Home Keralaകുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതിയുടെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി

കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതിയുടെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി

by news_desk1
0 comments

വടക്കുഞ്ചേരി: സുഹൃത്തുക്കൾക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ച വാൽക്കുളമ്പ് സ്വദേശിനി ലെനയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ശരീരത്തിൽ പ്രവേശിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആലുവ റൂറൽ എസ്പിക്കാണ് പിതാവ് മുണ്ടപ്ലാക്കൽ ജോൺ (റെജി) പരാതി നൽകിയത്.

കഴിഞ്ഞ മാസം നടന്ന ഈ സംഭവം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. നഴ്‌സിംഗ് സംബന്ധമായ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ആലുവയിലേക്ക് പോകുന്നതായി പറഞ്ഞാണ് ലെന വീട്ടിൽ നിന്നിറങ്ങിയത്. തൃശൂരിലെ ഒളരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

സംഭവദിവസം രാവിലെ അമ്മയുമായി ഫോണിൽ സംസാരിച്ച ലെന, മണിക്കൂറുകൾക്കകം ഗുരുതരാവസ്ഥയിലായി. മാർച്ച് 24ന് ആലുവയിൽ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടു. തുടർന്ന് ആരോഗ്യനില വഷളായതോടെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരണം സംഭവിച്ചിരിക്കാമെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. പരാതിയിൽ രണ്ട് യുവാക്കളുടെ പേരുകൾ പ്രത്യേകം പരാമർശിച്ചിട്ടുണ്ടെന്നും, കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പിതാവ് ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like