കണ്ണൂർ: അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ പദ്ധതി അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.എം. ഷാജി. എന്നാൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുമ്പോൾ തനിക്ക് മാത്രമായി ഒരു കാര്യവും തീരുമാനിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് ടോക്ക് പരിപാടിയിലായിരുന്നു ഷാജിയുടെ പ്രതികരണം.
പിഎം ശ്രീ വിഷയത്തിൽ കെ.എം. ഷാജിയുടെ നിലപാട് ഏറെ ചർച്ചയായിരുന്നു. അധികാരത്തിലേറും മുമ്പ് പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നായിരുന്നു ഷാജി പറഞ്ഞിരുന്നത്. എന്നാൽ മന്ത്രിയായ ശേഷം നിലപാട് മാറ്റിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് മാറ്റത്തെ ഷാജി ന്യായീകരിച്ചത്.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക.
കെ.സി. വേണുഗോപാലിന്റെ വിമർശനം
പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ഒളിയമ്പുമായി കെ.സി. വേണുഗോപാലും രംഗത്തെത്തിയിരുന്നു. പദ്ധതിയിലൂടെ സംസ്ഥാനത്തിന് ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടാൻ പോകുന്നുവെന്നത് പർവതീകരിച്ച കണക്കാണെന്ന് അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിന് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് പിഎം ശ്രീ പദ്ധതിയിലൂടെ ലഭിച്ചത് 700 കോടി രൂപ മാത്രമാണെന്നും കർണാടകയ്ക്ക് ലഭിച്ചത് 238 കോടി രൂപ മാത്രമാണെന്നും കണക്കുകൾ വിശദീകരിച്ച് കെ.സി. വേണുഗോപാൽ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ലെന്നും ഉപസമിതി റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വി.ഡി. സതീശന്റെ വിവാദ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് ബാലിശമായ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ മറുപടി.
