ഇസ്‌ലാമാബാദ്: പാകിസ്താനിൽ നടന്ന അമേരിക്ക–ഇറാൻ ഉന്നതതല ചര്‍ച്ച ഫലമില്ലാതെ അവസാനിച്ചു. അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ ഇറാൻ സ്വീകരിക്കാതിരുന്നതിനാലാണ് കരാറിലെത്താൻ സാധിക്കാത്തതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു.
ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ച പാകിസ്താന്റെ ശ്രമങ്ങളെ അഭിനന്ദിച്ച വാൻസ്, ചര്‍ച്ച പരാജയപ്പെടാൻ പാകിസ്താൻ ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിലെ ഭിന്നതകൾ പരിഹരിക്കാൻ പാകിസ്താൻ മികച്ച ശ്രമം നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഏകദേശം 21 മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകളിൽ നിരവധി വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്‌തെങ്കിലും അന്തിമ ധാരണയിലെത്താൻ കഴിഞ്ഞില്ല. “കരാറില്ലാതെ മടങ്ങേണ്ടിവന്നത് അമേരിക്കക്കാൾ ഇറാനെ സംബന്ധിച്ചിടത്തോളം നഷ്ടമാണ്,” വാൻസ് പറഞ്ഞു.
ഇറാൻ ആണവായുധ വികസനം ലക്ഷ്യമിടുന്നില്ലെന്ന ഉറപ്പ് ലഭിച്ചതാണ് ചര്‍ച്ചയിലെ പ്രധാന നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രധാന ലക്ഷ്യം അതായിരുന്നു എന്നും വാൻസ് വ്യക്തമാക്കി.കരാറിലെത്താനാകാത്ത സാഹചര്യത്തിൽ അമേരിക്കൻ സംഘം നാട്ടിലേക്ക് മടങ്ങുമെന്ന് വാൻസ് അറിയിച്ചു.

