തൊടുപുഴ: ഉപകരണ സംഗീതരംഗത്ത് ശ്രദ്ധേയനായ യുവ സംഗീതജ്ഞൻ ഏലിയാസ് എൽദോസ് (26) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തൊടുപുഴയിലെ താമസ സ്ഥലത്ത് സംഭവം പുറത്തറിഞ്ഞത്.
അനാഥാലയത്തിൽ വളർന്ന ഏലിയാസ്, സ്വയം പഠിച്ച സംഗീതപ്രതിഭയിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. ഒന്നര വയസ്സിൽ തൊടുപുഴയിലെ ‘മദർ ആൻഡ് ചൈൽഡ്’ അനാഥാലയത്തിലെത്തിയ അദ്ദേഹം, പിന്നീട് സംഗീതത്തെ ജീവിതമാക്കി മാറ്റുകയായിരുന്നു. അവിടെ തന്നെ സംഗീത ട്രൂപ്പ് രൂപീകരിച്ച് മറ്റ് കുട്ടികൾക്ക് കീബോർഡും ഡ്രമ്മും പഠിപ്പിക്കുകയും ചെയ്തു.
2018-ൽ കൊച്ചി മറൈൻ ഡ്രൈവിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയോടൊപ്പം വേദി പങ്കിട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
ഇടുത്തിടെ ഗോവയിൽ സംഗീതപരിപാടിയിൽ പങ്കെടുത്ത ശേഷം തൊടുപുഴയിലേക്ക് മടങ്ങിയ ഏലിയാസ്, യാത്രയ്ക്കിടെ പരിക്കേറ്റിരുന്നു. തുടർന്ന് ഏപ്രിൽ ഒൻപതിന് രാത്രി മുറിയിലേക്ക് പോയ അദ്ദേഹം, പിറ്റേന്ന് രാവിലെ വിളിച്ചപ്പോൾ പ്രതികരണമില്ലാതിരുന്നതിനാൽ കതക് തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തൊടുപുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സ്വദേശമായ തലക്കോട് സെന്റ് മേരീസ് യാക്കോബായ സിറിയൻ പള്ളി ശ്മശാനത്തിൽ സംസ്കരിച്ചു. നാല് സഹോദരങ്ങൾ ഉണ്ടെന്നാണ് വിവരം.

