Home Education/Careerആകർഷക ശമ്പളവും ആനുകൂല്യങ്ങളും; യുഎഇയിൽ മലയാളി വനിതകൾക്ക് അവസരം, 50 അസിസ്റ്റന്റ് നഴ്സ് ഒഴിവുകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്

ആകർഷക ശമ്പളവും ആനുകൂല്യങ്ങളും; യുഎഇയിൽ മലയാളി വനിതകൾക്ക് അവസരം, 50 അസിസ്റ്റന്റ് നഴ്സ് ഒഴിവുകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്

by news_desk1
0 comments

തിരുവനന്തപുരം: യുഎഇയിലെ ഹോം കെയർ മേഖലയിലേക്ക് വനിതാ അസിസ്റ്റന്റ് നഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് വഴിയാണ് സൗജന്യ റിക്രൂട്ട്മെന്റ് നടത്തുന്നത്. ആകെ 50 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്.

ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആശുപത്രി, ക്ലിനിക്, അല്ലെങ്കിൽ ഹോം കെയർ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള 20 മുതൽ 40 വയസ്സ് വരെയുള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 3,500 ദിർഹം ശമ്പളം ലഭിക്കും. ഇതിന് പുറമെ ഓവർടൈം ആനുകൂല്യങ്ങളും ലഭ്യമാകും.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെയോ ദുബായ് ഹെൽത്ത് അതോറിറ്റിയുടെയോ ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഡാറ്റാഫ്ലോ നടപടിക്രമം പൂർത്തിയാക്കിയവർക്കും നിലവിൽ അതിന്റെ നടപടികൾ തുടരുന്നവർക്കും മുൻഗണന ലഭിക്കും. ലൈസൻസ് ഇല്ലാത്തവർ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ലൈസൻസ് നേടിയാൽ മതിയാകും.

അപേക്ഷകർക്ക് കുറഞ്ഞത് അഞ്ച് അടി ഉയരം ഉണ്ടായിരിക്കണം. ബോഡി മാസ് ഇൻഡക്സ് കണക്കാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാനുള്ള കഴിവിനൊപ്പം ട്രാക്കിയോസ്റ്റമി കെയർ, കത്തീറ്റർ കെയർ, ബെഡ്സോർ പ്രതിരോധം, എൻജിടി/പിഇജി വഴിയുള്ള ഫീഡിങ് എന്നിവയിൽ പ്രാവീണ്യവും നിർബന്ധമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്പനി വക സൗജന്യ താമസ സൗകര്യവും ജോലിസ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യവും ലഭിക്കും. താമസ സ്ഥലത്തെ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങിയ ചെറിയ തോതിലുള്ള ബില്ലുകൾ ഏകദേശം 100 മുതൽ 150 ദിർഹം വരെ താമസിക്കുന്നവർ പങ്കിട്ടെടുക്കേണ്ടതാണ്. കൂടാതെ രണ്ട് വർഷത്തെ എംപ്ലോയ്മെന്റ് വിസയും സൗജന്യ മെഡിക്കൽ ഇൻഷുറൻസും ഉറപ്പുനൽകുന്നു.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പുതുക്കിയ ബയോഡാറ്റ, പാസ്പോർട്ട് കോപ്പി, നഴ്സിങ് സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഒഡെപെക്കിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ ‘Assistant Nurse to UAE’ എന്ന് കൃത്യമായി രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ അപ്ഡേറ്റുകൾക്കുമായി ഒഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

You may also like