ജനങ്ങളിൽ അസന്തോഷം സൃഷ്ടിച്ചതായി കോൺഗ്രസ് ആരോപിച്ചു.
മൊത്തത്തിൽ 85.9 ശതമാനമാണ് സംസ്ഥാനത്തെ പോളിംഗ്. ഏഴ് മണ്ഡലങ്ങളിൽ 95 ശതമാനത്തിലധികം വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കും.

