Home Nationalസംസ്ഥാനത്തെ ക്രമസമാധാന നില കേന്ദ്രത്തെ ധരിപ്പിക്കും; മുഖ്യമന്ത്രി വി. ഡി. സതീശൻ – അമിത് ഷാ കൂടിക്കാഴ്ച ഇന്ന് വൈകീട്ട്

സംസ്ഥാനത്തെ ക്രമസമാധാന നില കേന്ദ്രത്തെ ധരിപ്പിക്കും; മുഖ്യമന്ത്രി വി. ഡി. സതീശൻ – അമിത് ഷാ കൂടിക്കാഴ്ച ഇന്ന് വൈകീട്ട്

by news_desk
0 comments

ന്യൂഡൽഹി: മുഖ്യമന്ത്രി വി. ഡി. സതീശനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് നടക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെയും ക്രമസമാധാന നിലയുടെയും പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിക്കുമെന്നാണ് വിവരം. ഇഡി റെയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഇതുവരെ മാധ്യമങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ ഡൽഹിയിലെ കേരള ഹൗസിൽ വിശ്രമിക്കുന്ന മുഖ്യമന്ത്രി അഞ്ചരയോടെയാകും ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് തിരിക്കുക.

ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസായ സേവാതീർത്ഥിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദിയുമായി വി. ഡി. സതീശൻ നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്. തുടർന്ന് ഉച്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായും അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. രാഷ്ട്രീയ സാഹചര്യങ്ങൾക്ക് പുറമെ കേരളത്തിന്റെ വികസന പദ്ധതികളും കൂടിക്കാഴ്ചയിൽ പ്രധാന അജണ്ടയാകും. വിവിധ ജനക്ഷേമ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് സംസ്ഥാനത്തിന് കേന്ദ്ര സഹായം അനിവാര്യമാണ്. റെയിൽവേ വികസനം, പ്രമുഖ തുറമുഖ പദ്ധതികൾ, എയിംസ് (AIIMS), മെട്രോ റെയിൽ വിപുലീകരണം തുടങ്ങി കേന്ദ്രാനുമതിയോടെയും ധനസഹായത്തോടെയും നേടിയെടുക്കേണ്ട നിരവധി ആവശ്യങ്ങൾ കേരളത്തിനുണ്ട്. ഇത്തരം വൻകിട വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം കേന്ദ്രവുമായി സഹകരിച്ച് വികസന കാര്യങ്ങളിൽ വേഗത കൂട്ടാനുള്ള നീക്കമായാണ് ഈ ഡൽഹി യാത്രയെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

You may also like