മിമിക്രി വേദികളിലൂടെ സിനിമയിലെത്തി മലയാള സിനിമയിൽ സ്വന്തമായ ഇടം നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇന്ന് തമിഴ് ഉൾപ്പെടെയുള്ള ഇതരഭാഷാ സിനിമകളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് മുന്നേറുകയാണ് താരം. ഏത് കഥാപാത്രവും തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ കഴിയുന്ന സുരാജ്, മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ രസകരമായ അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആനന്ദ് ടിവി ഫിലിം അവാർഡ് വേദിയിലാണ് സുരാജ് മമ്മൂട്ടിയോട് പരസ്യമായി സിനിമയിൽ അവസരം ചോദിച്ചത്. കുറച്ചുകാലമായി ഇരുവരും ഒന്നിച്ച് സിനിമ ചെയ്തിട്ടില്ലെന്നും ചെറിയൊരു വേഷമാണെങ്കിലും ചെയ്യാൻ തയ്യാറാണെന്നും സുരാജ് പറഞ്ഞു.
സുരാജ് വെഞ്ഞാറമൂടിന്റെ വാക്കുകൾ ഇങ്ങനെ:
“മമ്മൂക്കയോട് പബ്ലിക്കായി ഒരു കാര്യം പറയാനുണ്ട്. ഇത്രയും ആളുകളുടെ മുന്നിൽ വച്ച് പറഞ്ഞില്ലെങ്കിൽ ശരിയാവില്ല. മമ്മൂക്കയും ഞാനും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ കുറച്ചുകാലങ്ങളായി ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞ് ഇടയ്ക്ക് ഫോൺ വിളിച്ച് ഓർമ്മിപ്പിക്കാറുണ്ട്.
അടുത്തിടെ അദ്ദേഹം വിളിച്ച് ഒരു വേഷമുണ്ടെന്ന് പറഞ്ഞു. ഞാൻ ഭയങ്കര സന്തോഷത്തിലായി. ആവേശത്തിൽ ഞാൻ പറഞ്ഞു, മമ്മൂക്കയും ഞാനും കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന വേഷം തന്നെ വേണമെന്ന്. അപ്പോൾ മമ്മൂക്ക ചോദിച്ചു, ‘കട്ടയ്ക്ക് നിൽക്കാൻ നീയാര് മോഹൻലാലാ?’
ഒരു വേഷമുണ്ട്, വന്ന് വേണമെങ്കിൽ ചെയ്യ്. പിന്നെ എന്റെ സിനിമയാണെന്ന് കരുതി അധികം പ്രതിഫലം പ്രതീക്ഷിക്കണ്ട. ചെറിയൊരു കമ്പനിയാണ് നിർമിക്കുന്നതെന്നും മമ്മൂക്ക പറഞ്ഞു. ഞാൻ ചോദിച്ചു, ഏതാണ് ആ കമ്പനിയെന്ന്. അപ്പോൾ മമ്മൂട്ടി കമ്പനി എന്നായിരുന്നു മറുപടി.
മമ്മൂട്ടി കമ്പനി ചെറിയ കമ്പനിയാണോ? നിങ്ങൾ മനസിലാക്കണം, ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കാൾ വലിയ കമ്പനിയാണ് മമ്മൂട്ടി കമ്പനി. അത് ഇങ്ങനെ വളർന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും പബ്ലിക്കായിട്ട് ഞാൻ ചാൻസ് ചോദിച്ചിരിക്കുകയാണ്. ഏത് ചെറിയ വേഷമാണെങ്കിലും ഞാൻ ചെയ്യും.”
സുരാജിന്റെ രസകരമായ വാക്കുകൾക്ക് വേദിയിലും സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

