രാജൻ എലവത്തൂർ
സഖാവ് ലെനിൻ ചെറു ലേഖനത്തിൽ ഉയർത്തിയ ചോദ്യമാണ് — .’ നാം എന്ത് ചെയ്യണം ?’പുതുകാലത്ത് കേരളത്തിലെ ഡോ: പൗലൂസ് മാർ പൗലൂസ് ചോദിച്ചത്;’ നമുക്ക് നിശബ്ദരായിരിക്കാൻ എന്തവകാശം.’ എന്നാണ്. ഈ രണ്ട് ചോദ്യങ്ങൾക്കും എക്കാലവും വലിയ പ്രസക്തിയുണ്ട്.
സമകാലിക ജനവിരുദ്ധ പ്രശ്നങ്ങളെ മുൻ നിർത്തി നമ്മളെന്ത് ചെയ്യണമെന്ന് ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ന്യൂസ് ക്ലിക്ക് മേധാവിയും ബുദ്ധിജീവിയുമായ പ്രബീർ പുർക്കായയുടെ നിരീക്ഷണം ഈയവസരത്തിൽ ശക്തം തന്നെ.എന്തിനെ കുറിച്ച് വിലപിക്കണമെന്നല്ല, എന്തിനെക്കുറിച്ച് കണ്ണീരൊഴുക്കണമെന്നല്ല നമുക്ക് എന്ത് ചെയ്യാനുണ്ട് എന്നതാണ് ചോദ്യം. ഇതാണ് പ്രബീറിന്റെ വിലയിരുത്തൽ.’ നമ്മൾ പൊരുതുമോ കീഴടങ്ങുമോ .’ എന്നും അദ്ദേഹം ചോദിക്കുന്നു. ജനങ്ങൾ നിശ ബ്ദരായിരിക്കുന്നു എന്നതിന്നർത്ഥം , അവർ എല്ലാത്തിനേയും പിന്തുണക്കുന്നു എന്നല്ല, തങ്ങൾക്ക് പ്രകടിപ്പിക്കാനുളത് പ്രകടിപ്പിക്കാനുള്ള ഒരു വഴി അവർക്ക് മുമ്പിലില്ല എന്താണ വസ്ഥ.അപ്പോൾ നമുക്ക് എന്താണ് ചെയ്യാനാവുക എന്ന ചോദ്യം പല ആവർത്തി ഉയരുകയാണ്.
യുദ്ധ ഗെയിം കാലം.
ലോകത്ത് സകല രംഗങ്ങളിലും വൻ വിസ്ഫോടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിൻ്റെ ഫലമായി മാനവികത നശിക്കുന്ന ഒപ്പം ശാസ്ത്ര സാങ്കേതിക രംഗം വഴിവിട്ട് കുതിക്കുകയും ചെയ്യുന്നു.
ക്രിക്കറ്റ് മത്സരം അത്യാവേശത്തോടെ കണ്ടിരുന്ന ലോകം ഇപ്പോൾ യുദ്ധം കണ്ടാസ്വദിക്കുകയും യുദ്ധ ഗെയ്മുകളിൽ ഏർപ്പെടുകയും ചെയ്യുന്നു. കുട്ടികളാണി ന്നത്തെ യുദ്ധമുഖ കവചങ്ങൾ. ലോക മുതലാളിത്തമാണിന്നത്തെ അസമത്വങ്ങൾക്ക് കാരണക്കാരാകുന്നത്.
ഇന്ത്യയിൽ ആഗോള പീഡനവൽക്കരണമല്ല മറിച്ച് തദ്ദേശീയ ജനാധിപത്യ കശാപ്പ് സംസ്ക്കാരമാണ് വളർന്നു വരുന്നത്. അക്കാര്യത്തിൽ ഭരണകൂടങൾക്ക് വലിയ പങ്കുണ്ട്. എല്ലാം ഒരിടത്തിൽ ഒതുക്കുക എന്ന തന്ത്രമാണ് ഭരണകൂടത്തിന്റെ മുദ്ര. ഒപ്പം തന്നെ ശാസ്ത്ര സത്യങ്ങളെ മറച്ചു കൊണ്ട് കാലം തള്ളി കളഞ്ഞ അശാസ്ത്രിയ സംസ്ക്കാരങ്ങളെ നൂതനവൽക്കരിക്കുക എന്ന രീതിയും വളർന്നു വന്നു.
അവനവനിസം.
അതിൻ ഫലമായി നാടാകെ അസമത്വം, അശാന്തി, ചിദ്രശക്തികളുടെ ആധിപത്യം പലതരത്തിലുള്ള സംഹാരങ്ങൾ എന്നിവയൊക്കെ പെരുകുന്നു. ഒപ്പം തന്നെ സമ്പദ് വ്യവസ്ഥ തകരുന്നു. തൊഴിലില്ലായ്മ,ഭാരിദ്ര്യം, പണാധിപത്യം,സമ്പത്ത് ഒരു കൂട്ടം ആളുകളിൽ കുന്നു കൂടൽ – – അതൊക്കെ സംഭവിക്കുന്നു. ചിന്തിക്കുന്നവരേയും ചോദ്യം ചെയ്യുന്നവരേയും ഇല്ലാതാക്കുന്ന രീതികൾ വളരുന്നു. അവരവർ അവരവരിൽ ഒതുങ്ങുന്ന ആപ്തവാക്യത്തിന് പ്രസക്തി ഏറുകയും ചെയ്യുന്നു .അസമത്വങ്ങളെ ചോദ്യം ചെയ്യുകയും ചിന്തിക്കുന്ന സമൂഹത്തേയും, അതിൽ ഉയർന്നു നിൽക്കുന്ന തലകളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഉദാഹരണങ്ങൾ നിരവധി.
അതിനനുസൃതമായി ഈ കെട്ട കാലത്ത് നമുക്ക് പലതും ചെയ്യാനുണ്ട് എന്ന തോന്നൽ പെരുകിയേ മതിയാകൂ
സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയിലെ സാമൂഹ്യജീവിതം അടിച്ചമർത്തപ്പെട്ടതായിരുന്നു. സ്വാതന്ത്ര്യത്തെ തുടർന്ന് നാം പാറി പറന്നു നടന്നു. പക്ഷെ 1970 മുതൽ രാജ്യം പലതരത്തിലായി തുടങ്ങി. തുടർന്ന് അടിയന്തിരാവസ്ഥ നാൾ മുതൽക്ക് ഇതുവരേയും രാജ്യം ദുരന്ത ഭൂമിയായി നിലനിൽക്കുകയാണ്. കാര്യകാരണങ്ങൾക്ക് അവകാശികളും , വാദങ്ങളും ഉണ്ടെങ്കിലും ഭീകരത വാനോളം ഉയരുകയാണ്.
സ്വാതന്ത്ര്യ സമരത്തിലെ പങ്കാളികളായി ഇന്ന് ശേഷിച്ചിരിക്കുന്നവർ രാജ്യത്തിന്റെ പാളം തെറ്റൽ കണ്ട് അസ്വസ്ഥമാവുകയാണ്. യുവതലമുറയാകട്ടെ കാര്യങ്ങളുടെ പോക്ക് ശരിയായ ദിശയിലല്ലെന്നും നിരീക്ഷിച്ച് വഴി മാറുന്ന അവസ്ഥയുമാണ്.
ചിന്തിക്കാത്ത, പ്രതികരിക്കാത്ത ജനതയെ വളർത്തുക എന്ന കിടിലൻ തന്ത്രമാണ് എക്കാലവും ലോകത്താകമാനം ഭരണകൂടങ്ങളും , നവമുതലാളിത്ത ലോകവും ചെയ്തു കൊണ്ടിരിക്കുന്നത്.
ജനങ്ങൾ മിക്കവരും ജീവിക്കുന്നത് ഓർമ്മയും ഭാവനയും ചേർന്ന ഒരു മിശ്രിതം ശ്വസിച്ചു കൊണ്ടാണ്. അതിനാൽ തന്നെ ഇവിടെ സ്വാതന്ത്ര്യവും പൗരാവകാശവും വഴി തെറ്റാനും, തെറ്റിക്കാനും കൂടുതൽ സഹായകരമാകുന്നു.
മാധ്യമ ചരക്ക്.
ലോകത്തിന്റെ അരുതായ്മകളെ തുറന്നു കാട്ടാൻ മാധ്യമങ്ങളാണ് സഹായകരം. എന്നാൽ പ്രധാന മാധ്യമങ്ങൾ വിവരകേന്ദ്രങ്ങളല്ല, മറിച്ച് ചരക്കുകളുടെ വിപണനത്തിനുള്ള മാർക്കറായി മാറിയിരിക്കുകയാണ്. പരസ്യങ്ങളത്രയും വ്യാപാര നേട്ടം മാത്രം ലക്ഷ്യമിട്ടുള്ളതാണ്. പക്ഷെ ഇപ്പോൾ ആ ആശയം കാലഹരണപ്പെടലിന്റെ വക്കിലാണ്. ഈയവസ്ഥയിൽ മാധ്യമ രംഗത്ത് ജനങ്ങൾ എങ്ങിനെ ഇടപെടുമെന്ന് നാം തിരിച്ചറിയേണ്ടതും, പ്രവർത്തന നിരതരാകണമെന്നും അറിയുക. ഇവിടെയാണിപ്പോഴത്തെ നവമാധ്യമങ്ങളുടെ പ്രസക്തി എടുത്തു പറയേണ്ടത്. ലാഭത്തിനു വേണ്ടി മുതലാളിത്തം സകല ജീവിത പശ്ചാത്തലവും കീശ വീർപ്പിക്കും വിധത്തിലാക്കിയിരിക്കുകയാണിന്ന്. മുതലാളിത്തം ഒരുക്കുന്ന ലാഭ കെണി വിവരണാധീതവും, അത്യന്തം അപകടകരവുമാണ്.സാക്ഷാൽ കാറൽ മാർക്സ് രേഖപ്പെടുത്തിയതു പോലെ;’ ലാഭത്തിനു വേണ്ടി തങ്ങളെ തന്നെ തൂക്കി വിൽക്കാനുള്ള തന്ത്രം മെനഞ്ഞെടുക്കും.’ എന്നത് ഓർക്കപ്പെടേണ്ടതാണ്.
കൂവലെങ്കിലും വേണം.
യുദ്ധവും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളും ലോകത്തെ ഭസ്മികരിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും നമുക്ക് നിശ്ബ്ദരായിരിക്കാൻ പറ്റുന്നതെന്തുകൊണ്ടാണെന്നത് പിടികിട്ടാ ചോദ്യമാണ്. ഒതുക്കി പറഞ്ഞാൽ വീടുകളിൽ നിന്നും ബഹിരാകാശം വരെ നടക്കുന്ന അരുതായ്മകൾക്കെതിരെ ഒന്ന് കൂവി പ്രതിഷേധിക്കാനെങ്കിലും ഉള്ള കരുത്ത് പുതു സമൂഹത്തിന് ഉണ്ടായെ പറ്റൂ. അത്തരത്തിൽ ഇടപെടേണ്ട വലിയ സന്ദർഭമാണിപ്പോൾ. അവിടെ ഒരു പിന്മാറ്റം ഉണ്ടായാൽ നാം ജീവിച്ചതിന് യാതൊരു അർത്ഥവുമില്ലാത്ത സ്ഥിതിയാണെന്ന് തിരിച്ചറിഞ്ഞേ പറ്റൂ. അതിനാൽ എവിടെ ആപത്തിന്റെ നിഴൽ കണ്ടാലും അതിനെതിരെ ഒന്ന് ആഞ്ഞടിക്കാനുള്ള ആർജ്ജവം നമ്മൾ ഉണ്ടാക്കിയെ പറ്റൂ.എന്നാലെ ജീവിതത്തിൽ നമ്മൾ നല്ലത് എന്തെങ്കിലും ചെയ്തു എന്ന അടയാളമിവിടെ ശേഷിക്കുകയുള്ളൂ.

