തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫിന് സുരക്ഷിതമാണെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ വി കെ പ്രശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മണ്ഡലത്തിൽ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരത്തിലധികം പേർ വോട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തിൽ വോട്ടിങ് ശതമാനത്തിൽ പ്രത്യേക വർധനവ് വിലയിരുത്താൻ സാധിക്കില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൽ സജീവമായിരുന്ന തന്റെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സ്ഥാനാർത്ഥിയെ ചുറ്റിപ്പറ്റിയുള്ള അതൃപ്തിയും മറ്റ് രാഷ്ട്രീയ സംഭവവികാസങ്ങളും കാരണം മറ്റ് പാർട്ടികളിലെ വോട്ടുകളും തനിക്കനുകൂലമാകുമെന്നാണ് പ്രശാന്തിന്റെ വിലയിരുത്തൽ. മണ്ഡലത്തിൽ നെഗറ്റീവ് വോട്ടിങ് നടന്നിട്ടില്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിനോടടുത്ത രീതിയിലുള്ള വോട്ടിങാണ് ഇത്തവണ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം, പോസ്റ്റൽ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും പ്രശാന്ത് വിമർശനം ഉയർത്തി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുപോലും ബാലറ്റ് ലഭിക്കാത്ത സാഹചര്യം ഗുരുതരമാണെന്നും, ഇത് ജനാധിപത്യാവകാശത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

