Home Keralaഅവയവ ദാന തട്ടിപ്പ് കേസ്; മുഖ്യപ്രതി നജീബ് ഡല്‍ഹിയില്‍ പിടിയില്‍

അവയവ ദാന തട്ടിപ്പ് കേസ്; മുഖ്യപ്രതി നജീബ് ഡല്‍ഹിയില്‍ പിടിയില്‍

by news_desk1
0 comments

കൊച്ചി: അവയവ ദാനത്തിനായി വ്യാജരേഖകള്‍ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ പൊലീസ് ഡല്‍ഹിയില്‍നിന്ന് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഗാസിയാബാദില്‍വെച്ചാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അവയവ ദാന റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് കാസര്‍കോട് സ്വദേശിയായ നജീബാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതിയെ ഉടന്‍ കേരളത്തിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിന് വിധേയനാക്കും. നജീബിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവില്‍ വ്യാപകമായ അവയവ വില്‍പ്പന നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിദേശ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പെടെ കേസിന്റെ രാജ്യാന്തര കണ്ണികള്‍ അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഏജന്റുമാരായ കല്ലുംതാഴം വലിയമാടം ശ്രീജയും പട്ടത്താനം ലത്തീഫ് മന്‍സിലില്‍ സുധീറും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരില്‍നിന്ന് വ്യാജ ആധാര്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തു. ഇവരുടെ നിര്‍ദേശപ്രകാരം സാമ്പത്തിക ലാഭത്തിനായി അവയവം ദാനം ചെയ്ത വിനോദ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാജ രേഖകളുടെ സഹായത്തോടെ അവയവ ദാനം നടത്തിയവരെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. കേസില്‍ ഇതുവരെ നജീബിന്റെ ഭാര്യയടക്കം ഒന്‍പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മൂന്നു വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജരേഖകളുടെ സഹായത്തോടെ അവയവ വില്‍പ്പന നടത്തിയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അവയവം നല്‍കാന്‍ തയ്യാറുള്ളവരെ കണ്ടെത്തുകയും ദാനത്തിന് ആവശ്യമായ സമ്മതപത്രങ്ങള്‍, സത്യവാങ്മൂലങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വ്യാജമായി നിര്‍മിക്കുകയും ചെയ്തതാണ് പ്രതികളുടെ പ്രധാന പ്രവര്‍ത്തനം.

പൊലീസ്, തദ്ദേശ സ്ഥാപനങ്ങള്‍, ഡോക്ടര്‍മാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ ലെറ്റര്‍പാഡുകള്‍ ഉള്‍പ്പെടെ നിരവധി വ്യാജരേഖകള്‍ സംഘം നിര്‍മിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. മെഡിക്കല്‍ ലാബുകളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ള നിരവധി വ്യാജ രേഖകള്‍ നടത്തിയ റെയ്ഡുകളില്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

You may also like