കൊച്ചി: കോതമംഗലം എം.എ. കോളേജിൽ അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ കണ്ടു. വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു.
ഇയർ ബാക്ക് സംവിധാനം ഒഴിവാക്കാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചിരുന്നെങ്കിലും ഓട്ടോണമസ് പദവിയുള്ള എം.എ. കോളേജ് അതിന് തയ്യാറായിട്ടില്ലെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. മന്ത്രി എന്ന നിലയിൽ ഇക്കാര്യം കോളേജ് അധികൃതരോട് അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ എം.എ. കോളേജിൽ മാത്രം ഇത് 22 ആക്കിയതാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപാഠികളുടെ ആരോപണം. മരിച്ച അരുണാചൽ സ്വദേശിയായ മിർചി മിർപുപിനെ ഒന്നര മാസത്തോളം ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു.
മിർചി മിർപുപിന്റെ രക്ഷിതാക്കൾ എത്തിയശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. വിഷയത്തിൽ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
