തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെങ്കിലും, അതിനായി ബജറ്റിൽ ആകെ 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നതെന്ന് വീണ ജോർജ് ആരോപിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 8700 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയെന്ന് അവർ ചൂണ്ടിക്കാട്ടി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാർഡുള്ള ഓരോ കുടുംബത്തിനും വർഷംതോറും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്നു. 42.5 ലക്ഷം കുടുംബങ്ങൾക്കാണ് ആരോഗ്യ പരിരക്ഷാ കാർഡ് ഉണ്ടായിരുന്നത്.
ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ സൗജന്യ ചികിത്സയ്ക്കായി 900 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ വകയിരുത്തിയിരുന്നത്. എന്നാൽ നിലവിലെ യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ 700 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. എൽഡിഎഫ് വകയിരുത്തിയ തുകയേക്കാൾ 200 കോടി രൂപയുടെ കുറവാണിതെന്നും, 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നടപ്പാക്കണമെങ്കിൽ ഇതിന്റെ പലമടങ്ങ് തുക മാറ്റിവയ്ക്കേണ്ടതുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി.
സൗജന്യ ചികിത്സയ്ക്കായി നിലവിൽ അനുവദിച്ചിരിക്കുന്ന തുക കുറച്ചത് ആശങ്ക സൃഷ്ടിക്കുന്നതാണെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണ ജനങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അവർ പറഞ്ഞു.
ആൻജിയോപ്ലാസ്റ്റി, സങ്കീർണ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചെലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് ആളുകൾക്ക് സഹായമായ സൗജന്യ ചികിത്സാ പദ്ധതി തുടരണമെന്ന് വീണ ജോർജ് ആവശ്യപ്പെട്ടു. ഈ പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകണമെന്നും ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം എൽഡിഎഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണെന്നും അവർ വിമർശിച്ചു.

