കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ 12 വയസ്സുകാരൻ ബിലാൽ സൈക്കിളിൽ കന്നേറ്റി കായൽക്കര വരെ എത്തിയതായി സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് കുട്ടി സൈക്കിളിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കന്നേറ്റി കായലിന് സമീപം സ്ഥാപിച്ച മറ്റൊരു ക്യാമറയിലും കുട്ടിയുടെ ദൃശ്യങ്ങൾ ലഭിച്ചു.
ഇതോടെ ബിലാൽ സൈക്കിളിൽ കായൽക്കര വരെ എത്തിയെന്ന കാര്യത്തിൽ വ്യക്തതയായി. കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയ കന്നേറ്റി കായലിന് സമീപം ഫയർഫോഴ്സും പൊലീസും ഇന്നും തിരച്ചിൽ തുടരുകയാണ്.
കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് കാണാതായ ബിലാൽ. വീട്ടിൽ നിന്ന് കളിക്കാനായി പുറത്തുപോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കുട്ടിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഫയർഫോഴ്സും പൊലീസും കായലിൽ പരിശോധന തുടരുകയാണ്.
