Home Keralaമുഖ്യമന്ത്രി ആര്?; കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നു, ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

മുഖ്യമന്ത്രി ആര്?; കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നു, ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

by news_desk1
0 comments

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ അന്തിമ പ്രഖ്യാപനത്തിനായി സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുത്ത നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലും ഒറ്റപ്പേരില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി കൂടുതല്‍ ചര്‍ച്ചകളില്ലെന്നും അന്തിമ പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂവെന്നും നേതാക്കള്‍ വ്യക്തമാക്കി. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന.

ശനിയാഴ്ച വൈകിട്ട് ഖര്‍ഗെയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയ ഹൈക്കമാന്‍ഡ് പിന്നീട് സംയുക്ത ചര്‍ച്ചയും നടത്തി. മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ എംഎല്‍എമാരുടെ പിന്തുണയ്ക്കാണ് പ്രധാന പരിഗണന നല്‍കിയതെന്നാണ് ചര്‍ച്ചയില്‍നിന്നുള്ള സൂചന.

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചതെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. എംഎല്‍എമാരുടെ വികാരമാണ് സംസ്ഥാനത്തിന്റെ വികാരമെന്നും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചതെന്നും കെ സി വേണുഗോപാല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

അതേസമയം വി ഡി സതീശന്‍ തന്റെ അതൃപ്തി രാഹുല്‍ ഗാന്ധിയെ നേരില്‍ അറിയിച്ചതായാണ് വിവരം. കെ സി വേണുഗോപാലിനെ പരിഗണിക്കുകയാണെങ്കില്‍ പറവൂര്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാമെന്ന നിലപാടും സതീശന്‍ മുന്നോട്ടുവെച്ചതായാണ് സൂചന. സീനിയോരിറ്റി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തലയും നിലകൊണ്ടത്.

മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശന് അനുകൂലമാണെന്ന കാര്യം ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്തെങ്കിലും ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി തീരുമാനം എടുക്കാനാവില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്. അത്തരമൊരു തീരുമാനം മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയും ഹൈക്കമാന്‍ഡ് പങ്കുവെച്ചു.

ഇതിനിടെ കെ സി വേണുഗോപാലിന് അനുകൂലമായി തീരുമാനം എത്തിയെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വി ഡി സതീശന്‍ അനുകൂലികളുടെ പ്രതിഷേധം ഉയര്‍ന്നു. ഇടുക്കി അടിമാലിയിലും കോഴിക്കോട് ഉള്ള്യേരിയിലും പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ ധര്‍ണകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.

ആദ്യഘട്ടത്തില്‍ വൈകിട്ട് പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ചര്‍ച്ചകള്‍ നീണ്ടതോടെ തീരുമാനം മാറ്റിവെക്കുകയായിരുന്നു. ഒടുവില്‍ നേതാക്കള്‍ ഖര്‍ഗെയുടെ വസതിയില്‍നിന്ന് പുറത്തുവന്നതിന് പിന്നാലെ പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന കാര്യം എഐസിസി നേതൃത്വം അറിയിച്ചു.

തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ പ്രവര്‍ത്തകരോട് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനും സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും അഭ്യര്‍ഥിച്ചു. നേതാക്കളുടെ കടുത്ത നിലപാടുകള്‍ രാഹുല്‍ ഗാന്ധിയില്‍ അതൃപ്തിയുണ്ടാക്കിയതായും അതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് നേതാക്കളും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടതെന്നും ദേശീയ നേതൃത്വവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

You may also like